ജൂനിയർ ആർട്ടിസ്റ്റുകളുടെ അഭിനയം ഒാവറായി; ലൊക്കേഷനിൽ കൂട്ടത്തല്ല്
text_fieldsബംഗളൂരു: സിനിമക്കുവേണ്ടിയുള്ള ലാത്തിച്ചാർജ് ചിത്രീകരണം കൂട്ടത്തല്ലിൽ കലാശിച്ചു. നായകനും നായികയും അടക്കമുള്ള താരങ്ങൾക്ക് മർദനമേറ്റു. ആസിഫ് അലി നായകനായ ‘ബി ടെക്ക്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കളി കാര്യമായത്. ആസിഫ്, അപർണ ബാലമുരളി, സൈജു കുറുപ്പ്, അജുവർഗീസ് എന്നിവർക്കാണ് അടിയേറ്റത്.
ബുധനാഴ്ച ബംഗളൂരുവിലെ ഫ്രീഡം പാർക്കിൽ സിനിമയുടെ ക്ലൈമാക്സിലെ സമരം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. സമരം ചെയ്യുന്ന വിദ്യാർഥികളെ പൊലീസ് ലാത്തിച്ചാർജ് ചെയ്യുന്നതായിരുന്നു രംഗം. പൊലീസ് വേഷമണിഞ്ഞ ജൂനിയർ ആർട്ടിസ്റ്റുകൾ ഇടക്ക് അഭിനയം മറന്ന് ‘യഥാർഥ പൊലീസു’കാരായതാണ് പ്രശ്നമായത്.
ആർട്ടിസ്റ്റുകളുടെ ലാത്തി താരങ്ങൾക്ക് ശരിക്കും ഏറ്റു. ആർട്ടിസ്റ്റുകൾ കന്നടികരായതിനാൽ സെറ്റിലുള്ളവർക്ക് ഇവരെ നിയന്ത്രിക്കാനായില്ല. ഇതോടെ കൂട്ടത്തല്ലായി. ചിത്രീകരണവും നിർത്തിവെച്ചു. സംവിധായകൻ രോഷാകുലനായതോടെ ആർട്ടിസ്റ്റുകൾ ക്ഷുഭിതരാകുകയും താരങ്ങളെത്തിയ വാഹനങ്ങൾക്ക് കല്ലെറിയുകയും ചെയ്തു. നാനൂറോളം ജൂനിയർ ആർട്ടിസ്റ്റുകൾ ഈസമയം സെറ്റിലുണ്ടായിരുന്നു. പിന്നീട് പ്രശ്നം പറഞ്ഞുതീർത്തു. വ്യാഴാഴ്ച ചിത്രീകരണം പൂർത്തിയാക്കി സംഘം കേരളത്തിലേക്ക് മടങ്ങി. മൃദുൽ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.