ദിലീപ് ദുബായിലേക്ക് പോയി; സംശയത്തോടെ പൊലീസ്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപ് ഹൈക്കോടതിയുടെ അനുവാദം ലഭിച്ചതോടെ ദുബൈയിലേക്ക് പോയി.
പുതുതായി തുടങ്ങുന്ന സ്വന്തം സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് വിദേശ യാത്ര. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് പൊലീസിന്റെ ആശങ്ക നിലനില്‍ക്കെയാണ് ദിലീപ് വിദേശത്തേക്ക് പോകുന്നത്. അമ്മ, ഭാര്യ കാവ്യാമാധവൻ, മകൾ മീനാക്ഷി എന്നിവർക്കൊപ്പമാണ് യാത്ര.
ഇന്ന് രാവിലെ 9. 50 ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിലാണ് ദിലീപ് വിദേശത്തേക്ക് പോയത്. നാല് ദിവസം വിദേശത്ത് തങ്ങാനാണ് ഹൈക്കോടതി ദിലീപിന് അനുവാദം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെത്തി പാസ്പോര്‍ട്ട് കൈപ്പറ്റിയിരുന്നു. ആറ് ദിവസത്തിനകം യാത്ര രേഖകളും യാത്ര സംബന്ധിച്ച സത്യവാങ്മൂലവും ദിലീപ് കോടതിയില്‍ സമര്‍പ്പിക്കണം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പൊലീസിന് ഇതു വരെയും കഴിഞ്ഞിട്ടില്ല. ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്നും പൊലീസിന് സംശയമുണ്ട്. അത് കൊണ്ട് തന്നെ ദിലീപ് ദുബൈയിലേക്ക് പോകുന്നത് ആശങ്കയോടെയാണ് പൊലീസ് നോക്കികാണുന്നത്.
അതേസമയം, അനുബന്ധ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ പൊലീസ് വരും ദിവസങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കും. അനുബന്ധ കുറ്റപത്രം റദ്ദാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.