മേളയില്‍ കേട്ടത്...
text_fieldsഉണ്ണി ആര്‍ (തിരക്കഥാകൃത്ത്):
വ്യത്യസ്തതയാണ് ചലച്ചിത്രമേളകളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഇത്തവണയും നിരവധി മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ജനങ്ങള്‍ വരുന്നത് സിനിമ കാണാനാണ്. അവര്‍ സിനിമ കാണാന്‍ കഴിയാതെ മടങ്ങിപ്പോകുന്ന സാഹചര്യം ഒഴിവാക്കണം. അതിനായി പരിമിതികള്‍ക്കുള്ളില്‍ നിന്ന് ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തണം.
അഭിജാ ശിവകല (അഭിനേത്രി):
വിവാദങ്ങളുടെ മുഷിപ്പ് ഇത്തവണത്തെ ചലച്ചിത്രമേളയുടെ ശോഭയ്ക്ക് മങ്ങല്‍ വരുത്തിയെന്നു തോന്നുന്നു. അതൊഴിച്ചാല്‍ അടുത്ത ചലച്ചിത്രമേളവരെ ഓര്‍ത്തിരിക്കാന്‍ നല്ല നിമിഷങ്ങള്‍ ഈ മേള സമ്മാനിച്ചു.
വി.കെ. ചെറിയാന്‍ (സിനിമാ നിരൂപകന്‍):
ആരവവും ജനപങ്കാളിത്തവും നല്ലതാണ്. പക്ഷേ അത് സിനിമാസ്വാദനത്തിന് കോട്ടം വരുത്തുന്ന രീതിയിലാകരുത്. സിനിമാ പ്രവര്‍ത്തകരെ കൂടുതല്‍ ഉള്‍പ്പെടുത്തിയുള്ള സജ്ജീകരണം മേളയുടെ നല്ല നടത്തിപ്പിന് ഉപയുക്തമാകും.
സനല്‍ കുമാര്‍ ശശിധരന്‍ (സംവിധായകന്‍):
ഐ.എഫ്.എഫ്.കെയുട നേട്ടവും കോട്ടവും ജനബാഹുല്യമാണ്. പല തിയേറ്ററുകളും ഒഴിഞ്ഞു കിടക്കുമ്പോഴും ചില തിയറ്ററുകളില്‍ തള്ളല്‍ വരുന്നു. പ്രേക്ഷകപ്രീതിയറിഞ്ഞ് നല്ല സിനിമകള്‍ വലിയ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് ഉചിതമാകും.
സൈബല്‍ മിത്ര (സംവിധായകന്‍):
സംവിധായക കേന്ദ്രീകൃതമായ ഒരു ചലച്ചിത്രമേളയാണിത്. ഞങ്ങളെപ്പോലുള്ള പ്രാദേശിക സംവിധായകര്‍ക്ക് ഐ.എഫ്.എഫ്.കെ പോലുള്ള ചലച്ചിത്രമേളകള്‍ നല്‍കുന്ന പ്രോത്സാഹനം വലുതാണ്.
അനാര്‍ക്കലി (അഭിനേത്രി):
നല്ല ചിത്രങ്ങളാണ് ഇത്തവണയും മേളയെ മനോഹരമാക്കിയത്. കഴിഞ്ഞ വര്‍ഷം ഞാന്‍ വോളന്‍്റിയറായാണ് മേളയുടെ ഭാഗമായത്. ഇത്തവണ അഭിനേത്രിയായി കടന്നുവന്നതില്‍ സന്തോഷമുണ്ട്.
ഗ്രീന്‍ സെങ് (സംവിധായകന്‍) :
വളരെ ആഹ്ളാദപ്രദമായ അന്തരീക്ഷമാണിത്. മേളയിലെ സംഘാടകമികവ് പ്രശംസിക്കേണ്ടതാണ്. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച എന്‍്റെ 'ദി റിട്ടേണ്‍' എന്ന സിനിമക്ക് ലഭിച്ചുകൊണ്ടിരുന്ന പ്രേക്ഷകശ്രദ്ധയില്‍ സന്തോഷമുണ്ട്.
പ്രിയന്ത കല്‍വരാച്ചി (സംവിധായകന്‍):
ആദ്യ ചിത്രവുമായി കേരളത്തിന്‍്റെ ചലച്ചിത്രമേളയിലേക്ക് കടന്നുവരാനായതില്‍ അഭിമാനമുണ്ട്. മികച്ച പ്രേക്ഷകരാണ് മേളയ്ക്കുള്ളത്. സിനിമകള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നത് ഏറെ ആഹ്ളാദം നല്‍കുന്നു.
സാന്ത്വന ബൊല്‍ഡോയ് (സംവിധായിക):
മികച്ച ചലച്ചിത്രമേളയായി ഐ.എഫ്.എഫ്.കെ വളര്‍ന്നിരിക്കുന്നു. സിനിമയെ ഗൗരവപൂര്‍വം സമീപിക്കുന്ന യുവ സംവിധായകരെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
പ്രദീബ് കുര്‍ബ (സംവിധായകന്‍):
ഏതാണ്ട് 10 വര്‍ഷത്തെ സിനിമാപാരമ്പര്യം മാത്രമുള്ള മേഘാലയയില്‍ നിന്നു വരുന്ന സംവിധായകനാണ് ഞാന്‍. എന്‍്റെ സിനിമ ഇത്രവലിയ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുക എന്നത് വലിയ കാര്യമാണ്. മഹത്തായ പാരമ്പര്യമുള്ള മലയാള സിനിമയോട് എനിക്ക് അതീവ താത്പര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.