പുതിയ തിയേറ്റർ സംഘടന: ദിലീപ് പ്രസിഡന്‍റ്, ആന്‍റണി പെരുമ്പാവൂർ വൈസ് പ്രസിഡന്‍റ്
text_fieldsകൊച്ചി: നടന്‍ ദിലീപിന്‍െറ നേതൃത്വത്തില്‍ നിലവില്‍ വന്ന തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടനക്ക് പേരും ഭാരവാഹികളുമായി. സിനിമ മേഖലയിലെ തര്‍ക്കങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടനയുടെയും ഭാരവാഹികള്‍ ഉള്‍ക്കൊള്ളുന്ന കോര്‍ കമ്മിറ്റിയും നിലവില്‍ വന്നു.
കഴിഞ്ഞ ആഴ്ചയാണ് തിയറ്റര്‍ ഉടമയും നിര്‍മാതാവും വിതരണക്കാരനുമായ നടന്‍ ദിലീപിന്‍െറയും ആന്‍റണി പെരുമ്പാവൂരിന്‍െറയും നേതൃത്വത്തില്‍ പുതിയ സംഘടന രൂപവത്കരിച്ചത്. ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ സംഘടനക്ക് ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (FEUOK) എന്ന് പേരിട്ടു. ദിലീപ് തന്നെയാണ് പേര് നിര്‍ദേശിച്ചത്.
സംഘടനക്ക് വ്യവസ്ഥാപിത ഘടനയായതോടെ ചെയര്‍മാന്‍ എന്നത് മാറ്റി ദിലീപിനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ആന്‍റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്‍റാണ്. തലയോലപ്പറമ്പിലെ നൈസ് മൂവീസ് ഉടമ എം.സി. ബോബിയാണ് ജന. സെക്രട്ടറി. മറ്റു ഭാരവാഹികള്‍: കെ.ഇ. ജാസ് കണ്ണൂര്‍, ജി. ജോര്‍ജ് കോട്ടയം (വൈസ് പ്രസി.), സുമേഷ് പാലാ, തങ്കരാജ് നിലമ്പൂര്‍, അരുണ്‍ ഘോഷ് ആമ്പല്ലൂര്‍ (ജോ. സെക്ര.), സുരേഷ് ഷേണായി (ട്രഷ.).
റിലീസിങ് തര്‍ക്കങ്ങള്‍, കുടിശ്ശിക പ്രശ്നങ്ങള്‍ എന്നിവ കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ചചെയ്ത് തീര്‍ക്കും. സംഘടനകള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകാതിരിക്കാനും കമ്മിറ്റി ശ്രമിക്കും. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ജന. സെക്രട്ടറി എം. രഞ്ജിത്താണ് കോര്‍ കമ്മിറ്റി കണ്‍വീനര്‍.
ദിലീപ് അധ്യക്ഷത വഹിച്ചു. സിനിമ പോലെതന്നെ പുതിയ സംഘടനയും ചലിച്ചുകൊണ്ടിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിയറ്റര്‍ അടച്ചുള്ള സമരം ഇനി മറക്കണം. ചര്‍ച്ചയിലൂടെ സമവായം ഉണ്ടാക്കണം -ദിലീപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.