അന്തർദേശീയ ചലച്ചിത്ര മേള: കേരളത്തിൽനിന്ന് അഞ്ച് സിനിമകൾ
text_fieldsന്യൂഡൽഹി: ഗോവയില്‍ അടുത്ത മാസം 20 മുതല്‍ 28 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിെൻറ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക്‌് കേരളത്തിൽനിന്ന് അഞ്ച് മലയാള സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടു. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥപറയുന്ന മനു അശോകന്‍ സംവിധാനം ചെയ്‌ത ‘ഉയരെ’, ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്‌ത ‘ജെല്ലിക്കട്ട്’, ടി.കെ. രാജീവ്‌കുമാർ സംവിധാനം ചെയ്‌ത ‘കോളാമ്പി’ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ടത്. വയനാട്ടിലെ പണിയ വിഭാഗത്തിലുള്ളവര്‍ സംസാരിക്കുന്ന പണിയ ഭാഷയില്‍ നിർമിച്ച ‘കെഞ്ചീര’, അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിെൻറ ഭാഷയായ ഇരുളയില്‍ നിര്‍മിച്ച ‘നേതാജി’ എന്നിവയും പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മലയാളിയായ മനോജ് കാനയാണ് കെഞ്ചീരയുടെ സംവിധായകന്‍. വിജീഷ് മണിയാണ് നേതാജി സംവിധാനം ചെയ്‌തത്. കഥേതര വിഭാഗത്തില്‍ ജയരാജ് സംവിധാനം ചെയ്‌ത ‘ശബ്ദിക്കുന്ന കലപ്പ’, നേവിന്‍ വാസുദേവ് സംവിധാനം ചെയ്‌ത ‘ഇരവിലും പകലിലും ഒടിയന്‍’ എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. ദാദ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ അമിതാഭ് ബച്ചെൻറ തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനവും 50ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഉണ്ടാകുമെന്ന്‌്‌് കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു.
ഫീച്ചര്‍ വിഭാഗത്തില്‍ 26 സിനിമകളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 15 ചിത്രങ്ങളുമാണ് പനോരമയില്‍ ഉള്‍പ്പെട്ടത്. ഗുജറാത്തി ചിത്രമായ ഹല്ലാരോയാണ് പനോരമയിലെ ഉദ്ഘാടന ചിത്രം. നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്രമേള. ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ഗലി ബോയ്, എഫ് 2, സൂപ്പര്‍ 30, ബദായി ഹോ എന്നിവയാണ് മുഖ്യധാര സിനിമയെ മേളയിൽ പ്രതിനിധാനം ചെയ്യുന്ന ഇന്ത്യന്‍ ചിത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.