‘അമ്മ’യിലെ ഭിന്നത പുറത്ത്; രണ്ടു വാദങ്ങളുമായി ജഗദീഷ്, സിദ്ദീഖ്
text_fieldsകൊച്ചി: രണ്ടുദിവസം മുമ്പ് സിനിമയിലെ വനിത കൂട്ടായ്മ (ഡബ്ല്യു.സി.സി) പ്രതിനിധികൾ വാർത്തസമ്മേളനം നടത്തി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി തിങ്കളാഴ്ച ‘അമ്മ’ എത്തിയപ്പോൾ അത് സംഘടനയിലെ ഭിന്നതകൂടി മറനീക്കുന്നതായി. രാവിലെ ‘അമ്മ’ യുടെ ഒൗദ്യോഗിക വക്താവ് എന്ന നിലയിൽ ട്രഷറർ ജഗദീഷ് തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് പത്രക്കുറിപ്പ് നൽകിയതിന് പിന്നാലെ ഉച്ചകഴിഞ്ഞ് സെക്രട്ടറി സിദ്ദീഖ് മുതിർന്ന നടി കെ.പി.എ.സി ലളിതക്കൊപ്പം എഴുപുന്നയിലെ സിനിമയുടെ സെറ്റിൽ നടത്തിയ വാർത്തസമ്മേളനമാണ് സംഘടനക്കുള്ളിലെ ആശയക്കുഴപ്പവും ഭിന്നതയും പുറത്തുകൊണ്ടുവന്നത്.
ഡബ്ല്യു.സി.സിയുടെ ആരോപണങ്ങളോട് ‘അമ്മ’ മൗനം തുടരുന്നത് ചർച്ചയായിരുന്നു. ഇതിനിടെയാണ് ജഗദീഷ് തിങ്കളാഴ്ച രാവിലെ പത്രക്കുറിപ്പ് ഇറക്കിയത്. ദിലീപ് തെറ്റുകാരനാണോ അല്ലയോ എന്ന് ‘അമ്മ’ നിലപാടെടുത്തിട്ടില്ലെന്നായിരുന്നു വിശദീകരണം. രേവതിയും പാർവതിയും പദ്മപ്രിയയും ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ ശ്രമങ്ങളുമായി മുന്നോട്ടുപോകുേമ്പാൾ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടിവന്നെന്നും വൈകാതെ ജനറൽ ബോഡി വിളിച്ചുകൂട്ടാമെന്നാണ് പ്രതീക്ഷയെന്നും പത്രക്കുറിപ്പിലുണ്ട്. ‘അമ്മ’ക്കുവേണ്ടി ഒൗദ്യോഗിക വക്താവ് എന്നാണ് തെൻറ പേര് വെച്ച പത്രക്കുറിപ്പിൽ ജഗദീഷ് പറയുന്നത്.
എന്നാൽ, ജഗദീഷ് സംഘടനയുടെ ട്രഷറർ മാത്രമാണെന്നും ഒൗദ്യോഗിക വക്താവിെൻറ ചുമതല നൽകിയിട്ടില്ലെന്നുമായിരുന്നു വാർത്തസമ്മേളനത്തിൽ സിദ്ദീഖിെൻറ പ്രതികരണം. മോഹൻലാലടക്കം ഭാരവാഹികളുമായി ആലോചിച്ച ശേഷമാണ് താൻ മാധ്യമങ്ങളെ കാണുന്നത്. ‘അമ്മ’യുടെ ഒൗദ്യോഗിക നിലപാടാണ് പറയുന്നതെന്നും ജഗദീഷിെൻറ പത്രക്കുറിപ്പ് കണ്ടിട്ടില്ലെന്നും സിദ്ദീഖ് വിശദീകരിച്ചു. ജനറൽ ബോഡി ഇനി അടുത്ത ജൂണിൽ മാത്രമേയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപ് മോഹൻലാലിന് രാജിക്കത്ത് നൽകിയതിനെക്കുറിച്ച് ജഗദീഷിെൻറ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നില്ല.
എന്നാൽ, സിദ്ദീഖ് ഇക്കാര്യം ആദ്യമേതന്നെ വെളിപ്പെടുത്തി. അനുനയ ചർച്ചക്ക് സാധ്യത തുറന്നിടുന്നതായിരുന്നു ജഗദീഷിെൻറ വിശദീകരണമെങ്കിൽ ഡബ്ല്യു.സി.സിയോട് വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു സിദ്ദീഖിെൻറ വാക്കുകൾ. സിദ്ദീഖിെൻറ വാദങ്ങളെ തള്ളി പിന്നീട് ജഗദീഷും രംഗത്തെത്തി. മോഹൻലാലടക്കമുള്ളവരോട് ആലോചിച്ചാണ് പത്രക്കുറിപ്പ് ഇറക്കിയതെന്നും താൻ ഒൗദ്യോഗിക വക്താവാണെന്നും സിദ്ദീഖ് ഉൾപ്പെടെ ഭാരവാഹികൾക്ക് പത്രക്കുറിപ്പ് കൈമാറിയിരുന്നെന്നും ജഗദീഷ് പറഞ്ഞു. അച്ചടക്കമുള്ള അംഗമെന്ന നിലയിൽ താൻ സിദ്ദീഖിന് മറുപടി പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘അമ്മ’യിലെ തെൻറ അംഗത്വം ചൂണ്ടിക്കാട്ടി ഡബ്ല്യു.സി.സി വാർത്തസമ്മേളനം നടത്താനിടയുണ്ടെന്ന് അറിഞ്ഞാണ് ദിലീപ് മുൻകൂട്ടി രാജിക്കത്ത് നൽകിയതെന്നാണ് സൂചന. എന്നാൽ, ‘അമ്മ’ നേതൃത്വം ഇക്കാര്യം വെളിപ്പെടുത്താതിരുന്നത് നടിമാർ രംഗത്തുവരാൻ വഴിയൊരുക്കി. ഒൗദ്യോഗിക വക്താവെന്ന പേരിൽ ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പിലും രാജിക്കാര്യം മറച്ചുവെച്ചു. ഇതിൽ അസംതൃപ്തനായ ദിലീപിെൻറ സമ്മർദമാണത്രെ സിദ്ദീഖിനെ വാർത്തസമ്മേളനത്തിന് പ്രേരിപ്പിച്ചത്. നടിമാർക്ക് മറുപടി നൽകുന്ന വാർത്തസമ്മേളനത്തിൽ ‘അമ്മ’ ഭാരവാഹിയല്ലാതിരുന്നിട്ടും നടി കെ.പി.എ.സി ലളിതയെ പെങ്കടുപ്പിച്ചതും വ്യക്തമായ ലക്ഷ്യത്തോടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.