`ഫാൻസിനൊപ്പമല്ല, സ്ത്രീയുടെ അന്തസ്സിനായി പോരാടുന്ന പാർവ്വതിക്കൊപ്പമാണ് മമ്മൂക്ക നിൽക്കേണ്ടത്`
text_fieldsകോഴിക്കോട്: മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയും സൈബർ ആക്രമണവും തുടരുന്നതിനിടെ വിമർശനവുമായി ദീദി ദാമോദരൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന ഫാൻസിനൊപ്പമല്ല, സ്ത്രീയുടെ അന്തസ്സിനായി പോരാടുന്ന പാർവ്വതിക്കൊപ്പമാണ് മമ്മൂക്ക നിൽക്കേണ്ടതെന്ന് ദീദി ഫേസ്ബുക്കിൽ കുറിച്ചു.
നീതിക്ക് വേണ്ടി പോരാടുന്ന വെള്ളിത്തിരയിലെ നടൻ മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ മാത്രമല്ല , നിത്യജീവിതത്തിലും മമ്മുക്കയുടെ സ്വരം വേദനിക്കുന്നവർക്ക് സാന്ത്വനമാകുന്നത് നേരിൽ കണ്ടാണ് ഞാൻ വളർന്നത്. സാന്ത്വന പരിചരണ പ്രസ്ഥാനമടക്കമുള്ള നിശബ്ദമായ നിരവധി സന്നദ്ധ പ്രവർത്തനങ്ങളിൽ ഒപ്പം പ്രവർത്തിക്കാനും അവസരമുണ്ടായിട്ടുണ്ട്.
എന്നാൽ സിനിമയിലെ സ്വന്തം സഹപ്രവത്തകയുടെ വേദനയിൽ സാന്ത്വനമായി സ്ഥിതിസമത്വത്തിനായുള്ള പോരാട്ടത്തിൽ നീതിയുടെ സ്വരമായി മമ്മൂക്ക ഇടപെടാതിരിക്കുന്നത് താങ്ങാനാവാത്ത ഖേദമാണുണ്ടാക്കുന്നത്. മൗനം വെടിഞ്ഞ് സ്വന്തം നിലാപാട് വ്യക്തമാക്കണമെന്നും ഫാൻസിന്‍റെ സ്ത്രീകളോടുള്ള അക്രമാസക്തവും അവഹേളനപരവുമായ ട്രോളുകൾക്ക് തടയിടാൻ ആവശ്യമായ ഹീറോയിസം യഥാർത്ഥ ജീവിതത്തിലും കാണിക്കണമെന്നുമാണ് അഭ്യർത്ഥന .ഹീറോയിസം എന്നാൽ മൗനം കൊണ്ട് മുറിവേല്പിക്കലല്ല , വാക്കുകൾ കൊണ്ട് മുറിവുണക്കലാണ്.
ആണധികാരത്താൽ മതിമറന്ന് ക്രിമിനലുകളെ പോലെ സ്ത്രീത്വത്തെ അപമാനിക്കുന്ന ഫാൻസിനൊപ്പമല്ല, സ്ത്രീയുടെ അന്തസ്സിനായി പോരാടുന്ന പാർവ്വതിക്കൊപ്പമാണ് മമ്മൂക്ക നിൽക്കേണ്ടത്. അതാണ് യഥാർത്ഥ ഹീറോയിസം. അതാണ് ഒരു യഥാർഥ ഹീറോയിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നതും.
-ദീദി ദാമോദരൻ
കഴിഞ്ഞ ദിവസം ഐ.എഫ്.എഫ്കെയിൽ നടന്ന ഒാപൺ ഫോറത്തിൽ കസബയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് പാർവതി സംസാരിച്ചിരുന്നു. ഇത് പിന്നീട് പാർവതി മമ്മൂട്ടിയെ വിമർശിച്ചുവെന്ന തരത്തിലുള്ള വാർത്തയായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഇതോടെ പാർവതിയെ വിമർശിച്ചും അധിക്ഷേപിച്ചും ആരാധകർ രംഗത്തെത്തി. ആരാധകർ സൈബർ ആക്രമണം തുടരുമ്പോഴും മമ്മൂട്ടി മൗനം പാലിക്കുന്നതിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.