തിരക്കഥ ആരുടേതെന്ന് വിഷയമല്ല, ‘മഹാഭാരത’ ചലച്ചിത്രം നിർമിക്കും -ബി.ആർ. ഷെട്ടി
text_fieldsഅബൂദബി: ‘മഹാഭാരതം’ ഇതിവൃത്തമാക്കിയുള്ള ചലച്ചിത്രം നിർമിക്കുമെന്നും തിരക്കഥ ആരുടേതെന്നത് തന്‍റെ വിഷയമല്ലെന്നും പ്രവാസി വ്യവസായി ഡോ. ബി.ആർ. ഷെട്ടി. ചലച്ചിത്രത്തിെൻറ തിരക്കഥ എം.ടി. വാസുദേവൻ നായർ തിരിച്ചുവാങ്ങുന്നതിനെ കുറിച്ച് തനിക്ക് അറിവില്ലെന്നും ആയിരം കോടി രൂപ ചെലവിൽ ചലച്ചിത്രം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ബി.ആർ. ഷെട്ടി പറഞ്ഞു.
ചലച്ചിത്രവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ ചലച്ചിത്രം നിർമിക്കും. സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ ഇതിെൻറ പ്രവർത്തനങ്ങളിലാണ്. തിരക്കഥയെ കുറിച്ച് പ്രത്യേക നിർബന്ധങ്ങളില്ല. തിരക്കഥ തിരിച്ചുവാങ്ങുന്നതുമായി ബന്ധപ്പെട്ട് എം.ടി നടത്തിയ പ്രസ്താവനയെ കുറിച്ച് അറിയില്ല. എം.ടി. വാസുദേവൻ നായർ മഹാനായ എഴുത്തുകാരനാണ്. അദ്ദേഹത്തോടും അദ്ദേഹത്തിെൻറ കൃതികളോടും ആദരവ് മാത്രമേയുള്ളൂ. മഹാഭാരത ചലച്ചിത്രം തന്‍റെ സ്വപ്നമാണ്. ആ പദ്ധതിയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇൗയൊരു ചലച്ചിത്രത്തിന് ശേഷം താൻ മറ്റൊന്ന് നിർമിക്കില്ലെന്നും ഷെട്ടി വ്യക്തമാക്കി.
‘മഹാഭാരതം’ ഇതിവൃത്തമാക്കി എം.ടി. വാസുദേവൻ നായർ രചിച്ച ‘രണ്ടാമൂഴം’ നോവലിനെ ആസ്പദമാക്കി ആയിരം കോടി രൂപ ചെലവിൽ മലയാളത്തിൽ ‘രണ്ടാമൂഴം’ എന്ന പേരിലും മറ്റു ഭാഷകളിൽ ‘മഹാഭാരത ദ മൂവീ’ എന്ന പേരിലും ചലച്ചിത്രം നിർമിക്കാനാണ് അണിയറയിൽ ആസൂത്രണം നടത്തിയിരുന്നത്. കഴിഞ്ഞ വർഷം ജൂണിൽ അബൂദബിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ ചിത്രത്തിെൻറ പേര് പ്രഖ്യാപിച്ചത്.
അതേസമയം, രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി ചലച്ചിത്രം നിർമിക്കുന്നുവെങ്കിൽ അതിെൻറ പേര് രണ്ടാമൂഴം എന്നു തന്നെ ആയിരിക്കണമെന്നും മഹാഭാരതം എന്ന പേര് അംഗീകരിക്കില്ലെന്നും ഹിന്ദു െഎക്യവേദി കേരള സംസ്ഥാന പ്രസിഡൻറ് കെ.പി. ശശികല പ്രസ്താവിച്ചത് വിവാദമായിരുന്നു.
മോഹൻലാലിനെ നായകനായി അവതരിപ്പിക്കുന്ന ചലച്ചിത്രം 2018 മേയിൽ ചിത്രീകരണം തുടങ്ങും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. മൊത്തം ആറ് മണിക്കൂറുള്ള ചലച്ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് നിർമിക്കുകയെന്നും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.