അവരുടെ കൂടി നടപ്പാതകള്‍
text_fieldsമുന്നോട്ടു നടക്കാന്‍ കഴിയില്ലെന്ന് സമൂഹം മുദ്ര കുത്തിയ, അരികുവത്കരിക്കപ്പെട്ട ജീവിതങ്ങളുടെ നടവഴികളാണ് 'ഫുട്പാത്ത്' എന്ന കൊച്ചു ചിത്രം വരച്ചുകാട്ടുന്നത്. പി. സന്ദീപ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഫൂട്പാത്ത് എന്ന പേര് തന്നെ അംഗവൈകല്യങ്ങളേതുമില്ലാത്ത പ്രേക്ഷക സമൂഹത്തിന്‍റെ മനസ്സില്‍ നിര്‍മ്മിച്ച പ്രതിച്ഛായ പൊളിച്ചെഴുതാൻ പാകത്തിലാണ്.
നടപ്പാതകള്‍ നടക്കാന്‍ കെല്പുള്ളവര്‍ക്ക് മാത്രമാണെന്ന ധാരണയിലാണ് അംഗവൈകല്യമുള്ളവരുടെ മുന്നിലും പിന്നിലും നടക്കുന്നവർ കരുതുന്നത്. നടപ്പാത അവസാനിക്കുന്നിടത്ത് വഴി മുട്ടി നില്‍ക്കുന്നവർ പ്രതിനിധാനം ചെയ്യുന്നത് വൈകല്യങ്ങളുടെ പേരില്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന അനേകം പേരെയാണ്. ഇതിന് സമാനമായ സ്ഥിഥിയിൽ ഹ്രസ്വചിത്രത്തിലെ കേന്ദ്ര കഥാപാത്രവും വഴിമുട്ടി നിൽക്കുന്നു. ഇയാളുടെ നിസ്സഹായാവസ്ഥ അല്പമെങ്കിലും മനസ്സിലാക്കുന്നത് അതുവഴി കടന്നു വരുന്ന വിദ്യാര്‍ത്ഥികൾക്കാണ്.
ഫുട്പാത്ത് ഒരേ സമയം 'ഡിസേബ്ള്‍ഡ്' കോളത്തിനപ്പുറത്തേക്ക് സമൂഹം അതിരു ചാടിക്കടക്കാന്‍ അനുവദിക്കാത്ത ഒരു പറ്റം മനുഷ്യരുടെ ജീവിതത്തെക്കുറിച്ചുള്ള ആശങ്കയും പ്രതീക്ഷയും പങ്കുവെക്കുകയും വളര്‍ന്നു വരുന്ന കരുത്തുറ്റ യുവതലമുറയില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്.
മലയാളത്തിൽ ദിനപ്രതി പുറത്തിറങ്ങുന്ന ഹ്രസ്വചിത്രങ്ങളെല്ലാം ഇത്തരം വിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിൽ ഏറെ പിറകിലാണ്. മലയാള ചലച്ചിത്രങ്ങളുടെ സ്ഥിതിയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. വിനയന്‍ സംവിധാനം ചെയ്ത 'മീരയുടെ ദു:ഖവും മുത്തുവിന്‍റെ സ്വപ്‌നവും പോലുള്ള സിനിമകള്‍ അംഗപരിമിതരോട് സമൂഹത്തിനുള്ള സഹതാപം അധികരിപ്പിക്കുകയാണ് ചെയ്തത്.
അതേസമയം, ചേരന്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ഓട്ടോഗ്രാഫിലെ 'മനമേ' എന്നു തുടങ്ങുന്ന ഗാനത്തിലെ വരികള്‍ പരിമിതികളെ അതിജീവിച്ച് മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിക്കുകയും അംഗ പരിമിതകള്‍ കുറവുകളല്ല, ശക്തിയാണ് എന്ന് പ്രേക്ഷകനെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.
2016 ല്‍ പുറത്തിറങ്ങിയ ഘാന ചിത്രമായ ചില്‍ഡ്രന്‍ ഓഫ് ദ മൗണ്ടെയ്ന്‍ അംഗവൈകല്യമുള്ള നാലു കുട്ടികളെ പ്രസവിച്ചതിന്‍റെ പേരില്‍ ഒരു സ്ത്രീക്ക് സമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെ കുറിച്ചും സംസാരിക്കുന്നു. സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ ജീവിതത്തെ ആധാരമാക്കി നിര്‍മ്മിച്ച 'ദി തിയറി ഓഫ് എവരിതിംഗ്' എന്ന ചിത്രം വൈകല്യങ്ങളെ മറി കടന്നു ശാസ്ത്ര ലോകത്ത് പ്രതിഭ തെളിയിച്ച ഹോക്കിങ്ങിനെ കുറിച്ചാണ് പറയുന്നത്.
കാജല്‍ അഭിനയിച്ച, ജോയ് ആലുക്കാസിന്‍റെ അടുത്തിടെ പുറത്തിറങ്ങിയ ടി.വി പരസ്യവും അംഗപരിമിതികളോടുള്ള സമൂഹിക കാഴ്ചപ്പാടിനെ പൊളിച്ചെഴുതുന്നുണ്ട്.
ഈ ശ്രേണിയിലേക്കു തന്ന കൂട്ടിവായിക്കാവുന്നതാണ് പി. സന്ദീപിന്റെ ഫുട്ട്പാത്ത് എന്ന ഹ്രസ്വ ചിത്രവും. ഈ നടപ്പാതകള്‍ നിങ്ങള്‍ക്കു മാത്രം ഉള്ളതല്ല എന്നു പറഞ്ഞു വെക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ പിന്നിലുള്ളത് ഗ്രീന്‍ പാലിയേറ്റീവ് ആണ്. ക്യാമറ അക്മല്‍ അക്കു, ജിതേഷ് കണ്ണന്‍, സയിദ് ഫഹ്രി എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മോന്‍സി വാഴക്കാട് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മുബാറക്ക് വാഴക്കാട്, അനു മുബാരിസ്, ഷിബില്‍ നാഫിഹ്, ഫാത്തിമ സഹ്‌റ ബത്തൂല്‍, ഷബ്‌ന സുമയ്യ, ഷബീര്‍ മുഹമ്മദ്, കബീര്‍ മലപ്പുറം തുടങ്ങിയവരാണ് ഹ്രസ്വചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.