ബി.ജെ.പി അപകടംപിടിച്ച പാർട്ടി: പ്രസ്താവന തിരുത്തി രജനീകാന്ത്
text_fieldsചെന്നൈ: ബി.െജ.പി അപകടംപിടിച്ച പാർട്ടിയാണെന്നു പ്രസ്താവിച്ച രജനീകാന്ത് 24 മണിക്കൂറിനകം മലക്കംമറിഞ്ഞു. പ്രതിപക്ഷ കക്ഷികളാണ് ബി.ജെ.പിയെ അപകടംപിടിച്ച പാർട്ടിയായി കരുതുന്നതെന്നും ഇക്കാര്യത്തിൽ തനിക്ക് വ്യക്തിപരമായ അഭിപ്രായമില്ലെന്നും രജനീകാന്ത് വിശദീകരിച്ചു. ബി.ജെ.പി അപകടംപിടിച്ച പാർട്ടിയാണോയെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
താൻ ഇനിയും പൂർണമായും രാഷ്ട്രീയത്തിലിറങ്ങിയിട്ടില്ല. ഇതിനുശേഷം ഒാരോ വിഷയത്തിലും തെൻറ നിലപാട് പറയാനാവും. ബി.െജ.പിക്കെതിരായ വിശാല സഖ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒരാൾക്കെതിരായ യുദ്ധത്തിന് പത്തുപേർ ചെന്നാൽ യഥാർഥ ബലശാലി ആരാണെന്നും രജനീകാന്ത് തിരിച്ചുചോദിച്ചു.
രാജീവ് ഗാന്ധി വധക്കേസിലെ പേരറിവാളൻ ഉൾപ്പെടെ ഏഴു പ്രതികളെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വിട്ടയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തനിക്ക് ചോദ്യം വ്യക്തമാവാത്തതിനാലാണ് തിങ്കളാഴ്ച ഇൗ ചോദ്യത്തിന് കൃത്യമായ മറുപടി പറയാതിരുന്നത്. രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളുടെ ജയിൽമോചന വിഷയം തനിക്കറിയില്ലെന്നു പറയാൻ മാത്രം താൻ വിഡ്ഢിയല്ലെന്നും രജനീകാന്ത് പറഞ്ഞു.
ജയിലിൽനിന്ന് പരോളിലിറങ്ങിയ പേരറിവാളനുമായി താൻ 10 മിനിറ്റ് ഫോണിൽ സംസാരിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. രജനീകാന്തിെൻറ പ്രസ്താവന തമിഴക രാഷ്ട്രീയത്തിൽ വിവാദമായ സാഹചര്യത്തിലാണ് ചൊവ്വാഴ്ച വിശദീകരണവുമായി എത്തിയത്. ചെന്നൈ പോയസ് ഗാർഡനിലെ വസതിയിലാണ് രജനീകാന്ത് വാർത്തസമ്മേളനം വിളിച്ചുകൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.