Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസുഹൃത്തിന്‍റെ ധീരതക്ക്...

സുഹൃത്തിന്‍റെ ധീരതക്ക് മുമ്പിൽ സല്യൂട്ട് ചെയ്യുന്നു -മഞ്ജു; സിനിമാ ലോകം ജാഗരൂകരാവണമെന്ന് ദുൽക്കർ

text_fields
bookmark_border
സുഹൃത്തിന്‍റെ ധീരതക്ക് മുമ്പിൽ സല്യൂട്ട് ചെയ്യുന്നു -മഞ്ജു; സിനിമാ ലോകം ജാഗരൂകരാവണമെന്ന് ദുൽക്കർ
cancel

കോഴിക്കോട്: പ്രമുഖ നടിയെ തട്ടികൊണ്ട്​ പോയി ശാരീരികമായി ഉപദ്രവിച്ച സംഭവത്തിൽ ശക്തമായ പ്രതികരണങ്ങളുമായി സിനിമ താരങ്ങൾ രംഗത്ത്. അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ്, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മഞ്ജുവാര്യർ, റിമ കല്ലിങ്കൽ, സംവിധായകരായ ലിജോ ജോസ് പെല്ലിശേരി, ജൂഡ് ആന്‍റണി, മേജർ രവി എന്നിവരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

ഇന്നസെന്‍റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

നമ്മിലൊരാൾക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ അത്യന്തം നീചമായ ആക്രമണം മനസിലേൽപ്പിച്ച നീറ്റൽ വിട്ടുമാറുന്നില്ല. ആക്രമിക്കപ്പെട്ട പെൺകുട്ടി ഞങ്ങളുടെ മകളാണ്; സഹോദരിയാണ്. കുറ്റവാളികൾ കർശനമായി ശിക്ഷിക്കപ്പെടണം. ഇതിനായി മനുഷ്യർ മുഴുവൻ, കേരളം മുഴുവൻ അവർക്കൊപ്പമുണ്ടാകണം. "അമ്മ'യും ചലച്ചിത്ര പ്രവർത്തകരും ഹൃദയം കൊണ്ട് അവരോട് ചേർന്നു നിൽക്കുന്നു. ഏവരെയും ഞെട്ടിച്ച ആക്രമണം നടന്ന ദിവസം പുലർച്ചെയാണ് എനിക്ക് വിവരം ലഭിക്കുന്നത്. ഉടനെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, ഡി.ജി.പി ശ്രീ. ലോകനാഥ് ബെഹ്റ എന്നിവരെ നേരിൽ ബന്ധപ്പെട്ടു. സത്വര നടപടി സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പു നൽകി.

അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന പോലീസിന്റെ അഭ്യർത്ഥന കൂടി കണക്കിലെടുത്താണ് ഞങ്ങൾ ഇക്കാര്യത്തിൽ തുടർന്ന് ഇടപെട്ടത്. സ്ത്രീകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഒരു ദയയുമില്ലാതെ കർശനമായി നേരിടുക തന്നെ വേണം. പോലീസ് അന്വേഷണം ശരിയായി മുന്നേറുന്നുണ്ട്. നിരന്തരം ഇക്കാര്യങ്ങൾ ഞങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ മകളോട്, സഹോദരിയോട് ഈ ക്രൂരത ചെയ്തവരോട് ഒന്നേ പറയാനുള്ളൂ. പരാജയം നിങ്ങളുടേത് മാത്രമാണ്. അവൾ തോറ്റു കൊടുക്കാതെ നിൽക്കും; എക്കാലവും.

ദുൽഖർ സൽമാന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

കൊടിയ ഒരു ആക്രമണത്തിന് വിധേയയായ ഇരയോടുള്ള ആദരവ് കണക്കിലെടുത്താണ് ഞാന്‍ ഇന്നലെ ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാതിരുന്നത്. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും ഒന്ന് പോസ്റ്റ് ചെയ്യുക എളുപ്പമാണ്. എന്നാല്‍, ഇതില്‍ നമ്മുടെ ഉള്ളിലെ യഥാര്‍ഥവികാരം പ്രതിഫലിക്കുമോ എന്ന് സംശയമാണ്. ഈ സംഭവം ഇതിലെല്ലാം അപ്പുറത്താണ്. അതെന്നെ അസ്വസ്ഥനാക്കുകയും ഭയപ്പെടുത്തുകയും ഉള്ളുലക്കുകയും ചെയ്തുകളഞ്ഞു. നമ്മുടെ സംസ്ഥാനത്തിലും ഇവിടുത്തെ സുരക്ഷിതാവസ്ഥയിലും സ്ത്രീകളോടുള്ള മാന്യമായ പെരുമാറ്റത്തിലുമെല്ലാം അഭിമാനം കൊള്ളുന്ന ഒരാളായിരുന്നു ഞാന്‍.

ഒരൊറ്റ ദിവസം കൊണ്ട് അതെല്ലും തകര്‍ന്നു തരിപ്പണമായിരിക്കുന്നു. ഇവള്‍ ഒരാളുടെ മകളാണ്. ഒരാളുടെ സഹോദരിയാണ്. ആരുടെയോ ബന്ധുവാണ്. സിനിമാ പ്രേമികള്‍ക്കുവേണ്ടി എത്രയോ മനോഹരമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നവളാണ്. പൊയ്മുഖമണിഞ്ഞ് ഒളിച്ചിരിക്കുന്ന ഈ നട്ടെല്ലില്ലാത്ത ഭീരുക്കളെ നമ്മുടെ പൊലീസ് പിടികൂടണമെന്നാണ് എന്‍റെ ആഗ്രഹം. എന്‍റെ പ്രാര്‍ഥന. പ്രായഭേദമന്യേയുള്ള എല്ലാ പുരുഷന്മാരോടും ജാഗരൂകരാവാന്‍ അഭ്യര്‍ഥിക്കുകയാണ് ഞാന്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ സിനിമാ ലോകവും. സ്ത്രീകളെ സംരക്ഷിക്കുന്നതിലും ബഹുമാനിക്കുന്നതിലും പരിചരിക്കുന്നതിലും നമുക്കെല്ലാം തുല്ല്യമായ ഉത്തരവാദിത്തമുണ്ട്.

മഞ്ജുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:

അവളെ കണ്ടു. ഇന്നലെ ഞങ്ങൾ, അവളുടെ സുഹൃത്തുക്കൾ ഒരു പാട് നേരം ഒപ്പമിരുന്നു. ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഓർമയുടെ നീറ്റലിൽ പൊള്ളി നിൽക്കുമ്പോഴും അവൾ ധീരയായിരുന്നു. ഞങ്ങളാണ് തളർന്നു പോയത്. പക്ഷേ അവൾ തകർന്നില്ല. ആ നിമിഷങ്ങളെ നേരിട്ട അതേ മനക്കരുത്ത് ഇന്നലെയും അവളിൽ ബാക്കിയുണ്ടായിരുന്നു. അത് ആർക്കും കവർന്നെടുക്കാനായിട്ടില്ല. ഒരു പെൺകുട്ടിയുടെ മനസിനെ ഒരിക്കലും കീഴ്‌പ്പെടുത്താനാകില്ലെന്ന് അവളുടെ മുഖം ഞങ്ങളോട് പറഞ്ഞു. ആ ധീരതക്ക് മുന്നിൽ സല്യൂട്ട് ചെയ്തു കൊണ്ട് എന്‍റെ പ്രിയ കൂട്ടുകാരിയെ ഞാൻ ചേർത്തു പിടിക്കുന്നു.. ഇപ്പോൾ നമ്മൾ അവൾക്ക് ഒപ്പം നിൽക്കുകയാണ് വേണ്ടത്. എന്നിട്ട് എന്തുകൊണ്ടിങ്ങനെ എന്ന് ഒരു നിമിഷം ചിന്തിക്കുക..

ചുണ്ടുവിരലുകൾ പരസ്പരം തോക്കു പോലെ പിടിച്ചതു കൊണ്ട് എന്താണ് പ്രയോജനം? സ്ത്രീ സമത്വമുൾപ്പെടെ പലതിലും മാതൃകയെന്ന് സ്വയം അഭിമാനിക്കുന്ന കേരളം ഇതിന് എന്ത് ഉത്തരം നൽകും? കേവലം പ്രസംഗങ്ങളിൽ ഉയർത്തിപ്പിടിക്കേണ്ടതല്ല സ്ത്രീത്വത്തിന്‍റെ അഭിമാനം. അത് ചോദിച്ചോ, കെഞ്ചിക്കരഞ്ഞോ വാങ്ങേണ്ടതുമല്ല. പുരുഷന് താൻ കൊടുക്കുന്ന ബഹുമാനം തിരിച്ചുകിട്ടാൻ സ്ത്രീക്ക് അവകാശമുണ്ട്. വീടിനകത്തും പുറത്തും ആ പരസ്പര ബഹുമാനം ഒരു സംസ്കാരമായി തീരണം. അപ്പോഴേ പുരുഷൻ വേട്ടക്കാരനും സ്ത്രീ ഇരയുമായുന്ന പതിവ് അവസാനിക്കൂ. സൗമ്യയും ജിഷയുമുണ്ടായപ്പോൾ നമ്മൾ അടച്ചുറപ്പില്ലാത്ത തീവണ്ടി മുറികളെക്കുറിച്ചും വീടുകളെക്കുറിച്ചും വിലപിച്ചു. പക്ഷേ തന്‍റെ സുഹൃത്ത് അക്രമിക്കപ്പെട്ടത് ഒരു വാഹനത്തിൽ ആൾത്തിരക്കുള്ള ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോഴാണ്.

അപ്പോൾ അടച്ചുറപ്പു വേണ്ടത് മനോനിലക്കാണ്. തന്‍റെ സുഹൃത്തിന് നേരെയെന്നല്ല, ഏതൊരു സ്ത്രീക്കു നേരെയുമുള്ള പുരുഷന്‍റെ ശാരീരികവും മാനസികവുമായ ആക്രമണങ്ങൾ വികലമായ മനോനിലയുടെയും സംസ്ക്കാരത്തിന്‍റെയും സൂചനകളാണ്. ഓരോ തവണയും ഇതുണ്ടാകുമ്പോൾ നമ്മൾ പരാതി പറഞ്ഞും ഹാഷ് ടാഗുകൾ സൃഷ്ടിച്ചും കുറച്ചു ദിവസങ്ങൾ കൊണ്ടാടും. പക്ഷേ അതിനപ്പുറം ഈ മഹാവിപത്തിന് ഒരവസാനം വേണ്ടേ? ഒരു തിരുത്തിനുള്ള പോരാട്ടമല്ലേ ആവശ്യം? ഞാൻ അതിന് മുന്നിലുണ്ടാകും...

  • നേരിടേണ്ടി വന്ന ദുരന്തം മറച്ചുവെക്കാതിരുന്ന നടിയുടെ മനക്കരുത്തിനെ അഭിനന്ദിച്ചായിരുന്നു പൃഥ്വിരാജ് പോസ്റ്റിട്ടത്.
  • ഇന്ന് നിന്‍റെ ധൈര്യത്താല്‍ നീ പതിവിലും സുന്ദരിയായിരിക്കുന്നുവെന്ന് നടൻ ഉണ്ണി മുകുന്ദൻ പ്രതികരിച്ചു.
  • ആണ്‍കുട്ടികളെ മര്യാദയും പെണ്‍കുട്ടികളെ കരാട്ടെയും പഠിപ്പിക്കേണ്ട അവസ്ഥയാണ് കേരളത്തിലെന്ന് സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ് പ്രതികരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film staractress attack case
News Summary - film stars react to actress attack case in kochi
Next Story