മോഹൻലാലിനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട് -ഡി.വൈ.എഫ്.ഐ നേതാവ് റിയാസ്
text_fieldsകോഴിക്കോട്: നോട്ട് പിൻവലിക്കൽ വിഷയത്തിൽ ബ്ലോഗ് എഴുതിയ നടൻ മോഹൻലാലിനെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അഭിപ്രായ പ്രകടനം നടത്താൻ മോഹൻലാലിന് സ്വാതന്ത്ര്യമുണ്ടെന്ന് പോസ്റ്റിൽ റിയാസ് അഭിപ്രായപ്പെട്ടു.
1000, 500 നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാർ നടപടി പിന്തുണച്ച തിങ്കളാഴ്ച മോഹൻലാൽ എഴുതിയ ബ്ലോഗിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു. ലാലിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി ഉപാധ്യക്ഷൻ വി.ഡി സതീശൻ രംഗത്തുവന്നിരുന്നു. ബന്ധുക്കളുടെ ചികിത്സയ്ക്കും വിവാഹത്തിനുമെല്ലാം സ്വന്തം പണത്തിനു വേണ്ടി ക്യൂ നിന്ന് മരിക്കാന്‍ പോലും വിധിക്കപ്പെട്ടവരോടുള്ള അവഹേളനമാണെന്നായിരുന്നു സതീശന്‍റെ വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
മോഹൻലാൽ മഹാനടനാണ്, ഒരു വ്യക്തിയുമാണ്. അഭിപ്രായ സ്വാതന്ത്ര്യം മറ്റ് പൗരന്മാരെ പോലെ അദ്ദേഹത്തിന്‍റെയും അവകാശമാണ്. ആ അഭിപ്രായം എല്ലാവർക്കും സ്വീകാര്യമായി കൊള്ളണമെന്നില്ല. പക്ഷെ ആ അഭിപ്രായത്തിന്‍റെ പാളിച്ചകൾ അക്കമിട്ടു നിരത്തി നേരിടുന്നതിനു പകരം, വ്യക്തിപരമായി ആക്ഷേപിക്കുന്നത് പ്രോൽസാഹിപ്പിക്കപ്പെടെണ്ട രീതിയല്ല.
കലാകാരന്മാർ സാമൂഹിക വിഷയങ്ങളിൽ (ഇതൊന്നും നമ്മെ ബാധിക്കുന്ന വിഷയങ്ങൾ അല്ല എന്നു കരുതി) മൗനം പാലിക്കുന്നതിനേക്കാൾ പ്രോൽസാഹിപ്പിക്കപ്പെടേണ്ടത് അവരുടെ നിലപാട് തുറന്നു പറയുക എന്നതിനെയാണ്. എല്ലാ പൗരന്മാരും ചില വിഷയങ്ങളിൽ നിലപാട് തുറന്നു പറയുന്നത്, അരാഷ്ട്രീയതയെ ഇല്ലാതാക്കും.
മോഹൻലാൽ പറഞ്ഞ അഭിപ്രായത്തോട് വിയോജിപ്പ് വെച്ചു പുലർത്തി കൊണ്ട് പറയട്ടെ, മോഹൻലാൽ എന്ന കലാകാരന്‍റെ കഴിവ് ഇകഴ്‌ത്തുകയും പുകഴ്‌ത്തുകയും ചെയ്യേണ്ടത് വ്യത്യസ്ത വിഷയങ്ങളിലെ അദ്ദേഹത്തിന്‍റെ നിലപാടുകൾക്ക് അനുസരിച്ചാകരുത്. (ദയവ് ചെയ്ത് എന്നെ മോഹൻലാൽ ഫാനായി ചിത്രീകരിക്കരുത്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.