നടൻ കൊല്ലം അജിത് അന്തരിച്ചു
text_fieldsകൊല്ലം: വില്ലൻ വേഷങ്ങളിലൂടെ ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന കൊല്ലം അജിത് (56) അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് മൂന്നാഴ്ചയായി പാലാരിവട്ടത്തെ മെഡിക്കൽ സെൻറർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ 3.20നായിരുന്നു അന്ത്യം. കൊല്ലത്തെത്തിച്ച മൃതദേഹം കടപ്പാക്കടയിലെ വീടായ ഹരി നിവാസിലും ൈവകീട്ട് കടപ്പാക്കട സ്പോർട്സ് ക്ലബിലും പൊതുദർശനത്തിന് െവച്ചു.
പിതാവ് കൊല്ലത്ത് റെയിൽവേയിൽ ഉദ്യോഗസ്ഥനായതോടെയാണ് തിരുവല്ല വല്ലഭശ്ശേരി കുടംബാംഗമായ അജിത്ത് കൊല്ലെത്തത്തുന്നത്. 15 വർഷമായി എറണാകുളം വാഴക്കാലയിലെ ക്ലൗഡ് നയൺ ഫ്ലാറ്റിലായിരുന്നു താമസം. റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്ന ഹരിദാസിെൻറയും ദേവകിയുടെയും മകനാണ്. ഭാര്യ: പ്രമീള. മക്കൾ: ഗായത്രി, ശ്രീഹരി. സഹോദരങ്ങൾ: പുഷ്പകുമാരി, ശോഭന, ജ്യോതി ബസു (റിട്ട.കെ.എഫ്.സി ഉദ്യോഗസ്ഥൻ) അനിൽ ദാസ് (ചലച്ചിത്ര സംവിധായകൻ), കിഷോർ (റെയിൽവേ).
പത്മരാജെൻറ ‘പറന്നുപറന്നു പറന്ന്’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ‘അഗ്നിപ്രവേശം’ എന്ന ചിത്രത്തിൽ നായകനായും അഭിനയിച്ചു. 2012ൽ അർധനാരി, സിംഹാസനം എന്നീ ചിത്രങ്ങൾക്കു ശേഷം അഭിനയരംഗത്തുനിന്ന് വിട്ടുനിന്നു. കോളിങ് ബെൽ, പകൽപോലെ എന്നീ ചിത്രങ്ങൾ ഒരുക്കി. ‘ഒരുകടലിനും അപ്പുറം’ എന്ന് പേരിട്ട ചിത്രം പൂർത്തിയാക്കാനായില്ല. മമ്മൂട്ടി, ആേൻറാ ജോസഫ് അടക്കമുള്ളവർ ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. കൊല്ലത്ത് നടൻ എം. മുകേഷ് എം.എൽ.എ ആദരാജ്ഞലി അർപ്പിച്ചു. സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ നടന്നു.
സംവിധായകനാകാനെത്തി; നടനായി
അജിത് ആഗ്രഹിച്ചത് സംവിധായകനാകാനായിരുന്നു. പക്ഷേ, വെള്ളിത്തിരയിൽ വർഷങ്ങളോളം അഭിനേതാവിെൻറ കുപ്പായമണിയാനായിരുന്നു നിയോഗം. സംവിധായകാനാവുക എന്ന മോഹവുമായി അജിത് പോയത് പത്മരാജെൻറ മുന്നിലായിരുന്നു. ഒഴിവുവരുമ്പോൾ അറിയിക്കാമെന്ന് മറുപടി ലഭിച്ചു. അവിടെനിന്ന് നിരാശനായി മടങ്ങാൻ തുടങ്ങുമ്പോഴാണ് ആ വിളി വന്നത്. സംവിധാന സഹായിയാകാനല്ല അഭിനേതാവാകാനായിരുന്നു വിളി. അങ്ങനെ, 1984ൽ ‘പറന്നുപറന്നു പറന്ന്’ എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം. തുടർന്ന് പത്മരാജൻ സിനിമകളിലെ സ്ഥിരംസാന്നിധ്യമായി അജിത് മാറി. 90കളില്‍ വില്ലന്‍വേഷങ്ങളിലൂടെ ശ്രദ്ധനേടി. പൂവിന് പുതിയ പൂന്തെന്നൽ, നാടോടിക്കാറ്റ്, അപരൻ, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, ലാൽ സലാം, നിർണയം, ഒളിമ്പ്യൻ അന്തോണി ആദം, പ്രജാപതി, ആറാം തമ്പുരാൻ, വല്ല്യേട്ടൻ, ബാലേട്ടൻ തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ കഥാപാത്രങ്ങൾ മികവുറ്റതാണ്. പ്രിയദർശെൻറ ‘വിരാസത്ത്’ എന്ന ഹിന്ദി ചിത്രത്തിലും മൂന്ന് തമിഴ് സിനിമകളിലും അഭിനയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.