സിനിമ തെരഞ്ഞെടുപ്പിനെതിരെ സംവിധായകർ
text_fieldsതിരുവനന്തപുരം: 22ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് (ഐ.എഫ്.എഫ്.കെ) കൊടിയേറുംമുമ്പേ വിവാദങ്ങൾ കത്തിത്തുടങ്ങി. ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിൽ തെൻറ ചിത്രമായ ‘സെക്സി ദുർഗ’യെ ഉൾപ്പെടുത്തിയതിനെതിരെ സംവിധായകൻ സനൽകുമാർ ശശിധരനും ‘വിശ്വാസപൂർവം മൻസൂർ’ സിനിമയെ മേളയിൽ തഴഞ്ഞതിനെതിരെ സിനിമയുടെ സംവിധായകനും നിർമാതാവുമായ പി.ടി. കുഞ്ഞുമുഹമ്മദും രംഗത്തെത്തി. നിരവധി ലോക ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സെക്സി ദുർഗയെ മത്സര വിഭാഗത്തിൽ അവഗണിച്ചതിൽ പ്രതിഷേധിച്ച് മേളയിൽ നിന്ന് സിനിമ പിൻവലിക്കുകയാണെന്ന് സനൽകുമാർ ശശിധരൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സംസ്കാരിക ചട്ടമ്പിത്തരവും നിർവികാരപരമായ സമീപനവുമാണ് മേളയിൽനിന്ന് സിനിമ ഒഴിവാക്കാൻ കാരണമെന്ന് അദ്ദേഹം പിന്നീട് ‘മാധ്യമ’ത്തോട് പറഞ്ഞു. ‘സംഘാടകരിലൊരാളോട് പറഞ്ഞപ്പോൾ പബ്ലിസിറ്റി കിട്ടാനാണ് ഇങ്ങനെ പറയുന്നതെന്നായിരുന്നു മറുപടി’- സനൽകുമാർ പറഞ്ഞു.
രാജ്യത്ത് മേൽക്കോയ്മ തേടുന്ന ‘സാംസ്കാരിക ദേശീയതക്ക്’ അടിയറവു പറഞ്ഞുകൊണ്ടാണ് ‘വിശ്വാസപൂർവം മൻസൂർ’ ചിത്രത്തെ മേളയിൽനിന്ന് തഴഞ്ഞതെന്ന് സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് ഫേസ്ബുക്കിലൂടെ ആരോപിച്ചു. സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടിക്കൊടുത്ത ‘മിന്നാമിനുങ്ങ്’ ചിത്രത്തിനും മേളയിൽ ഇടം നൽകാത്തതിൽ സംവിധായകൻ അനിൽ തോമസ് ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന് പരാതി നൽകി. മന്ത്രി എ.കെ. ബാലൻ വിദേശത്തായതിനാൽ തിരികെ എത്തിയ ശേഷം പരാതി നൽകുമെന്ന് അനിൽ അറിയിച്ചു. ഛായാഗ്രാഹകൻ രാമചന്ദ്രബാബു ചെയർമാനും ചെലവൂർ വേണു, എം.ജി. ശശി, ജുദാജിത്ത് സർക്കാർ, വീണാ ഹരിഹരൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്. മത്സരവിഭാഗത്തിലേക്ക് രണ്ട് ചിത്രങ്ങളും ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിലേക്ക് ഏഴ് ചിത്രങ്ങളുമാണ് തെരഞ്ഞെടുത്തത്. പ്രേംശങ്കർ സംവിധാനം ചെയ്ത ‘രണ്ടുപേർ’ സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ഏദൻ’ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.