നിവേദനത്തിൽ മോഹൻലാലിന്‍റെ പേരില്ല; വിശദീകരണവുമായി ഡോ. ബിജു
text_fieldsകൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരവിതരണവുമായി ബന്ധപ്പെട്ട് നൽകിയ നിവേദനത്തിൽ മോഹൻലാലിന്‍റെ പേര് പറഞ്ഞിട്ടില്ലെന്ന് സംവിധായകൻ ഡോ. ബിജു. പ്രസ്താവനയിൽ ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ല. ചലച്ചിത്ര പുരസ്കാരം പോലെ ഒരു സംസ്ഥാനം നൽകുന്ന ആദരവിന്റെ ചടങ്ങിൽ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യമെന്നാണ് നിവേദനത്തിൽ പറയുന്നത്. പ്രസ്താവനയുടെ പൂർണരൂപം വായിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും ബിജു ഫേസ്ബുക്കിൽ കുറിച്ചു.
ഡോ. ബിജുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
കഴിഞ്ഞ ദിവസം സംസ്ഥാന പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് നൽകിയ സംയുക്ത പ്രസ്താവനയിൽ ഒരിടത്തും ആരുടേയും പേരെടുത്തു പറഞ്ഞിട്ടില്ല. ഞങ്ങൾ ഉയർത്തിയ നിലപാട് ചലച്ചിത്ര പുരസ്കാരം പോലെ ഒരു സംസ്ഥാനം നൽകുന്ന ആദരവിന്റെ ചടങ്ങിൽ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യമെന്നാണ്.
മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ അത് കുറച്ചു കാട്ടുക കൂടിയാണ്, അത് പാടില്ല എന്നതാണ് ഞങ്ങൾ മുന്നോട്ട് വെച്ചത്. ആ പ്രസ്താവനയുടെ പൂർണരൂപം വായിച്ചു നോക്കൂ, അതിലെവിടെയും ഒരു താരത്തിന്റെയും പേര് എടുത്ത് പറഞ്ഞിട്ടില്ല.
മുഖ്യ അതിഥി ആയി വരുന്നത് ഏത് താരമായാലും ഇതാണ് നിലപാട്. ഈ പ്രസ്താവന വായിച്ച ശേഷമാണ് അതിൽ പേര് വെക്കാൻ എല്ലാവരും സമ്മതിച്ചിട്ടുള്ളത്. ആ പ്രസ്താവന തന്നെയാണ് മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിയ്ക്കും നൽകിയിട്ടുള്ളത്.
ആ പ്രസ്താവന തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുള്ളതും. ഇങ്ങനെ ഒരു പൊതു നിലപാട് പ്രസിദ്ധീകരിച്ചു കഴിയുമ്പോൾ മാധ്യമങ്ങൾ അത് ഏതെങ്കിലും ഒരു താരത്തെ പേര് വെച്ച് വാർത്ത കൊടുക്കുകയും വിവാദമാകുകയും ചെയ്യുകയും അതെ തുടർന്ന് മോഹൻലാലിനെതിരായ പ്രസ്താവനയിൽ നിങ്ങൾ പേര് വെച്ചോ എന്ന് ആരോടെങ്കിലും ചോദിച്ചാൽ സ്വാഭാവികമായും ഇല്ല എന്നത് തന്നെയാണ് മറുപടി.
കാരണം ആ പ്രസ്താവന ഒരു താരത്തിന്റെയും പേരെടുത്ത് അവർ വരാൻ പാടില്ല എന്നതല്ല , മറിച്ചു ഒരു പൊതു നിലപാട് ആണത്. ഒരു താരത്തിനെതിരെ പേരെടുത്തു പറഞ്ഞുള്ള പ്രസ്താവന അല്ല. അങ്ങനെ ഏതെങ്കിലും ഒരു താരത്തെ പേരെടുത്തു പറഞ്ഞു അവർക്കെതിരായ ഒരു പ്രസ്താവനയിൽ ഞങ്ങൾ ഒരാളും ഒപ്പ് വെച്ചിട്ടില്ല.
അതുകൊണ്ട് തന്നെ ഒപ്പിട്ടവരോട് ആ പ്രസ്താവന പൂർണമായി വായിച്ചു കേൾപ്പിച്ച ശേഷം ഇത് നിങ്ങൾ അറിഞ്ഞിരുന്നുവോ എന്ന് ചോദിക്കൂ , അല്ലാതെ മാധ്യമങ്ങൾ ഫോണിൽ വിളിച്ചു മോഹൻലാലിനെതിരെ നിങ്ങൾ ഒപ്പിട്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നല്ലേ പറയാൻ സാധിക്കൂ.
ആ പ്രസ്താവന ഒന്ന് കൂടി മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാവരും വായിക്കുമല്ലോ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലെ മുഖ്യ അതിഥി മുഖ്യമന്ത്രിയും പുരസ്‌കാര ജേതാക്കളും ആയിരിക്കണം. അതല്ലാതെ മറ്റൊരു മുഖ്യ അതിഥിയെ ക്ഷണിക്കുന്ന കീഴ്‌വഴക്കം ഉണ്ടാകാൻ പാടില്ല , ഈ വർഷവും തുടർ വർഷങ്ങളിലും എന്നതാണ് ആ പ്രസ്താവന.
അതിൽ ഞങ്ങൾ ഉറച്ചു നിൽക്കുകയും ചെയ്യുന്നു. മാധ്യമങ്ങൾ തെറ്റിദ്ധാരണ പടർത്തുന്ന തരത്തിൽ സെൻസേഷണൽ ആക്കുന്നതിനായി പ്രസ്താവനയെ ഉപയോഗിക്കരുത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം അത് അർഹിക്കുന്ന ഗൗരവത്തോടെ ആദരവോടെ ജേതാക്കൾക്ക് നൽകാനുള്ള വേദി ഉണ്ടാകണം എന്നതാണ് ഞങ്ങളുടെ നിലപാട്. ഇതിൽ വ്യക്തികൾക്ക് യാതൊരു പ്രസക്തിയുമില്ല . മുഖ്യ അതിഥി ആക്കുന്നത് ആരെ ആയാലും ഇത് തന്നെയാണ് നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.