പൾസർ സുനിയുടെ റിമാൻഡ് ഈ മാസം 18 വരെ നീട്ടി
text_fieldsഅങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽകുമാർ ഉൾപ്പെെട ഏഴ് പ്രതികളുടെ റിമാൻഡ് അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജൂലൈ 18 വരെ നീട്ടി. പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളുടെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. കൂടുതൽ ചോദ്യം ചെയ്യലിന് തുടർന്നും കസ്റ്റഡിയിൽ വേണമെന്ന പൊലീസിെൻറ ആവശ്യം അംഗീകരിച്ച് റിമാൻഡ് നീട്ടുകയായിരുന്നു.
സുനിയെ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങളാണ് കോടതിയിലും പരിസരത്തും അരങ്ങേറിയത്. രാവിലെ 10.20ന് വന്‍ സുരക്ഷ വലയത്തില്‍ കാക്കനാട് ജില്ല ജയിലില്‍നിന്നാണ് സുനിയെ എത്തിച്ചത്. കൂട്ടുപ്രതികളായ ബിജീഷ്, മാര്‍ട്ടിന്‍, മണികണ്ഠന്, വടിവാള്‍ സലിം, ചാര്‍ളി, പ്രദീപ് എന്നിവരെ ആലുവ സബ് ജയിലില്‍നിന്നും കൊണ്ടുവന്നു. സുനി കാറിലും മറ്റ് പ്രതികൾ പൊലീസ് വാനിലുമായിരുന്നു. പ്രതികളെ ഹാജരാക്കുന്നതറിഞ്ഞ് എത്തിയവരെയും മാധ്യമപ്രവർത്തകരെയുംകൊണ്ട് കോടതി പരിസരം തിങ്ങിനിറഞ്ഞിരുന്നു. മാധ്യമങ്ങളുമായി സുനി സംസാരിക്കുന്നത് ഒഴിവാക്കാൻ പൊലീസ് പരമാവധി ശ്രമിച്ചു. പതിവിന് വിപരീതമായി കോടതിവളപ്പിലേക്ക് വാഹനം കയറ്റിനിര്‍ത്തിയാണ് പ്രതികളെ പുറത്തിറക്കിയത്.
സുനിയുടെ കേസ് വാദിക്കുന്നതിനെചൊല്ലി അഭിഭാഷകര്‍ തമ്മിലെ വാക്പോരിനും കോടതി സാക്ഷിയായി. വക്കാലത്ത് ബി.എ. ആളൂരിനെ ഏൽപ്പിക്കുന്നതുസംബന്ധിച്ച അപേക്ഷ സുനി കോടതിയിൽ സമർപ്പിച്ചപ്പോൾ നേരേത്ത വക്കാലത്ത് ഏറ്റെടുത്തിരുന്ന സി.പി. ടെനി എതിര്‍ത്തു. പ്രതിയെ ജയിലിൽ സന്ദർശിച്ച് വക്കാലത്ത് ഏറ്റെടുക്കുന്നത് കേട്ടുകേൾവി ഇല്ലാത്തതാണെന്നായിരുന്നു അദ്ദേഹത്തിെൻറ വാദം. കേസിെൻറ സുപ്രധാന ഘട്ടത്തില്‍ വക്കാലത്ത് അംഗീകരിക്കരുതെന്നും ടെനി ആവശ്യപ്പെട്ടു.
എന്നാല്‍, വക്കാലത്ത് ഏറ്റെടുത്തശേഷം അഭിഭാഷകന്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ആളൂർ കുറ്റപ്പെടുത്തി. കോടതിയില്‍ അഭിഭാഷകര്‍ നോക്കിനില്‍ക്കെ സുനിക്ക് പൊലീസ് മർദനമേറ്റിട്ടും വക്കാലത്ത് ഏറ്റെടുത്തയാൾ അറിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ, തർക്കത്തിൽ ഏർപ്പെട്ട ആളൂരിനെ കോടതിയിൽ അനാവശ്യ കാര്യങ്ങൾ പറയരുതെന്ന് മജിസ്ട്രേറ്റ് ലീന റിയാസ് താക്കീത് ചെയ്തു. തുടര്‍ന്ന്, ആളൂരിെൻറ വക്കാലത്ത് അംഗീകരിക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട വിസ്താരത്തില്‍ അര മണിക്കൂറിലധികം വക്കാലത്ത് മാറുന്നതിനെ ചൊല്ലിയായിരുന്നു. തുടർന്ന്, 40 മിനിറ്റോളം പ്രതികളെ വിസ്തരിച്ചശേഷം സുനിയുടെ ചികിത്സയില്‍ വീഴ്ച സംഭവിച്ചതിനെക്കുറിച്ചും വാദം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.