രാജ്യാന്തരമേളയിൽ ഇനി 14 മലയാള സിനിമകൾ, നവാഗതർക്ക് പരിഗണന
text_fieldsതിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) നിയമാവലി ചലച്ചിത്ര അക്കാദമി പരിഷ്കരിച്ചു. മലയാളത്തിൽ നിന്ന് ഒമ്പത് സിനിമകളെയാണ് പരിഗണിച്ചിരുന്നതെങ്കിൽ ഡിസംബർ ഏഴു മുതൽ 14വരെ നടക്കുന്ന മേളയിൽ 14 ചിത്രങ്ങളെ ഉൾപ്പെടുത്തും. ഇതിൽ ആറെണ്ണം നവാഗത സംവിധായകരുടേതായിരിക്കും. സംവിധായകെൻറ ഒന്നാമത്തെയോ രണ്ടാമത്തെയോ സിനിമ മാത്രമാണ് ആദ്യസിനിമയായി പരിഗണിക്കുക.
ബാക്കി എട്ട് ചിത്രങ്ങൾ രണ്ടിലധികം സിനിമകൾ സംവിധാനം ചെയ്യുന്ന സംവിധായകരുടേതാകും. 14 സിനിമകളിൽ നിന്ന് രണ്ടെണ്ണം അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കും. അന്താരാഷ്ട്ര മത്സരത്തിലേക്ക് തെരഞ്ഞെടുക്കുന്ന ഇന്ത്യൻ സിനിമകളുടേത് കേരളത്തിലെ ആദ്യപ്രദർശനം ആയിരിക്കണം എന്നത് നിർബന്ധമാക്കി. കാലിഡോസ്കോപ് എന്ന പ്രത്യേക വിഭാഗം ആരംഭിക്കും.
‘ഫിയാപ്ഫി’െൻറ (ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ) അംഗീകാരമുള്ള ഇന്ത്യക്ക് പുറത്തെ മേളകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുക. ദേശീയ പുരസ്കാരം നേടുന്ന മലയാള സിനിമ, മികച്ച മലയാളസിനിമക്ക് ദേശീയ പുരസ്കാരം നേടുന്ന സിനിമ, സംസ്ഥാന അവാർഡ് നേടുന്ന സിനിമ എന്നിവയും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മികച്ച നടൻ-നടി, സാങ്കേതികവിഭാഗം, ജൂറി പ്രൈസ് എന്നീ പുരസ്കാരങ്ങൾ കൂടിയുണ്ടാകും. മികച്ച മലയാളസിനിമക്കുള്ള ഫിപ്രെസി പുരസ്കാരം ഇനി മികച്ച നവാഗതസംവിധായകന് മാത്രമായിരിക്കും. മികച്ച മലയാളസിനിമക്കുള്ള നെറ്റ്പാക് പുരസ്കാരം അന്താരാഷ്ട്ര മത്സരത്തിലും മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിൽ നിന്ന് െതരഞ്ഞെടുക്കുന്ന സിനിമക്കായിരിക്കും.
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യ കേരള ഘടകം ഏർപ്പെടുത്തിയ ലക്ഷം രൂപയുടെ കെ.ആർ. മോഹനൻ എൻഡോവ്മെൻറ് പുരസ്കാരം അന്താരാഷ്ട്ര മത്സരരംഗത്തും ഇന്ത്യൻ സിനിമ, മലയാള സിനിമ വിഭാഗങ്ങളിലും ഉള്ള ആദ്യ സിനിമ / രണ്ടാമത്തെ സിനിമ സംവിധാനം ചെയ്ത ഇന്ത്യൻ/ മലയാളം സംവിധായകരുടെ ചിത്രങ്ങളിൽ നിന്ന് െതരഞ്ഞെടുക്കുന്ന ചിത്രത്തിന് നൽകും. 23ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്കുള്ള സിനിമകൾ അക്കാദമി ക്ഷണിച്ചിട്ടുണ്ട്. സെപ്റ്റംബർ 10 ആണ് അവസാന തീയതി.
അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി മഹേഷ് പഞ്ചു, വൈസ് ചെയർപേഴ്സൺ ബീനാപോൾ, സംവിധായകൻ ഡോ.ബിജു, അക്കാദമി ജനറൽ കൗൺസിൽ അംഗം വി.കെ. ജോസഫ്, ഛായാഗ്രാഹകൻ സണ്ണി ജോസഫ്, വിപിൻ വിജയൻ എന്നിവരടങ്ങിയ സമിതിയാണ് 22 വർഷങ്ങൾക്ക് ശേഷം മേളയുടെ നിയമാവലി പരിഷ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.