നടപടിക്രമങ്ങൾ പാലിച്ചില്ല; ദിലീപ് ‘അമ്മ’യിൽ തിരിച്ചെത്തും
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്ന് മാറ്റിനിർത്തിയ നടൻ ദിലീപ് ‘അമ്മ’യിൽ തിരിച്ചെത്തുന്നു. ദിലീപിനെ പുറത്താക്കിയ സംഘടന നടപടി സാങ്കേതികമായി നിലനിൽക്കുന്നതല്ലെന്ന വിശദീകരണമാണ് താരത്തിന് തുണയാകുന്നത്. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. അതേസമയം, നിർവാഹകസമിതി യോഗത്തിനുശേഷമാകും അന്തിമ തീരുമാനം.
ദിലീപിനെതിരായ സംഘടന നടപടികളിൽ ചട്ടം പാലിച്ചില്ലെന്നാണ് പുതിയ വിശദീകരണം. 17 അംഗ നിർവാഹകസമിതിയിലെ എട്ടുപേർ ചേർന്ന യോഗമാണ് ദിലീപിനെതിരെ നടപടിയെടുത്തത്. അടിയന്തര സാഹചര്യങ്ങളിൽ അവയ്ലബിൾ കമ്മിറ്റി ചേർന്നാലും തീരുമാനങ്ങൾ അടുത്ത സമിതി യോഗത്തിൽ ചർച്ച ചെയ്ത് അക്കാര്യം വ്യക്തിയെ അറിയിച്ച് വിശദീകരണം ആവശ്യപ്പെടണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കാമെന്നാണ് സംഘടന ചട്ടം. എന്നാൽ, ഇത്തരം നടപടിക്രമങ്ങളൊന്നും പാലിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ദിലീപിനെ പുറത്താക്കിയ നടപടി സാങ്കേതികമായി നിലനിൽക്കുന്നതല്ലെന്നാണ് വാദമുയർന്നത്.
അംഗങ്ങളിൽ പലരും ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തി. നടപടിക്കെതിരെ ദിലീപിന് കോടതിയെ സമീപിക്കാമായിരുന്നെങ്കിലും അതുണ്ടായില്ലെന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെട്ടു. അതേസമയം, അജണ്ടയിലില്ലാത്ത വിഷയമായതിനാൽ അടുത്ത നിർവാഹകസമിതിയിൽ ഇക്കാര്യം ചർച്ച ചെയ്യാമെന്ന നേതൃത്വത്തിെൻറ അഭിപ്രായം അംഗങ്ങൾ അംഗീകരിക്കുകയായിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായതിന് പിന്നാലെയാണ് ട്രഷററായിരുന്ന ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്. കഴിഞ്ഞ ആഗസ്റ്റ് 11ന് ജനറൽ സെക്രട്ടറി മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അടിയന്തര നിർവാഹകസമിതി യോഗത്തിലായിരുന്നു തീരുമാനം. യുവതാരങ്ങളുടെ പരസ്യപ്രതികരണവും ചില വനിത സിനിമപ്രവർത്തകരുടെ ശക്തമായ നിലപാടുകളുമാണ് അത്തരമൊരു തീരുമാനത്തിന് വഴിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.