37ാം വിവാഹ വാർഷികത്തിൽ ശശിയും സീമയും വീണ്ടും ‘വിവാഹിതരായി’
text_fieldsകോഴിക്കോട്: 37ാം വിവാഹവാർഷികത്തിൽ ഐ.വി. ശശിക്കും പത്നി സീമക്കും ഒരു അമ്പരപ്പിക്കുന്ന സർപ്രൈസുമായി പ്രിയ സുഹൃത്തും നിർമാതാവുമായ പി.വി. ഗംഗാധരൻ എന്ന പി.വി.ജി കാത്തിരിപ്പുണ്ടായിരുന്നു. ഇരുവരും പിരിയുകയാണെന്ന വ്യാജപ്രചാരണങ്ങളെ പൊളിച്ചടുക്കാനായി അദ്ദേഹം ഒരുക്കിയ ഒരു രണ്ടാം ‘വിവാഹം’. മാങ്കാവിലെ പി.വി.ജിയുടെ കേരളകല എന്ന വീട്ടിൽ വിവാഹവാർഷികമായ ആഗസ്റ്റ് 28നായിരുന്നു ചടങ്ങ്.
ഹാരമണിയിക്കൽ, കേക്ക് മുറിക്കൽ, സദ്യ തുടങ്ങിയവയെല്ലാം ആഘോഷത്തിെൻറ ഭാഗമായി ഒരുക്കിയതുകണ്ട് വധൂവരന്മാർ ആശ്ചര്യപ്പെട്ടു. ഇല്ല ഞങ്ങൾ പിരിയുന്നില്ല, ഇനിയാരും ഗോസിപ്പിനുപിറകേ പോവില്ലല്ലോ എന്ന് ചിരിയോടെ ഇരുവരും പറയുകയും ചെയ്തു. പതിറ്റാണ്ടുകൾക്കുമുമ്പ് ചെന്നൈയിൽ നടന്ന വിവാഹചടങ്ങിലും ആദ്യവസാനം ഒപ്പമുണ്ടായിരുന്നു പി.വി.ജി. സംവിധായകനും നിർമാതാവും എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കളായിരുന്നു തങ്ങളെന്ന് അദ്ദേഹം ഓർക്കുന്നു. അദ്ദേഹത്തിെൻറ നിർമാണകമ്പനിയായ ഗൃഹലക്ഷ്മി പ്രൊഡക്ഷനുമായി ചേർന്ന് ഐ.വി. ശശി ഒരുക്കിയ അങ്ങാടി, മനസാ വാചാ കർമണ, അഹിംസ, വാർത്ത, ചിരിയോ ചിരി എന്നിവയെല്ലാം അക്കാലത്തെ ഹിറ്റ് ചിത്രങ്ങളായിരുന്നു.
അങ്ങാടി, വാർത്ത, അഹിംസ, മനസാവാചാ കർമണ എന്നിവയെല്ലാം ടി. ദാമോദരെൻറ തിരക്കഥയിൽ പിറന്നതായിരുന്നു. ഹിറ്റ് സിനിമകളൊരുക്കിയ ടി. ദാമോദരൻ-ഐ.വി ശശി കൂട്ടുകെട്ടിന് നിമിത്തമായതും പി.വി. ഗംഗാധരൻ തന്നെ. ഉത്സവത്തിെൻറ ചിത്രീകരണത്തിനിടെയാണ് ഐ.വി. ശശിയെത്തേടി താൻ ചെന്നതെന്ന് പി.വി.ജി ഓർക്കുന്നു.
സംവിധായകൻ എന്ന നിലക്ക് പ്രതിഭ തെളിയിച്ചതിനൊപ്പം നല്ലൊരു പാചകക്കാരൻ കൂടിയായിരുന്നു ഐ.വി. ശശിയെന്ന് പി.വി.ജി സാക്ഷ്യപ്പെടുത്തുന്നു. ചെന്നൈയിൽ ചെല്ലുമ്പോഴെല്ലാം രുചികരമായ നോൺ വെജ് വിഭവങ്ങൾ ഒരുക്കിവെക്കാറുണ്ട്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി മാസത്തോളം നീണ്ട ജപ്പാൻപര്യടനത്തിലും സംവിധായകെൻറ മനസ്സറിഞ്ഞുകൊണ്ട് നിർമാതാവെന്ന നിലക്ക് പി.വി.ജി ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.