മണിയുടെ പ്രസ്താവനയിലുള്ള ദുർഗന്ധം നാടിനെ നാണം കെടുത്തുന്നു -മഞ്ജു വാര്യർ
text_fieldsകോഴിക്കോട്: മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരത്തിൽ പങ്കെടുത്ത സ്ത്രീ തൊഴിലാളികളെ അപമാനിച്ച മന്ത്രി എം.എം മണിയെ രൂക്ഷമായി വിമർശിച്ച് സിനിമാ താരം മഞ്ജു വാര്യർ. പെമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരായ മന്ത്രി മണിയുടെ പ്രസ്താവനയിൽ നിന്ന് വമിക്കുന്ന ദുർഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നുവെന്ന് മഞ്ജു വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
സ്ത്രീകൾക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം എന്ന ധൈര്യം പുരുഷ സമൂഹത്തിൽ കുറേപ്പേർക്കെങ്കിലുമുണ്ട്. ഉത്തരവാദിത്തമുള്ള മന്ത്രിയും അവരിലൊരാളായി സംസാരിക്കുമ്പോൾ അത് എന്ത് സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരായ മന്ത്രി എം.എം. മണിയുടെ പ്രസ്താവനയിൽ നിന്ന് വമിക്കുന്ന ദുർഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നത്. രാജ്യം ശ്രദ്ധിക്കുകയും ഒരു പാട് പേർ ഒപ്പം നിൽക്കുകയും ചെയ്ത പോരാട്ടമായിരുന്നു പെമ്പിളൈ ഒരുമയുടേത്. അതിനെ ഏറ്റവും തരംതാഴ്ന്ന രീതിയിൽ പരിഹസിച്ചതിലൂടെയും പ്രവർത്തകരെ സ്വഭാവഹത്യ നടത്തിയതിലൂടെയും മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവർന്നു നിൽകാൻ ശ്രമിക്കുന്ന എല്ലാ സ്ത്രീകളേയുമാണ്.
ഒരുപാട് ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയും എന്നും ജനങ്ങൾക്കൊപ്പം നില്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ അദേഹത്തിന് എങ്ങനെയിങ്ങനെ പറയാൻ കഴിയുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. ആർക്കും നാവു കൊണ്ടു പോലും അപമാനിക്കാനുള്ള വസ്തുവല്ല സ്ത്രീ. അത് സമൂഹത്തോട് വിളിച്ചു പറയേണ്ട ബാധ്യതയുളളയാളാണ് ഒരു മന്ത്രി. വെറുമൊരു ഖേദപ്രകടനത്തിനുമപ്പുറം ഇനി ഇത്തരം വാക്കുകൾ തന്നിൽ നിന്ന് ഉണ്ടാകില്ലെന്ന ഉറപ്പാണ് എം.എം. മണിയിൽ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. ആത്മാഭിമാനത്തിന്‍റെ വീണ്ടെടുപ്പിനായുള്ള സമരത്തിൽ പെമ്പിളൈ ഒരുമൈക്കൊപ്പം....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.