മമ്മൂട്ടിയും മോഹന്‍ലാലും അനീതിക്ക് കൂട്ടുനില്‍ക്കില്ല -ആഷിക് അബു
text_fieldsകൊച്ചി: സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അനീതിക്ക് കൂട്ടുനില്‍ക്കുമെന്ന് കരുതുന്നില്ലെന്ന് സംവിധായകൻ ആഷിക് അബു. ഇവരെ പോലുള്ള സൂപ്പര്‍താരങ്ങളെ മറയാക്കി മറ്റു ചിലരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മറ്റ് നിവൃത്തിയില്ലാത്തതു കൊണ്ടാണ് നടിമാര്‍ രാജിവെച്ചതെന്നും ആഷിക് അബു മാധ്യമങ്ങളോട് പറഞ്ഞു.
നിലപാടുകളിൽ നിന്ന് പിന്തിരിയണമെന്ന് ഗീതു മോഹന്‍ദാസിനോട് മുൻ പ്രസിഡന്‍റായിരുന്ന ഇന്നസെന്‍റ് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ ക്രിമിനല്‍ സ്വഭാവമുള്ള മാഫിയ സംഘം മാത്രമായി മാറിയിരിക്കുകയാണ് അമ്മ. ജനാധിപത്യ സ്വഭാവമില്ലാതെയാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. തമ്പുരാക്കന്മാരെ പോലെയാണ് ചിലർ സംഘടനയെ ഭരിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വന്തം കൂട്ടത്തിലുള്ള സ്ത്രീകളെ അപഹസിക്കാനും ആക്രമിക്കാനുമാണ് അമ്മ ഇതുവരെ ശ്രമിച്ചിട്ടുള്ളത്. ഇതുതന്നെയാണ് ആ സംഘടനയുടെ അജണ്ട. സ്വന്തം താൽപര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കുറച്ചു പേരുടെ സംഘം മാത്രമായി അമ്മ മാറി. അടുത്തിടെ മലയാള സിനിമയില്‍ ഉയര്‍ന്നുവന്ന പരീക്ഷണങ്ങളില്‍ അമ്മക്കോ അംഗങ്ങള്‍ക്കോ യാതൊരു പങ്കുമില്ല.
ക്രിമിനല്‍ സ്വഭാവമുള്ളവരാണ് സംഘടനയിലുള്ളത്. ആക്രമിക്കപ്പെട്ട നടി സംഘടനയിലുണ്ടായിരുന്നപ്പോഴും വൃത്തികെട്ട ന്യായമുയര്‍ത്തി കുറ്റാരോപിതനായ ദിലീപിനെ പിന്തുണക്കുകയാണ് ചെയ്തത്. ഒരു സംഘടനയിലും അംഗമല്ലാത്തവര്‍ക്കും സിനിമ ചെയ്യാന്‍ പറ്റുന്ന, അഭിനയിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സ്വതന്ത്രമായ സംവിധാനമാണ് വേണ്ടത്. നൂറ്റാണ്ടിന്‍റെ കലയായ സിനിമ ഒരാളുടെ കൈയ്യില്‍ ഒതുങ്ങരുതെന്നും ആഷിക് അബു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.