കേരളത്തില്‍ ആനയെ എഴുന്നള്ളിക്കാമെങ്കില്‍ കാളപ്പോര് എതിര്‍ക്കുന്നതെന്തിന് –കമല്‍ഹാസന്‍
text_fieldsചെന്നൈ: ജെല്ലിക്കെട്ട് വിഷയത്തില്‍ ചില കേന്ദ്രങ്ങള്‍നിന്ന് തമിഴ്നാടിനോട് ഇരട്ട സമീപനം സ്വീകരിക്കുന്നത് ശരിയല്ളെന്ന് നടന്‍ കമല്‍ഹാസന്‍. ജെല്ലിക്കെട്ടിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് ചെന്നൈയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെല്ലിക്കെട്ട് പ്രക്ഷോഭത്തെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ അഭിപ്രായം പറഞ്ഞിരുന്നു.
‘‘കേരളത്തില്‍ വെടിക്കെട്ടുകളുടെ അകമ്പടിയോടെ പൂരത്തിനും മറ്റും ഒരു തടസ്സവുമില്ലാതെ ആനയെ എഴുന്നള്ളിക്കാമെങ്കില്‍ തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടു നടത്തുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ നിരവധി മനുഷ്യര്‍ മദമിളകിയ ആനകളുടെ കുത്തേറ്റ് മരിച്ചിട്ടും ആന എഴുന്നള്ളിപ്പ് തടയുന്നില്ല. ഉത്സവങ്ങളില്‍ മണിക്കൂറുകളോളം ആനകളെ വെയിലത്തു നിര്‍ത്തുന്നു. അവയുടെ സാന്നിധ്യത്തിലാണ് വാദ്യമേളങ്ങളും വെടിക്കെട്ടും നടത്തുന്നത്. ഇവയുമായി ഇഴുകിച്ചേരാന്‍ ആനകള്‍ പരിശീലനം നല്‍കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍, തമിഴ്നാട്ടില്‍ വര്‍ഷത്തില്‍ ഒരുദിവസം നടത്തുന്ന കാളപ്പോരിനുമാത്രം നിരോധനം. കേരളത്തിനും തമിഴ്നാട്ടിനും രണ്ടു നിയമം പാടില്ളെന്നും ജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്‍െറ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ജെല്ലിക്കെട്ട് പ്രക്ഷോഭം ഒരുനാള്‍ പൊട്ടിമുളച്ചതല്ളെന്നും നിരവധി വിഷയങ്ങിലെ അതൃപ്തി എരിവ് പകര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെല്ലിക്കെട്ട് പ്രക്ഷോഭകരെ നേരിട്ട സര്‍ക്കാര്‍-പൊലീസ് സമീപനത്തെ കമല്‍ഹാസന്‍ വിമര്‍ശിച്ചു. ‘‘ജെല്ലിക്കെട്ടു പ്രക്ഷോഭകര്‍ക്കെതിരായ പൊലീസ് നടപടി ഒഴിവാക്കേണ്ടതായിരുന്നു. പൊലീസുകാര്‍ ഓട്ടോറിക്ഷകള്‍ കത്തിക്കുന്ന വിഡിയോ ഞെട്ടലുണ്ടാക്കി. ഇത് പൊലീസുകാരോ അതോ പൊലീസ് വേഷത്തിലത്തെിയ മറ്റാരോ ആണോ എന്ന് സംശയമുണ്ട്. ഇക്കാര്യത്തില്‍ പൊലീസിന്‍െറ വിശദീകരണം ആവശ്യമാണ്.
ജനങ്ങളുടെമേല്‍ ഒന്നും അടിച്ചേല്‍പിക്കരുതെന്നതിന്‍െറ ഏറ്റവും വലിയ തെളിവാണ് ഹിന്ദിവിരുദ്ധ പ്രക്ഷോഭം. അത് ഹിന്ദി ഭാഷക്കെതിരായ സമരമായിരുന്നില്ല. ഹിന്ദിഭാഷ അടിച്ചേല്‍പിക്കുന്നതിനെയാണ് തമിഴ് ജനം എതിര്‍ത്തത്. എം.ജി.ആറാണ് മുഖ്യമന്ത്രിയെങ്കില്‍ മറീനയില്‍ചെന്ന് സമരക്കാരെ നേരിട്ട് കാണുമായിരുന്നു. ഒ. പന്നീര്‍സെല്‍വം സമരക്കാരുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ ബീച്ചില്‍ എത്തേണ്ടതായിരുന്നു. ജെല്ലിക്കെട്ടിനുവേണ്ടി സമരം തുടങ്ങിയവര്‍ ജെല്ലിക്കെട്ട ്പാടില്ലാ എന്ന സമീപനത്തിലേക്കാണോ നീങ്ങിയതെന്ന് സമരം നീണ്ടതിനെക്കുറിച്ച് പരിഹാസത്തോടെ അദ്ദേഹം വിമര്‍ശിച്ചു. മൃഗസ്നേഹി സംഘടനയായ പെറ്റയെ നിരോധിക്കേണ്ടതില്ല. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ഒരു സംഘടനയെ നിരോധിച്ചാല്‍ അത് മറ്റൊരു പേരില്‍ വരും. നിരോധനത്തിന്‍െറ സ്ഥാനത്ത് ചര്‍ച്ചകളും സംവാദങ്ങളുമാണ് വേണ്ടത് -കമല്‍ പറഞ്ഞു.
പ്രക്ഷോഭകരുടെ മറ്റൊരു ആവശ്യമായിരുന്നു പെറ്റ നിരോധനം. ജെല്ലിക്കെട്ടില്‍ മരിക്കുന്നതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ വാഹനാപകടത്തില്‍ മരിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ വാഹനങ്ങള്‍ നിരോധിക്കേണ്ടതാണ്. ജെല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തുകയല്ല, നിലവിലെ നിയന്ത്രണങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടത്’’; കമല്‍ ഹാസന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.