െഎ.എഫ്.എഫ്.െഎയിൽ നിന്ന് ഡയറക്ടറേറ്റ് ഒാഫ് ഫിലിം ഫെസ്റ്റിവലിനെ നീക്കി
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (െഎ.എഫ്.എഫ്.െഎ) സംഘാടക ചുമതലയിൽനിന്ന് ഡയറക്ടറേറ്റ് ഒാഫ് ഫിലിം ഫെസ്റ്റിവലിനെ (ഡി.എഫ്.എഫ്) വാർത്ത വിനിമയ മന്ത്രാലയം നീക്കി. നവംബർ 20- 28 വരെ ഗോവയിൽ നടക്കുന്ന ചലച്ചിത്രമേള മുതൽ സംഘാടന ചുമതല േദശീയ ചലച്ചിത്ര വികസന കോർപറേഷനായിരിക്കും (എൻ.എഫ്.ഡി.സി). ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്തിറക്കി. സ്മൃതി ഇറാനി വാർത്ത വിനിമയ വകുപ്പിൽ തിരിച്ചുവന്നത് മുതൽ മേളയുടെ നടത്തിപ്പിൽ മാറ്റംവരുമെന്ന ശ്രുതി ശക്തമായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രങ്ങളുടെയും ഇന്ത്യൻ പനോരമയുടെയും ചുമതല അടക്കം ചലച്ചിത്രമേളയിൽ ഡി.എഫ്.എഫിന് ഒരു പങ്കും ഇനി ഉണ്ടാവില്ല
നാടകീയമായിട്ടാണ് ഡി.എഫ്.എഫിനെ മേളയിൽനിന്ന് പുറംതള്ളിയത്. മേള ആരംഭിക്കാൻ രണ്ടു മാസം മാത്രം ശേഷിക്കേ ചലച്ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച തിരക്കിലായിരുന്നു ഡി.എഫ്.എഫ് അധികൃതർ. എന്നാൽ, കഴിഞ്ഞ ദിവസം ഉച്ചക്ക് ഡി.എഫ്.എഫ് ഒാഫിസിൽ ഫാക്സ് സന്ദേശം വഴിയാണ് മേളയുടെ സംഘാടക ചുമതലയിൽനിന്ന് നീക്കിയെന്ന് അറിയിച്ചത്. മറ്റ് അറിയിപ്പുകളൊന്നും ലഭിക്കാത്തതിനാൽ നടപടിയിൽ ഞെട്ടിയ അധികൃതർ വാർത്ത, വിനിമയ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ നേരിൽ കണ്ടപ്പോൾ മേള സംബന്ധിച്ച എല്ലാ ഫയലുകളും ഉടൻ കൈമാറണമെന്ന നിർദേശമാണ് ലഭിച്ചത്. നേരത്തേ അന്താരാഷ്ട്ര ചലച്ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനായി ഡി.എഫ്.എഫ് നിയോഗിച്ച സമിതിയെ വാർത്തവിനിമയ മന്ത്രാലയം പിരിച്ചുവിട്ടിരുന്നു.
മേളയുടെ നടത്തിപ്പിന് വാർത്ത വിനിമയ മന്ത്രാലയവുമായി ധാരണപത്രം ഉടൻ എൻ.എഫ്.ഡി.സി ഒപ്പുവെക്കും. സുനിൽ പാണ്ഡേക്കാണ് മേള നടത്തിപ്പിെൻറ മുഖ്യ ചുമതല. നടത്തിപ്പുമായി ബന്ധപ്പെട്ട സമിതികളിലും ഡി.എഫ്.എഫിൽനിന്ന് ഒരാളെപോലും ഉൾക്കൊള്ളിച്ചിട്ടില്ല. എന്നാൽ, രണ്ടു മാസം മാത്രം അവശേഷിക്കവേ എൻ.എഫ്.ഡി.എഫ്.സിക്ക് മേള എങ്ങനെ സംഘടിപ്പിക്കാനാവുമെന്ന ആശങ്കയും ഇതോടൊപ്പം ഉയരുന്നുണ്ട്. ഫെസ്റ്റിവൽ ഡയറക്ടറെ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല.
മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡി.എഫ്.എഫിനെതിരെ ചലച്ചിത്ര പ്രവർത്തകരിൽനിന്നും ആസ്വാദകരിൽനിന്നും വിമർശനം ഉയർന്നിരുന്നു. സിനിമ തെരഞ്ഞെടുക്കലിൽ അടക്കം പാളിച്ചയുണ്ടെന്നായിരുന്നു ആക്ഷേപം. ഭരത് ബാല, സുധീർ മിശ്ര എന്നിവരടങ്ങുന്ന സമിതി മേളയുടെ ചുമതല പ്രഫഷനൽ സംഘടനക്ക് കൈമാറണമെന്ന് കേന്ദ്ര സർക്കാറിന് ശിപാർശ സമർപ്പിച്ചിരുന്നു. ഇവ ചൂണ്ടിക്കാണിച്ചാണ് ഡി.എഫ്.എഫിനെ പുറത്താക്കിയതിനെ മന്ത്രാലയം അധികൃതർ ന്യായീകരിക്കുന്നത്. അതേസമയം, മേള മുംബൈയിലേക്ക് മാറ്റാനും അതിൽ മേധാവിത്വം പുലർത്താനും ബോളിവുഡ് ആഗ്രഹിക്കുന്നുണ്ട്. എൻ.എഫ്.ഡി.സിയിലെ സ്വാധീനം ഉപയോഗിച്ച് ബോളിവുഡ് അന്താരാഷ്ട്ര ചലച്ചിത്ര മേള കൈപ്പിടിയിലൊതുക്കുമോയെന്നും ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.