കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയേറ്റം
text_fieldsതിരുവനന്തപുരം: പ്രളയാനന്തര കേരളത്തെ കൈപിടിച്ചുയർത്താൻ അതിജീവനത്തിെൻറ സന്ദേ ശവുമായി 23ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) വെള്ളിയാഴ്ച മിഴിതുറക് കും. നിശാഗന്ധിയിൽ വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ മേളക്ക് തിരിതെളിക്കും. മന്ത്രി എ.കെ. ബാലന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബംഗാളി സംവിധായകന് ബുദ്ധദേവ്ദാസ ് ഗുപ്ത മുഖ്യാതിഥിയാകും. നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ഇറാനിയന്‍ സംവിധായകന് മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. തുടർന്ന് ഇറാനിയന്‍ സംവിധായകൻ അസ്ഗര്‍ ഫര്‍ഹാദിയുടെ ‘എവരിബഡി നോസ്’ പ്രദര്‍ശിപ്പിക്കും.
ദുരന്തം വിതച്ച ജീവിതങ്ങള്‍ക്ക് അതിജീവനസന്ദേശവുമായി 164 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാന്‍ പ്രചോദനമാകുന്ന ആറ് ചിത്രങ്ങളടങ്ങിയ ‘ദ ഹ്യൂമന്‍ സ്പിരിറ്റ്: ഫിലിംസ് ഓണ്‍ ഹോപ് ആന്‍ഡ് റീബില്‍ഡിങ്’ ഉൾപ്പെടെ 11 വിഭാഗങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. മെല്‍ ഗിബ്സണിെൻറ ‘അപ്പോകാലിപ്റ്റോ’, ജയരാജിെൻറ ‘വെള്ളപ്പൊക്കത്തില്‍’, ഫിഷര്‍ സ്റ്റീവന്സിെൻറ ‘ബിഫോര്‍ ദി ഫ്ലഡ്’, ‘മണ്ടേല: ലോങ് വാക് ടു ഫ്രീഡം’ തുടങ്ങിയ ആറ് ചിത്രങ്ങളാണ് ഹോപ് ആൻഡ് റീബില്‍ഡിങ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.
‘ഈ.മ.യൗ.’, ‘സുഡാനി ഫ്രം നൈജീരിയ’ എന്നീ മലയാളചിത്രങ്ങൾ ഉൾപ്പെടെ 14 എണ്ണമാണ് മത്സരവിഭാഗത്തിലുള്ളത്. 13 വരെ നഗരത്തിലെ 13 തിയറ്ററുകളിലായാണ് മേള.
പാസ് വിൽപന കുറഞ്ഞു
തിരുവനന്തപുരം: മേളയുടെ ഡെലിഗേറ്റ് ഫീസ് 650 രൂപയിൽ നിന്ന് 2000 രൂപയാക്കിയപ്പോൾ സിനിമ കാണേണ്ടെന്ന് തീരുമാനിച്ചവരേറെ. മുൻ വർഷങ്ങളിൽ 12,000 മുതൽ 13,000 വരെ പാസുകൾ വിതരണം ചെയ്ത സ്ഥാനത്ത് ഇത്തവണ വിറ്റുപോയത് 7500 ഓളം പാസുകൾ മാത്രമെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു ‘മാധ്യമ’ത്തോട് പറഞ്ഞു.
മേളക്കായി അനുവദിച്ചിരുന്ന ആറരക്കോടി പ്രളയത്തെതുടർന്ന് സർക്കാർ റദ്ദ് ചെയ്തതോടെയാണ് വിദ്യാർഥികൾക്കടക്കം ഫീസ് വർധിപ്പിച്ചും സ്പോൺസർഷിപ് വഴിയും മേള നടത്താൻ സാംസ്കാരിക വകുപ്പ് തീരുമാനിച്ചത്. എന്നാൽ, നല്ലൊരു ശതമാനം ആരാധകവൃന്ദം മേളയെ കൈയൊഴിഞ്ഞതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ചലച്ചിത്ര അക്കാദമി. പാസ് വിൽപന കുറഞ്ഞതിനെത്തുടർന്ന് ചലച്ചിത്രമേളയുടെ ചരിത്രത്തിൽ ആദ്യമായി 1000 രൂപക്ക് ത്രിദിന പാസ് സൗകര്യവും പരീക്ഷിച്ചെങ്കിലും അതും ഫലം കണ്ടിട്ടില്ല. ഫണ്ടിെൻറ അപര്യാപ്തതയെ തുടർന്ന് ഈ മാസം ഒമ്പതുവരെ ഓൺലൈൻ രജിസ്ട്രേഷൻ തുടരാൻ അക്കാദമി തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.