പതിവ് അജണ്ടകൾ; വിവാദങ്ങൾക്ക് വഴിയൊരുക്കാതെ ‘അമ്മ’
text_fieldsകൊച്ചി: വ്യാഴാഴ്ച കൊച്ചിയിൽ നടന്ന താരസംഘടനയായ ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ചർച്ചയായത് പതിവ് അജണ്ടകൾ. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളുടെയും വനിത താരങ്ങളുടെ കൂട്ടായ്മയായ വിമൻ കലക്ടീവ് ഇൻ സിനിമ (ഡബ്ല്യു.സി.സി) നിലവിൽ വന്നതിെൻറയും പശ്ചാത്തലത്തിൽ ചേരുന്ന യോഗത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, വിവാദങ്ങളിലേക്ക് കടക്കുകയോ അത്തരം ചർച്ചകൾക്ക് വഴിയൊരുക്കുകയോ ഉണ്ടായില്ല.
സംഘടനയിലെ അംഗമായ നടി ആക്രമിക്കപ്പെട്ട സംഭവം ഇത്രമാത്രം കോളിളക്കം സൃഷ്ടിച്ചിട്ടും യോഗം ചർച്ച ചെയ്യാതിരുന്നതിൽ ഒരു വിഭാഗം താരങ്ങൾക്ക് പ്രതിഷേധമുള്ളതായാണ് സൂചന. പ്രത്യേകിച്ച് വനിതാ താരങ്ങളുടെ കൂട്ടായ്മക്ക്. ആരെങ്കിലും ഉന്നയിച്ചാൽ മാത്രം ചർച്ച ചെയ്യപ്പെടേണ്ട വിഷയമല്ല ഇതെന്നാണ് അവരുടെ നിലപാട്. അംഗങ്ങളെ കൈവിടില്ലെന്ന് സംഘടനാ നേതൃത്വം ശക്തമായി പ്രഖ്യാപിക്കുേമ്പാൾ തന്നെയാണ് നടിയുടെ ദുരനുഭവം ചർച്ച ചെയ്യപ്പെടാതെ പോയത്. വിഷയം ചർച്ചയാകുമെന്ന് യോഗത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിച്ച ചില താരങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, വിഷയം യോഗത്തിൽ ഉന്നയിച്ചെങ്കിലും കാര്യമായി ചർച്ച ചെയ്യപ്പെട്ടില്ലെന്നാണ് നടി റീമ കല്ലിങ്കൽ പിന്നീട് പറഞ്ഞത്. അതേസമയം, ആരും വിഷയം ഉന്നയിച്ചില്ലെന്ന നിലപാടിലാണ് ‘അമ്മ’ നേതൃത്വം. നടി ആക്രമിക്കപ്പെട്ട വിഷയം യോഗത്തിൽ ശക്തമായി ഉന്നയിക്കുമെന്ന് ഡബ്ല്യു.സി.സി പ്രവർത്തക കൂടിയായ രമ്യ നമ്പീശനും പറഞ്ഞിരുന്നു. വിഷയം ചർച്ച ചെയ്തില്ലെന്ന് മാത്രമല്ല നടിക്കെതിരെ പരാമർശങ്ങൾ നടത്തിയ താരങ്ങളെ താക്കീത് ചെയ്യാൻ പോലും യോഗം തയാറായില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, സംവിധായകൻ വിനയെൻറ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് അംഗങ്ങൾക്ക് വിലക്കില്ലെന്ന് നേതൃത്വം യോഗത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.