മോഹൻലാലിന് എതിരല്ല; പുരസ്കാരദാനം താരനിശയാക്കരുത് -സി.എസ്. വെങ്കിടേശ്വരൻ
text_fieldsകോഴിക്കോട്: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ ചലച്ചിത്ര താരത്തെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ച് ചലച്ചിത്ര അക്കാദമിയിൽ നിന്നും ജനറൽ കൗൺസിലിൽ നിന്നും രാജിവെച്ചതിനെ കുറിച്ച് വിശദീകരണവുമായി എഴുത്തുകാരനും സിനിമ നിരൂപകനുമായ സി.എസ്. വെങ്കിടേശ്വരൻ. മോഹൻലാൽ എന്ന വ്യക്തിക്കോ നടനോ എതിരായ പ്രതികരണമല്ല താൻ നടത്തിയതെന്നും അങ്ങിനെ അതിനെ കാണുന്നത് യഥാർഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കലാവുമെന്നും കുറിപ്പിൽ സി.എസ്. വെങ്കിടേശ്വരൻ വ്യക്തമാക്കുന്നു
വിശദീകരണ കുറിപ്പിന്‍റെ പൂർണരൂപം:
പ്രിയ സുഹൃത്തേ,
ഇത് മോഹൻലാൽ എന്ന വ്യക്തിക്കോ നടനോ എതിരായ ഒരു പ്രതികരണമല്ല; അങ്ങിനെ അതിനെ കാണുന്നത് പലരും ചൂണ്ടിക്കാണിച്ചത് പോലെ യഥാർഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധതിരിക്കലാവും.
ഒന്നാമതായി, പുരസ്ക്കാരദാനം ഒരു താരനിശയാക്കരുത് എന്ന് ജനറൽ കൗൺസിലിലും പുറത്തും മുമ്പും ഉന്നയിച്ചിട്ടുണ്ടായിരുന്നു. പിന്നെയും അങ്ങിനെയൊരു നീക്കം ഉണ്ടായപ്പോഴായിരുന്നല്ലോ ആറ് ജനറൽ കൌൺസിൽ അംഗങ്ങളടക്കം 107 പേർ ഒപ്പിട്ട നിവേദനം സമർപ്പിച്ചത്. അത് പരിപൂർണമായി അവഗണിക്കപ്പെട്ടു.
രണ്ട്. അമ്മ പോലുള്ള ഒരു സംഘടന സ്വന്തം അംഗം കൂടിയായ നടി ആക്രമിക്കപ്പെട്ട കാര്യത്തിലെടുക്കുന്ന സ്ത്രീവിരുദ്ധമായ നിലപാട്; അത്തരമൊരു സാഹചര്യം നിലനിൽക്കെ ആ സംഘടനയുടെ അധ്യക്ഷനെത്തന്നെ - അത് ആരായാലും വിശിഷ്ടാഥിതിയായി വിളിക്കേണ്ടതുണ്ടോ എന്ന ചോദ്യം. ഈ രണ്ടു കാര്യത്തിലും യോജിപ്പില്ലാത്തതു കൊണ്ടും അതേ തീരുമാനവുമായി അക്കാദമി മുന്നോട്ടു പോകുന്നതിനാലും അതിനകത്തു നിൽക്കുന്നതിൽ അപാകതയുണ്ടെന്നു തോന്നിയതിനാലാണ് വിട്ടുപോകാൻ തീരുമാനിച്ചത്.
മലയാള സിനിമക്കകത്തെ സ്ത്രീവിരുദ്ധ നിലപാടുകളെ എല്ലാനിലയിലും - പ്രത്യക്ഷമായും പരോക്ഷമായും, അകത്തു നിന്നും പുറത്തു നിന്നും - ചോദ്യം ചെയ്യേണ്ട ഒരു സമയമാണിത് എന്നും ഞാൻ കരുതുന്നു.
പിന്നെ നമ്മൾ ഇത്തരം ‘ചെറിയ’ ഓരോ കാര്യത്തിലും ‘അകത്തു’ നിന്നു കൊണ്ട് തന്ത്രപരമായി പിന്നോട്ടു പോവുകയും അന്തിമ യുദ്ധവിജയത്തിനായി പുറത്ത് തയ്യാറെടുത്തു കൊണ്ടേയിരിക്കുന്നതിലും അൽപം മടുപ്പു തോന്നിയിരുന്നു. ഒരു വ്യക്തി എന്ന നിലക്കുള്ള ഒരു തീരുമാനമാണിത്. ഞാനിക്കാര്യം ചർച്ച ചെയ്ത എന്‍റെ അഭ്യുദയകാംക്ഷികളായ എല്ലാ സുഹൃത്തുക്കളും അതിന് എതിരുമായിരുന്നു.
ഇപ്പോൾ ഞാൻ ചെയ്യുന്ന കാര്യങ്ങൾ അക്കാദമിക്ക് പുറത്തു നിന്നു കൊണ്ടും (അക്കാദമിക്കു വേണ്ടിയും) ചെയ്യാവുന്നതാണ്; ചെയ്യുന്നതുമാണ്.
-സി.എസ്. വെങ്കിടേശ്വരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.