‘ചായക്കടക്കാരെൻറ മൻകി ബാത്തി’ന് നിറഞ്ഞ കൈയടി
text_fieldsതിരുവനന്തപുരം: പാതിവടിച്ച തലയും മീശയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധത്തിെൻറ പുകയൂതി യഹിയ എത്തി; ഒരു ചായക്കടക്കാരെൻറ മൻകി ബാത്തിന് കാതോർക്കാൻ. നോട്ട് നിരോധനം ദുരിതം വിതറിയ നാളുകളിൽ നീറിപ്പുകഞ്ഞ കോടിക്കണക്കിന് സാധാരണക്കാരെൻറ ലക്ഷണമൊത്ത പ്രതിനിധികളിലൊരാളാണ് കടയ്ക്കൽ മുക്കുന്നം സ്വദേശി യഹിയ.
ജീവിതകാലം മുഴുവൻ മരുഭൂമിയിലും അടുക്കളമുറ്റത്തും വിയർപ്പൊഴുക്കി സ്വരുക്കൂട്ടിയ കരുതിവെപ്പുകളെല്ലാം ഒറ്റ രാത്രിക്കിപ്പുറം വെറും കടലാസുകളായി തീരുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടിവന്ന ഗതികേട്, ഒടുവിൽ നോട്ടുകളെല്ലാം ചായക്കടയിലെ അടുപ്പിലിട്ട് കത്തിച്ച്, മുൻ ചായക്കടക്കാരനെതിരെ പകുതി തലവടിച്ച് നടത്തിയ സമരപ്രഖ്യാപനം. കടയ്ക്കലുകാരുടെ മാക്സി മാമനെ നോട്ട് നിരോധനകാലത്ത് രാജ്യമറിഞ്ഞത് ഇങ്ങനെയൊക്കെയാണ്. യഹിയയുടെ ജീവിതത്തെ ആസ്പദമാക്കി മാധ്യമപ്രവർത്തകൻ സനു കുമ്മിൾ ഒരുക്കിയ ‘ഒരു ചായക്കടക്കാരെൻറ മൻകി ബാത്ത്’ ഇന്നലെ 11ാമത് രാജ്യാന്തര- ഡോക്യുമെൻററി ഹ്രസ്വചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്.
തെൻറ മുഴുവൻ അധ്വാനവും സമ്പാദ്യവും ചാരമാക്കിയ മോദിയെ ജനം അധികാരത്തിൽനിന്ന് താഴെ ഇറക്കിയിട്ടേ മുടിയും മീശയും പൂർണമായി വളർത്തൂ എന്ന ദൃഢപ്രതിജ്ഞയിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ് ഈ എഴുപത്തഞ്ചുകാരൻ. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മോദിയെ ജനം താഴെയിറക്കുമെന്നുതന്നെയാണ് യഹിയയുടെ വിശ്വാസം. മുൻ ചായക്കടക്കാരനോടുള്ള ചായക്കടക്കാരെൻറ പ്രതിഷേധത്തെ മേള ഹൃദയംകൊണ്ടാണ് സ്വീകരിച്ചത്. ‘മാധ്യമം’ കടയ്ക്കൽ ലേഖകനായ സനു കുമ്മിളിെൻറ ‘ചായക്കടക്കാരെൻറ മൻകി ബാത്ത്’ നിലവിലെ ആവിഷ്കാരരീതികളെ പൊളിച്ചെഴുതുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.