രണ്ടു മണിക്കൂർ സ്വാതന്ത്ര്യം; കടുത്ത നിയന്ത്രണം
text_fieldsആലുവ: ഒടുവിൽ ദിലീപ് ജയിലിൽനിന്ന് പുറംലോകത്തെത്തി. 58 ദിവസത്തിനു ശേഷം രണ്ടു മണിക്കൂർ സ്വാതന്ത്ര്യം. അതും കോടതി നിർദേശിച്ച കടുത്ത നിയന്ത്രണങ്ങളോടെ. കോടതിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കുന്നതിൽ പൊലീസും ദിലീപും ജാഗ്രത പുലർത്തി.
പൊലീസിെൻറ നിരീക്ഷണക്കണ്ണുകൾ ഒാരോ നിമിഷവും ദിലീപിൽതന്നെയായിരുന്നു. ചടങ്ങുകൾക്കായി ആലുവ മണപ്പുറത്ത് പോകരുത്, മൊബൈൽ ഉപയോഗിക്കരുത്, പൊലീസ് നിർേദശിക്കുന്നവരല്ലാതെ മറ്റാരെയും വീട്ടിൽ പ്രവേശിപ്പിക്കരുത്, മാധ്യമപ്രവർത്തകരോട് സംസാരിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് പിതാവിെൻറ ശ്രാദ്ധ ചടങ്ങിൽ പെങ്കടുക്കാൻ ദിലീപിന് കോടതി അനുമതി നൽകിയത്.
നിരവധി പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ദിലീപിനെ ആലുവ കൊട്ടാരക്കടവിലെ ‘പത്മസരോവരം’ വീട്ടിലെത്തിക്കുമ്പോൾ പിന്നാലെ സ്വകാര്യ വാഹനങ്ങളിൽ ചിലരും കൂടിയിരുന്നു. വാഹനം വീടിന് മുൻവശത്തായി ആലുവ ശിവക്ഷേത്രത്തിന് അഭിമുഖമായി നിർത്തിയതിനാൽ ദിലീപിനെ ആർക്കും കാണാനായില്ല. പരിസരത്തെ ഫ്ലാറ്റിെൻറയും വീടുകളുടെയും മുകളിൽനിന്നാണ് മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്തിയത്. കേസിനെ ബാധിക്കുന്ന തരത്തിൽ ആരെങ്കിലുമായി ദിലീപ് ചർച്ചകൾ നടത്താതിരിക്കാൻ പൊലീസ് ശ്രദ്ധിച്ചു. ജയിലിൽനിന്ന് പുറത്തിറങ്ങിയതുമുതൽ ഓരോ ദൃശ്യവും പൊലീസ് കാമറകളിൽ പകർത്തി. വീട്ടിൽനിന്ന് ഇറങ്ങുന്നതിനു മുമ്പ് ദിലീപ് അമ്മയെ കെട്ടിപ്പിടിച്ചു. കാവ്യ ഭർത്താവിെൻറ കാലുകളിൽ തൊട്ട് വന്ദിച്ചു.
ദിലീപിെൻറ ജാമ്യാപേക്ഷ വീണ്ടും ഹൈകോടതിയിലെത്താനിരിക്കെ അതിനെ ബാധിക്കുന്നതൊന്നും ഉണ്ടാകാതിരിക്കാൻ ദിലീപും സുഹൃത്തുക്കളും പ്രത്യേകം ശ്രദ്ധ പുലർത്തി. ജയിലിൽനിന്ന് ഇറങ്ങുേമ്പാൾ പുറത്ത് കാത്തുനിന്നവർ പതിവിലും നിശ്ശബ്ദരായിരുന്നു. കോടതിയിൽ ഹാജരാക്കാൻ ദിലീപിനെ കൊണ്ടുവരുമ്പോൾ ഉണ്ടാകാറുള്ള കൂക്കിവിളികളുണ്ടായില്ല. അനുകൂലികളുടെ മുദ്രാവാക്യങ്ങളും ആരവങ്ങളും കേട്ടില്ല. പൊലീസ് ജീപ്പിലേക്ക് കയറുന്നതിനുമുമ്പ് ചെറുപുഞ്ചിരിയോടെ ദിലീപ് ചുറ്റും നോക്കിയെങ്കിലും ആരും കൈവീശിയില്ല. തടിച്ചുകൂടിയവരിൽ നഗരവാസികൾ കുറവായിരുന്നു. മറ്റു സ്ഥലങ്ങളിൽനിന്ന് എത്തിയവരായിരുന്നു കൂടുതലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.