സാഹചര്യത്തിൽ മാറ്റമുണ്ടായോയെന്ന് ഹൈകോടതി; ദിലീപിന്‍റെ ഹരജി 26ന് പരിഗണിക്കാൻ മാറ്റി
text_fieldsകൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിെൻറ ജാമ്യ ഹരജി ഹൈകോടതി ഇൗമാസം 26ന് പരിഗണിക്കാൻ മാറ്റി. കേസുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ മാറ്റമുണ്ടെങ്കിൽ മാത്രം കേസ് പരിഗണിച്ചാൽ മതിയാകുമെന്ന് വാക്കാൽ വിലയിരുത്തിയാണ് സിംഗിൾബെഞ്ച് ഹരജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റിയത്. അങ്കമാലി കോടതി ജാമ്യ ഹരജി തള്ളിയതിനെത്തുടർന്നാണ് ദിലീപ് ഹൈകോടതിയിലെത്തിയത്. നേരേത്ത ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ചും ചില കാര്യങ്ങൾ കൂട്ടിച്ചേർത്തുമാണ് ജാമ്യ ഹരജി നൽകിയിരിക്കുന്നത്. അടുത്തയാഴ്ച കേസ് പരിഗണിക്കുന്നതിനുമുമ്പ് സർക്കാറിെൻറ നിലപാട് അറിയിക്കാനും കോടതി നിർദേശിച്ചു.
നടിയുടെ അശ്ലീലചിത്രം പകർത്താൻ നിർദേശിച്ചെന്നാണ് തനിക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിക്കുന്ന ആരോപണമെന്നും 10 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് 60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും ദിലീപ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഇത് കഴിഞ്ഞ ദിവസമാണ് കോടതി തള്ളിയത്. ഹരജി ചൊവ്വാഴ്ച സമർപ്പിക്കുകയും അടിയന്തര പരിഗണന ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഉച്ചക്കുശേഷം ആദ്യ ഇനമായി പരിഗണിക്കുകയായിരുന്നു.
പരിഗണനക്കെടുത്തപ്പോൾതന്നെ കേസിെൻറ സാഹചര്യത്തിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. 65 ദിവസത്തിലേറെയായി ദിലീപ് ജയിലിൽ കഴിയുകയാണെന്നും കേസ് പരിഗണിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, ജയിലിൽ കിടന്ന ദിവസങ്ങൾ നോക്കി ജാമ്യം പരിഗണിച്ചിട്ട് കാര്യമില്ല, സാഹചര്യത്തിൽ കാര്യമായ മാറ്റമുണ്ടെങ്കിലേ വാദം കേൾക്കേണ്ടതുള്ളൂവെന്ന് വ്യക്തമാക്കിയ കോടതി മുൻ സാഹചര്യത്തിൽ മാറ്റമുണ്ടായിട്ടുണ്ടോയെന്ന ചോദ്യം ആവർത്തിച്ചു. സാഹചര്യം നോക്കിയാണ് നേരേത്ത രണ്ടുതവണ ജാമ്യ ഹരജി തള്ളിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
തുടർന്ന് അന്വേഷണത്തിെൻറ അവസ്ഥയെന്തെന്നും കേസുമായി ബന്ധപ്പെട്ട് മറ്റൊരു ബെഞ്ച് മുമ്പാകെയുള്ള ജാമ്യ ഹരജികൾ ഏത് ഘട്ടത്തിലാണെന്നും പ്രോസിക്യൂഷനോട് ആരാഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും മൂന്നാഴ്ചക്കകം പൂർത്തിയാക്കാനാവുമെന്നാണ് കരുതുന്നതെന്നും പ്രോസിക്യൂഷനുവേണ്ടി സീനിയർ ഗവ. പ്ലീഡർ വ്യക്തമാക്കി. നാദിർഷ ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുന്ന സാധ്യതയും ചൂണ്ടിക്കാട്ടി. നാദിർഷ, കാവ്യ മാധവൻ തുടങ്ങിയവരുടെ മുൻകൂർ ജാമ്യ ഹരജികൾ 25ന് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. തുടർന്നാണ് കേസ് 26ലേക്ക് മാറ്റിയത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.