ഗോവയില്‍ ലോക സിനിമയുടെ പൂക്കാലം
text_fieldsപനാജി: മണ്ഡോവി നദിക്കരയില്‍ ലോകം വീണ്ടും ഒറ്റത്തിരശ്ശീലയായി. അതിരുകള്‍ മാഞ്ഞ ലോകത്തിന്‍െറ സ്പന്ദനങ്ങള്‍ തുടിക്കുന്ന എട്ടു നാളുകളിലേക്ക് കണ്ണും കാതും തുറന്ന് ഇന്ത്യയുടെ 47ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയുടെ മണ്ണില്‍ തുടക്കമായി. പോളണ്ടിന്‍െറ രാഷ്ട്രീയ സന്ദിഗ്ധതകള്‍ ഒപ്പിയെടുത്ത മാസ്റ്റര്‍ ഡയറക്ടര്‍, അന്തരിച്ച സംവിധായകന്‍ ആന്ദ്രേ വൈദയുടെ അവസാന ചിത്രം ‘ആഫ്റ്റര്‍ ഇമേജ്’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.
ഉത്തര്‍പ്രദേശിലെ പുഖ്രായനില്‍ ട്രെയിനപകടത്തില്‍ മരിച്ചവര്‍ക്കായി ഒരു നിമിഷം മൗനമാചരിച്ചാണ് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമിട്ടത്. മുതിര്‍ന്ന ഹിന്ദി ചലച്ചിത്രസംവിധായകന്‍ രമേശ് സിപ്പി ചലച്ചിത്രോത്സവത്തിന്‍െറ തിരി തെളിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ-പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡുവിന്‍െറ സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പ്രമുഖ ചലച്ചിത്ര പിന്നണിഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തെ ‘ഫിലിം പേഴ്സനാലിറ്റി ഓഫ് ദ ഇയര്‍’ അവാര്‍ഡ് നല്‍കി ആദരിച്ചു. അതിര്‍ത്തിയില്‍ വെടിയേറ്റുമരിച്ച സൈനികര്‍ക്കായി പുരസ്കാരം സമര്‍പ്പിക്കുന്നതായി എസ്.പി. ബാലസുബ്രഹ്മണ്യം പറഞ്ഞു.
യുവനടന്‍ സുശാന്ത് സിങ് രാജ്പുത്ത്, പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍, ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകര്‍, ഗവര്‍ണര്‍ മൃദുല സിന്‍ഹ എന്നിവരും സന്നിഹിതരായിരുന്നു. ഉദ്ഘാടനാനന്തരം ‘ഇന്ത്യന്‍ സിനിമയിലെ സ്ത്രീ’ എന്ന പ്രമേയത്തില്‍ പ്രത്യേക അവതരണം നടന്നു. ദിവ്യ ദത്ത, നാഗേഷ് കുക്കുനൂര്‍, നാനാ പടേക്കര്‍, സുധീഷ് മിശ്ര, മുകേഷ് തുടങ്ങിയ ചലച്ചിത്രപ്രവര്‍ത്തകര്‍ പങ്കെടുത്തു.
ഒന്നാം ലോകയുദ്ധത്തില്‍ കൈയും കാലും നഷ്ടപ്പെട്ട വിഖ്യാത ചിത്രകാരന്‍ സ്ട്രസ്മിന്‍സ്കിയുടെ ജീവിതത്തെ ഇതിവൃത്തമാക്കി ആന്ദ്രേ വൈദ ചിത്രീകരിച്ച ‘ആഫ്റ്റര്‍ ഇമേജ്’ ഉദ്ഘാടനസദസ്സ് നിറഞ്ഞ ആദരവോടെ ഏറ്റുവാങ്ങി. കഴിഞ്ഞ ഒക്ടോബറില്‍ 90ാമത്തെ വയസ്സിലാണ് വൈദ നിര്യാതനായത്. വൈദയുടെ ഒടുവിലത്തെ ചിത്രമാണ് ആഫ്റ്റര്‍ ഇമേജ്. ചിത്രത്തിന്‍െറ എഡിറ്റര്‍ ഗ്രസ്യാന ഗ്രദോണ്‍ ആന്ദ്രേ വൈദയെ അനുസ്മരിച്ചു.
പ്രായം ഒരിക്കലും വൈദയെ തളര്‍ത്തിയിരുന്നില്ളെന്ന് അദ്ദേഹം അനുസ്മരിച്ചു. ദക്ഷിണ കൊറിയന്‍ സിനിമകളുടെ പ്രത്യേക പാക്കേജാണ് ഇക്കുറി മേളയുടെ പ്രത്യേകത. വിഖ്യാത കൊറിയന്‍ സംവിധായകന്‍ ഇം കോണ്‍ ടെയ്കിനാണ് ഇക്കുറി മേളയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.