സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു
text_fieldsകോട്ടയം: അക്ഷരനഗരിയില്‍ ഒഴുകിയത്തെിയ ജനസാഗരത്തെ സാക്ഷിയാക്കി 45ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. പൊലീസ് പരേഡ്ഗ്രൗണ്ടില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.സി. ജോസഫ് അവാര്‍ഡ ഗ്രന്ഥ പ്രകാശനം മന്ത്രി ഡോ. എം.കെ. മുനീറിന് കൈമാറി നിര്‍വഹിച്ചു. നടന്‍ മോഹന്‍ലാല്‍ മുഖ്യപ്രഭാഷണം നടത്തി. സമഗ്രസംഭാവനക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്കാരം സംവിധായകന്‍ ഐ.വി. ശശി മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. മികച്ച കഥാചിത്രമായ ‘ഒറ്റാലി’ന്‍െറ സംവിധായകന്‍ ജയരാജും നിര്‍മാതാവ് കെ. മോഹനനും രണ്ടുലക്ഷം വീതവും ശില്‍പവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. കുട്ടികളുടെ മികച്ച ചിത്രമായ ‘അങ്കുര’ത്തിന്‍െറ നിര്‍മാതാവ് പ്രദീപ് കാന്‍ധാരിക്ക് മൂന്നുലക്ഷവും സംവിധായകന്‍ ടി. ദീപേഷിന് ലക്ഷവും നല്‍കി.
രണ്ടാമത്തെ മികച്ച ചിത്രമായ ‘മൈ ലൈഫ് പാര്‍ട്ട്ണറു’ടെ സംവിധായകന്‍ പത്മകുമാര്‍, നിര്‍മാതാവ് കെ.എ. റെജിമോന്‍ എന്നിവര്‍ ഒന്നരലക്ഷം വീതം കാഷ് അവാര്‍ഡും ശില്‍പവും പ്രശസ്തിപത്രവും സ്വീകരിച്ചു. മികച്ച സംവിധായകനുള്ള രണ്ടുലക്ഷം രൂപയുടെ കാഷ് അവാര്‍ഡും ശില്‍പവും പ്രശസ്തിപത്രവും സനല്‍കുമാര്‍ ശശിധരന്‍ (ഒരാള്‍പ്പൊക്കം) ഏറ്റുവാങ്ങി. മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ട നിവിന്‍ പോളി (ബാംഗ്ളൂര്‍ ഡേയ്സ്, 1983), സുദേവ് നായര്‍ (മൈ ലൈഫ് പാര്‍ട്ട്ണര്‍) എന്നിവര്‍ ലക്ഷം പങ്കിട്ടു. ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രമായ ‘ഓംശാന്തി ഓശാന’യുടെ സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ്, നിര്‍മാതാവ് ആല്‍വിന്‍ ആന്‍റണി, മികച്ച നവാഗത സംവിധായകനായ എബ്രിഡ് ഷൈന്‍ (1983) എന്നിവര്‍ക്ക് ലക്ഷം വീതവും നല്‍കി.
മികച്ച നടിയായ നസ്റിയ നസീം (ഓംശാന്തി ഓശാന, ബാംഗ്ളൂര്‍ ഡേയ്സ്), രഞ്ജിത്ത് (തിരക്കഥ), അനൂപ് മേനോന്‍ (സ്വഭാവ നടന്‍), സേതുലക്ഷ്മി (സ്വഭാവ നടി), മാസ്റ്റര്‍ അദൈ്വത് (ബാലതാരം), അന്ന ഫാത്തിമ (മികച്ച ബാലതാരം), സിദ്ധാര്‍ഥ് ശിവ (കഥാകൃത്ത്), അഞ്ജലി മേനോന്‍ (തിരക്കഥ), ഒ.എസ്. ഉണ്ണികൃഷ്ണന്‍ (ഗാനരചന), രമേഷ് നാരായണന്‍ (സംഗീത സംവിധാനം), ബിജിബാല്‍ (പശ്ചാത്തല സംഗീതം), ലിജോ പോള്‍ (ചിത്രസംയോജനം), ഇന്ദുലാല്‍ കാവീട് (കലാസംവിധാനം), സന്ദീപ് കുറിശ്ശേരി, ജിജി മോന്‍ ജോസഫ് (ലൈവ് സൗണ്ട്), ഹരികുമാര്‍ (ശബ്ദസങ്കലനം), തപസ് നായക് (സൗണ്ട് ഡിസൈന്‍), രംഗനാഥന്‍ (കളറിസ്റ്റ്), മനോജ് അങ്കമാലി (മേക്കപ്പ്), സമീറ സനീഷ് (വസ്ത്രാലങ്കാരം), ഹരിശാന്ത് (ഡബ്ബിങ്), വിമ്മി മറിയം ജോര്‍ജ് (ഡബ്ബിങ്്), സജ്നാ നജാം (നൃത്തസംവിധാനം) എന്നിവര്‍ അരലക്ഷംരൂപയും ശില്‍പവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.
മികച്ച സിനിമാഗ്രന്ഥ രചനക്കുള്ള അവാര്‍ഡ് വി.കെ. ജോസഫും (അതിജീവനത്തിന്‍െറ ചലച്ചിത്ര ഭാഷ്യങ്ങള്‍), മികച്ച സിനിമാ ലേഖകനുള്ള അവാര്‍ഡ് രവി മേനോനും (ശബ്ദലോകത്തെ ഇളമണ്‍ഗാഥ), കെ.സി. ജയചന്ദ്രനും (പായലുപോലെ പ്രണയം) സ്വീകരിച്ചു. പ്രത്യേക ജൂറി പുരസ്കാര ജേതാവായ പ്രതാപ് പോത്തന്‍, ജൂറി പരാമര്‍ശം ലഭിച്ച എം.ജി. സ്വരസാഗര്‍, ഡോ. ജോര്‍ജ് മാത്യു, ചെമ്പ്രാശേരി എ.യു.പി. സ്കൂള്‍, യക്സാന്‍ ഗ്യാരി പെരേര, നേഹ എസ്. നായര്‍, ഇന്ദ്രന്‍സ് എന്നിവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. മികച്ച ഛായാഗ്രാഹകനായ അമല്‍ നീരദിനുവേണ്ടി പിതാവ് പ്രൊഫ. സി.ആര്‍. ഓമനക്കുട്ടന്‍ അവാര്‍ഡ് സ്വീകരിച്ചു. നസ്റിയ അവാര്‍ഡ് ഏറ്റുവാങ്ങുന്നതുകാണാന്‍ ഭര്‍ത്താവും നടനുമായ ഫഹദ് ഫാസിലും എത്തിയിരുന്നു. ജി.കെ. പിള്ള, ജയരാജ് എന്നിവരെ ചടങ്ങില്‍ പ്രത്യേകം ആദരിച്ചു.
എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ആമുഖപ്രഭാഷണം നടത്തി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ്നാഥ്, സതീഷ് ബാബു പയ്യന്നൂര്‍, ജോണ്‍പോള്‍ എന്നിവര്‍ ജൂറി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ജോസ് കെ. മാണി എം.പി, ആന്‍േറാ ആന്‍റണി എം.പി, എം.എല്‍.എമാരായ കെ. സുരേഷ് കുറുപ്പ്, മോന്‍സ് ജോസഫ്, ഡോ. എന്‍. ജയരാജ്, കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍, സ്പോണ്‍സര്‍മാരായ എസ്.ബി.ടി മാനേജിങ് ഡയറക്ടര്‍ ജീവന്‍ദാസ് നാരായണ്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും സംഘാടകസമിതി ജനറല്‍ കണ്‍വീനറുമായ ജോഷി മാത്യു നന്ദിയും പറഞ്ഞു.
സംഗീതസംവിധായകന്‍ ബിജിബാല്‍ നയിച്ച ഗാനസന്ധ്യയില്‍ മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകരായ മധു ബാലകൃഷ്ണന്‍, സുദീപ് കുമാര്‍, സിത്താര, ശ്രീറാം, ഗണേശ് സുന്ദരം, ചിത്ര അരുണ്‍, സൗമ്യ രാമകൃഷ്ണന്‍, നിഖില്‍ മാത്യു, വിപിന്‍ ലാല്‍ (തൈക്കൂടം ബ്രിഡ്ജ്) എന്നിവര്‍ അണിനിരന്നു. പ്രശസ്ത നര്‍ത്തകന്‍ നസീര്‍ അവതരിപ്പിച്ച ഈജിപ്ഷ്യന്‍ സൂഫി നൃത്തമായ ‘തനോറ’ കാണികളെ വിസ്മയത്തിലാറാടിച്ചു. നസീറിനെയും ഷീലയേയും കോര്‍ത്തിണക്കി ‘പ്രേമം’ സിനിമയിലെ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച കോട്ടയം നസീര്‍ഷോ കാണികള്‍ക്ക് ഹരം പകര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.