പ്രശ്നപരിഹാരം തേടി ‘അമ്മ’; എക്സിക്യൂട്ടിവ് യോഗം ഇന്ന്
text_fieldsകൊച്ചി: ജനറൽ ബോഡി യോഗത്തിനുപിന്നാലെ ഉയർന്ന വിവാദങ്ങൾക്കും അഭിപ്രായഭിന്നതകൾക്കും പരിഹാരം തേടി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ നിർണായക യോഗങ്ങൾ ചൊവ്വാഴ്ച. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ച അംഗങ്ങളുമായാണ് ആദ്യ ചർച്ച. തുടർന്ന് പുതിയ ഭരണസമിതി ചുമതലയേറ്റശേഷമുള്ള ആദ്യ എക്സിക്യൂട്ടിവ് യോഗം ചേരും.
നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാന്‍ രണ്ടു വനിത അംഗങ്ങള്‍ ഹൈകോടതിയിൽ ഹരജി നൽകിയ പശ്ചാത്തലത്തിൽ കൂടിയാണ് ഉച്ചക്ക് രണ്ടിന് ഹോട്ടൽ അബാദ് പ്ലാസയിൽ യോഗം ചേരുന്നത്. ജൂണ്‍ 24ന് ചേര്‍ന്ന ജനറൽ ബോഡി യോഗത്തിലെ തീരുമാനങ്ങളാണ് സംഘടനക്ക് അകത്തും പുറത്തും വിവാദങ്ങൾക്ക് വഴിതെളിച്ചത്. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് പുറത്താക്കിയ ദിലീപിനെ യോഗത്തിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചു. ഇതിൽ പ്രതിഷേധിച്ച് ഭാവന, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവർ രാജിെവച്ചു.
വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി) അംഗങ്ങൾ കൂടിയായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവർ അമ്മക്ക് കത്തുനൽകി. ദിലീപിനെ തിരിച്ചെടുത്ത നടപടി പുനഃപരിശോധിക്കണം, അജണ്ടയിൽ ഇല്ലാത്ത വിഷയത്തിൽ സംഘടന സ്വീകരിച്ച നിലപാടുകളിൽ ആശങ്കയുണ്ട്, ചർച്ചക്ക് അവസരമൊരുക്കണം എന്നിവയായിരുന്നു കത്തിലെ ആവശ്യം. ഡബ്ല്യു.സി.സിയുമായി അമ്മ ചർച്ച നടത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും കത്തുനൽകിയവരുമായി മാത്രം മതിയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
ഇവർക്കൊപ്പം വിഷയത്തിൽ പ്രതികരിച്ച ജോയ് മാത്യു, ഷമ്മി തിലകന് എന്നിവരുമായും ചൊവ്വാഴ്ച ചർച്ച നടക്കും. നടി ആക്രമിക്കപ്പെട്ട കേസിൽ കക്ഷിചേരാൻ ഹണി റോസും രചന നാരായണൻകുട്ടിയുമാണ് ഹൈകോടതിയെ സമീപിച്ചത്. നടിക്കൊപ്പമെന്ന് അറിയിക്കാൻ അമ്മ എക്സിക്യൂട്ടിവ് അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു ഹരജിയെന്നാണ് സൂചന.
പ്രോസിക്യൂട്ടറെ മാറ്റണം എന്നതുൾപ്പെടെ ആവശ്യങ്ങൾ ഹരജിയിലുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലാത്ത ആക്രമിക്കപ്പെട്ട നടി എതിർപ്പുമായി രംഗത്തെത്തി. സർക്കാർ എതിർപ്പറിയിച്ചതിനുപിന്നാലെ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ഹരജിയിലെ ആവശ്യം അറിഞ്ഞിരുന്നില്ലെന്ന് ഹണി റോസും പ്രതികരിച്ചതോടെ സംഘടന വീണ്ടും സമ്മർദത്തിലായി. വനിത അംഗങ്ങളുടെ പരാതികൾക്കും ആരോപണങ്ങൾക്കും പരിഹാരം തേടുന്നതിനൊപ്പം ഹരജി പിൻവലിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും എക്സിക്യൂട്ടിവ് ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.