ലാലേട്ടാ ലാ ലാ; പിന്തുണയുമായി ചലച്ചിത്ര താരങ്ങൾ
text_fieldsഅമ്മ പ്രസിഡന്‍റും നടനുമായ മോഹൻലാലിനെ പിന്തുണച്ച് ചലച്ചിത്ര രംഗത്തെ ഒരു വിഭാഗം രംഗത്ത്. ഫേസ്ബുക്കിലിട്ട ട്രോളുകളിലൂടെയാണ് ലാലിനെ പിന്തുണച്ചും അദ്ദേഹത്തിനെതിരായ നീക്കങ്ങളെ പരിഹസിച്ചും നടൻമാരും സംവിധായകരും രംഗത്തെത്തിയത്. നടൻമാരായ അജു വർഗീസ്, ഹരീഷ് പേരടി, സംവിധായകരായ അരുൺ ഗോപി, മേജർ രവി, സാജിദ് യഹ്യ, സന്തോഷ് പണ്ഡിറ്റ് എന്നിവരാണ് ഫേസ്ബുക്കിലൂടെ പ്രതികരണമറിയിച്ചത്.
'സ്ഫടികം' എന്ന ചിത്രത്തിലെ ആടുതോമയെന്ന കഥാപാത്രം പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുന്ന രംഗമാണ് അജു വർഗീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ചന്ദ്രലേഖ' എന്ന ചിത്രത്തിൽ ഗ്ലാസിനപ്പുറത്ത് നിന്ന് മാമുക്കോയയുടെ കഥാപാത്രം പലതും പറയാൻ ശ്രമിക്കുന്നതും ഇത് കാണാതെ ലാൽ സിഗരറ്റ് വലിക്കുന്ന രംഗവുമാണ് സംവിധായകൻ അരുൺ ഗോപിയുടെ പോസ്റ്റ്. ഇതിന് 'ലാലേട്ടാ ലാ ലാ' എന്ന് തലക്കെട്ടും നൽകിയിട്ടുണ്ട്.
മോഹന്‍ലാലിനെ കേന്ദ്രീകരിച്ചുള്ള ആക്രമണം കുറച്ചുനാളായി തുടങ്ങിയിട്ട്. എന്തു ചെയ്താലും എന്തുപറഞ്ഞാലും കുറ്റം! പലപ്പോഴും പ്രതികരിക്കാന്‍ തോന്നിയെങ്കിലും സംയമനം പാലിച്ചു. എന്തുപറയുമ്പോഴും അക്രമികള്‍ക്ക് ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ മുഖംമൂടിയുണ്ടായിരുന്നു. തുടക്കം മമ്മൂട്ടിക്ക് നേരെയായിരുന്നു, പിന്നെയായിരുന്നു മോഹന്‍ലാലിനെതിരെയുള്ള നീക്കം. താരസംഘടനയുടെ തീരുമാനത്തിന്‍റെ യാഥാര്‍ഥ്യംപോലും മനസ്സിലാക്കാതെ കാളപെറ്റുവെന്ന് പറഞ്ഞ് കയറെടുത്തവരാണ് ഇക്കൂട്ടരെന്നും മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു.
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമ കാണുന്നത്. പിന്നിടങ്ങോട്ട് T.P. ബാലഗോപാലൻ, വാനപ്രസ്ഥം നാടോടിക്കാറ്റ്, പഞ്ചാഗ്നി, അമൃതംഗമയ ദേവാസുരം, കീരിടം, തൂവാനതുമ്പികൾ...അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത മലയാളികളെ എന്നും വേട്ടയാടിക്കൊണ്ടിരിക്കുന്ന കഥാപാത്രങ്ങളെ സമ്മാനിച്ച ഒരു മനുഷ്യനെ ഒരു മഹാനടനെ ബഹിഷ്ക്കരിക്കാൻ സാംസ്കാരിക കേരളത്തിനാവില്ലെന്നാണ് നടൻ ഹരീഷ് പേരടിയുടെ പ്രതികരണം.
കേരളമേ ഇത്തരം കപട ബുദ്ധിജീവി പ്രസതാവനകൾക്ക് നേരെ നിങ്ങൾ പ്രതിഷേധിക്കേണ്ട സമയമാണിത്. പ്രിയപ്പെട്ട ചലച്ചിത്ര വിദ്യാർത്ഥികളെ നിങ്ങൾ ഈ നടനെ ബഹിഷ്ക്കരിച്ചാൽ പാഠപുസ്തകം കീറി കളയുന്നതു പോലെയാവുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.