വ്യക്തമായ നിലപാട് വേണം; ‘അമ്മ’ക്കുമേൽ സമ്മർദം
text_fieldsകൊച്ചി: ദിലീപിെൻറ അംഗത്വം സംബന്ധിച്ചും വിമൻ ഇൻ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി) ഉന്നയിച്ച വിഷയങ്ങളിലും വ്യക്തമായ നിലപാടെടുത്ത് മുന്നോട്ടുപോകാൻ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ക്കുമേൽ സമ്മർദമേറുന്നു. സിദ്ദീഖും കെ.പി.എ.സി. ലളിതയും മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയത് അധികപ്രസംഗമാണെന്നും സംഘടനയിലെ മുതിർന്ന അംഗങ്ങളിൽതന്നെ ചിലർക്ക് അഭിപ്രായമുണ്ട്. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ചർച്ചചെയ്യേണ്ട കാര്യങ്ങൾപോലും സ്വന്തം അഭിപ്രായംപോലെ സിദ്ദീഖ് ഏകപക്ഷീയമായി മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചെന്നാണ് വിമർശനം.
ഡബ്ല്യു.സി.സി ഉന്നയിച്ച വിഷയങ്ങൾ സമവായത്തിലൂടെ പരിഹരിക്കാൻ അവസരമൊരുക്കണമെന്നും സംഘടനയുടെ കെട്ടുറപ്പും വിശ്വാസ്യതയും നിലനിർത്താൻ അത് ആവശ്യമാണെന്നും ശക്തമായി വാദിക്കുന്നവർ ‘അമ്മ’യിലുണ്ട്. സിദ്ദീഖും കെ.പി.എ.സി. ലളിതയും ഡബ്ല്യു.സി.സിക്ക് നൽകിയ മറുപടിക്ക് മൂർച്ച കൂടിപ്പോയെന്ന അഭിപ്രായമാണ് ഇവർക്ക്. ഉത്തരവാദിത്തപ്പെട്ടവർ അച്ചടക്കവാൾ ഉയർത്തിപ്പിടിച്ച് സംസാരിക്കുന്നത് പ്രശ്നങ്ങൾ സങ്കീർണമാകാനേ സഹായിക്കൂ എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പൊതുസമൂഹം ‘അമ്മ’യെ പ്രതിക്കൂട്ടിൽ നിർത്തി വിചാരണചെയ്യുന്ന സാഹചര്യം ഉരുത്തിരിഞ്ഞതിൽ പ്രസിഡൻറ് എന്ന നിലയിൽ മോഹൻലാലിനും കടുത്ത അതൃപ്തിയുണ്ട്. മോഹൻലാൽ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചതായി സൂചനയുണ്ടെങ്കിലും ‘അമ്മ’ ഭാരവാഹികൾ ഇക്കാര്യം നിഷേധിക്കുകയാണ്. ‘അമ്മ’യിൽനിന്ന് രാജിവെച്ചവർ തിരിച്ചുവരുന്നതിനോട് മോഹൻലാൽ അടക്കമുള്ളവർക്ക് എതിർപ്പില്ല. അതിന് എന്ത് നടപടിക്രമം വേണമെന്ന് എക്സിക്യൂട്ടിവ് തീരുമാനിക്കണം. എന്നാൽ, തിരിച്ചുവരാൻ നടിമാർ അപേക്ഷ നൽകണമെന്ന് അതിന് മുമ്പ് തന്നെ സിദ്ദീഖ് ഏകപക്ഷീയമായി പ്രഖ്യാപിച്ചത് ശരിയല്ലെന്നാണ് ഒരു വിഭാഗത്തിെൻറ വാദം. ആക്രമിക്കപ്പെട്ട നടിയടക്കം മാപ്പ് പറയണമെന്ന കെ.പി.എ.സി. ലളിതയുടെ ആവശ്യത്തെ അസംബന്ധമെന്നാണ് അമ്മയിലെ മുതിർന്ന അംഗം വിശേഷിപ്പിച്ചത്.
‘അമ്മ’യുടെ കാൽനൂറ്റാണ്ടത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്ര വലിയൊരു പ്രതിസന്ധി അഭിമുഖീകരിക്കുന്നത്. ചില നിലപാടുകൾ ദിലീപിനെ സംരക്ഷിക്കുകയാണെന്ന തോന്നലുണ്ടാക്കാൻ വഴിയൊരുക്കിയെന്നും വിഷയം കൈകാര്യം ചെയ്യുന്നതിൽ പൊതുസമൂഹത്തെ വിശ്വാസത്തിലെടുക്കാൻ സംഘടനക്ക് കഴിഞ്ഞില്ലെന്നും അഭിപ്രായപ്പെടുന്ന അംഗങ്ങളുണ്ട്.
വിഷയത്തിൽ വ്യക്തമായ നിലപാടും തീരുമാനങ്ങളുമില്ലാതെ ഇനി സംഘടനക്ക് മുന്നോട്ടുപോകാനാവില്ലെന്നാണ് ഇവരുടെ നിലപാട്. സർക്കാറിെൻറ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ‘അമ്മ’ക്കുമേൽ സമ്മർദമുണ്ട്. സാേങ്കതികത്വം മാറ്റിനിർത്തി പൊതുസമൂഹത്തിന് ബോധ്യപ്പെടുന്ന തീരുമാനങ്ങൾ വേണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.