കലാകാരെൻറ രാഷ്ട്രീയജീവിതം പകർത്തി വെദയുടെ അവസാന ചിത്രം
text_fieldsതിരുവനന്തപുരം: ഈയിടെ അന്തരിച്ച പ്രശസ്ത പോളിഷ് സംവിധായകൻ ആന്ദ്രെ വെദയുടെ അവസാന ചിത്രം ആഫ്റ്റർ ഇമേജ് ഭരണകൂടത്തോടു പൊരുതുന്ന കലാകാരെൻറ സഘർഷ ജീവിതം വരച്ചിടുന്നു. പോളിഷ് ചിത്രകലയുടെ നവോത്ഥാന നായകനായ വ്ലാദിസ്ളാവ് സ്ട്രെമിൻസ്കിയുടെ ജീവിതം പറയുന്ന ചിത്രം ലോകമെമ്പാടും ഏകാധിപത്യ പ്രവണതകൾ ഫണം വിടർത്തുന്ന വർത്തമാനകാലത്ത് ഏറെ പ്രസക്തമാണ്.
മരണക്കിടക്കയിൽ കഴിയുന്ന ശിൽപ്പി കാതറീന കോബ്രോ ആണ് സ്ട്രെ മെൻസ്കിയുടെ ഭാര്യ. അദ്ദേഹത്തിെൻറ പുത്രിയും ഒരു വിദ്യാർഥിയും ഏതാനും സുഹൃത്തുക്കളും ചിത്രത്തിലെ പ്രധാന സാന്നിധ്യമാണ്. അധികാരവുമായി കലഹിക്കുന്ന ചിത്രകാരനെ കലയിൽ നിന്നകറ്റി ജീവിതം തന്നെ ദുസ്സഹമാക്കുകയാണ് ഭരണകൂടം.
വിട്ടുവീഴ്ചകൾക്ക് തയാറാകാതിരുന്ന അദ്ദേഹത്തിന്നും കുടംബത്തിനും ഉപജീവനത്തിനു തന്നെ നിവൃത്തിയില്ലാതാവുന്നു. ഒരു നേരത്തെ വിശപ്പടക്കാൻ പോലും നിവൃത്തിയില്ലാതെ തെരുവിലൂടെ അലയുന്ന സ്ട്രെ മിൻസ്കിയുടെ ചിത്രം നൊമ്പരപ്പെടുത്തുന്നതാണ്. അധികാരം ദരിദ്രനാക്കുമ്പോഴും സമ്പന്നനായ കലാജീവിതം അവശേഷിപ്പിച്ച് കടന്നു പോയ ചിത്രകാരന്റെ ജീവിതം അടയാളപ്പെടുത്തുന്ന ചിത്രമെന്ന നിലയ്ക്ക് ആഫ്റ്റർ ഇമേജ് ആന്ദ്രെ വെദയുടെ ചലച്ചിത്ര ജീവിതത്തിലെ മറ്റൊരു ഈടുവെപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.