ദിലീപ് കുറ്റക്കാരനാണോ അല്ലേയാ എന്ന് തീരുമാനിച്ചിട്ടില്ല; ഡബ്ല്യു.സി.സിക്ക് അമ്മയുടെ മറുപടി
text_fieldsകൊച്ചി: ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായി എടുത്ത തീരുമാനങ്ങളുടെ പേരിൽ എല്ലാ കുറ്റവും മോഹൻലാലിെൻറ മാത്രം തലയിൽ കെട്ടിവെക്കുന്നത് ശരിയല്ലെന്ന് ട്രഷറർ ജഗദീഷ്. കുറ്റാരോപിതനായ ദിലീപ് അപരാധിയാണെന്നോ നിരപരാധിയാണെന്നോ ഉള്ള നിലപാട് സംഘടന എടുത്തിട്ടില്ലെന്നും ഡബ്ല്യുസിക്ക് മറുപടിയായി സംഘടനയുടെ ഒൗദ്യോഗിക വക്താവ് എന്ന നിലയിൽ ജഗദീഷ് ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം എന്നതാണ് സംഘടനയുടെ ആവശ്യം. ദിലീപിനെ പുറത്താക്കാനുള്ള എക്സിക്യൂട്ടിവ് തീരുമാനം ശരിയായിരുന്നില്ലെന്ന നിലപാടാണ് ജനറൽ ബോഡി എടുത്തത്. കോടതി വിധി വരും മുമ്പ് പുറത്താക്കുന്നത് ശരിയല്ലെന്ന അഭിപ്രായത്തിനായിരുന്നു മുൻതൂക്കം. വിയോജിപ്പ് രേഖപ്പെടുത്തിയ രേവതി, പാർവതി, പത്മപ്രിയ എന്നിവരുമായി ചർച്ച നടത്തി. എക്സിക്യൂട്ടിവ് തീരുമാനം ജനറൽ ബോഡി റദ്ദാക്കിയത് വിദഗ്ധ നിയമോപദേശത്തിന് വിടാൻ ഇരുകൂട്ടരും തീരുമാനിച്ചു.
ജനറൽ ബോഡി വിളിച്ചുകൂട്ടി തീരുമാനം എടുക്കണം എന്നാണ് ‘അമ്മ’ക്ക് ലഭിച്ച നിയമോപദേശം. എന്നാൽ, രേവതിക്കും പാർവതിക്കും പത്മപ്രിയക്കും ലഭിച്ച ഉപദേശം എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് തീരുമാനിക്കാം എന്നായിരുന്നു. ‘അമ്മ’യിൽനിന്ന് രാജിെവച്ച നടിമാരെ തിരിച്ചെടുക്കുന്നതിൽ സന്തോഷമേയുള്ളുവെന്ന് മോഹൻലാൽ വ്യക്തമാക്കിയതാണ്. സ്നേഹത്തിെൻറയും സമന്വയത്തിെൻറയും പാതയിലൂടെ മുന്നോട്ട് പോകാമെന്ന് മൂന്ന് നടിമാർക്കും ഉറപ്പു നൽകിയതുമാണ്.
പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് പ്രളയം കേരളത്തെ ഗ്രസിച്ചത്. പിന്നീട് ‘അമ്മ’ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉൗന്നൽ നൽകി. എന്നാലും വൈകാതെ വിശേഷാൽ ജനറൽ ബോഡി യോഗം വിളിച്ചു കൂട്ടാമെന്ന് കരുതുന്നു. ചട്ടങ്ങൾക്കപ്പുറം, ധാർമികതയിലൂന്നി തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പ്രശ്നപരിഹാരത്തിനുള്ള സർക്കാർ ശ്രമങ്ങളെ പൂർണമായി പിന്തുണക്കുന്നതായും ജഗദീഷ് പത്രക്കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.