ഗോവ ചലച്ചിത്രമേള: പാർവതി മികച്ച നടി; ടേക് ഒാഫിന് പ്രത്യേക പുരസ്കാരം
text_fieldsപനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാളത്തിന് രണ്ട് പുരസ്കാരങ്ങൾ. ടേക് ഒാഫ് എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിന് പാർവതി മികച്ച നടിക്കുള്ള പുരസ്കാരം നേടി. കൂടാതെ പ്രത്യേക ജൂറി പുരസ്കാരത്തിന് ടേക് ഒാഫിൻറെ സംവിധായകൻ മഹേഷ് നാരായണനും അർഹനായി. ഗോവ ചലച്ചിത്ര മേളയുടെ ചരിത്രത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം ആദ്യമായാണ് ഒരു മലയാള നടിയെ തേടിയെത്തുന്നത്.
120 ബീറ്റ്സ് പെർ മിനിറ്റ് എന്ന ഫ്രഞ്ച് ചിത്രമാണ് മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം കരസ്ഥമാക്കിയത്. റോബിൻ കാംപില്ലോയാണ് ചിത്രം സംവിധാനം ചെയ്തത്. ഈ സിനിമയിലെ അഭിനയത്തിന് നാഹുൽ പെരസ് ബിസ്കായതിനെ മികച്ച നടനായും തെരഞ്ഞെടുത്തു. പത്ത് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് മികച്ച നടനും നടിക്കുമുള്ള പുരസ്കാരം.
കേരളത്തിലെ എല്ലാ നഴ്സുമാർക്കും പുരസ്കാരം സമർപ്പിക്കുന്നുവെന്നും സംവിധായകൻ മഹേഷ് നാരായണന് നന്ദിയെന്നും പാർവതി പുരസ്കാരം സ്വീകരിച്ചു കൊണ്ട് പറഞ്ഞു.
മേളയുടെ മത്സര വിഭാഗത്തിലും ഇന്ത്യൻ പനോരമാ വിഭാഗത്തിൽ ഉൾപ്പെട്ട ഏക മലയാള സിനിമയാണ് ടേക് ഒാഫ്. 15 സിനിമകളായിരുന്നു മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ് ടേക് ഒാഫിലെ അഭിനയത്തിന് പാർവതി മികച്ച നടിയായത്. 2017 മികച്ച മലയാള സിനിമയും ബോക്സ് ഒാഫീസ് ഹിറ്റുമായിരുന്നു ടേക് ഒാഫ്.
കടുത്ത ജീവിത പ്രതിസന്ധിക്കിടെ കുടുംബത്തിന് വേണ്ടി ഇറാഖിലെ തിർക്കിത്തിൽ ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരുടെ ജീവിതമാണ് ചിത്രത്തിലെ പ്രമേയം. എട്ടു വയസുകാരന്‍റെ അമ്മയും നഴ്സുമായ സമീറ എന്ന കഥാപാത്രമാണ് ചിത്രത്തിൽ പാർവതി അതിമനോഹരമാക്കിയത്. പാർവതിയെ കൂടാതെ കൂഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.
മനോജ് കാദം സംവിധാനം ചെയ്ത മറാത്തി ചിത്രം ഷിജിത്തിന് യുനെസ്കോ ഗാന്ധി പുരസ്കാരം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.