ദിലീപിനൊപ്പം അഭിനയിക്കേണ്ടി വന്നതിൽ ലജ്ജിക്കുന്നു -ജോയ് മാത്യു
text_fieldsകൊച്ചി: അറസ്റ്റിലായ നടൻ ദിലീപിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് നടൻ ജോയ് മാത്യു. ചില സിനിമകളിലെങ്കിലും അറസ്റ്റിലായ നടനോടൊപ്പം അഭിനയിക്കേണ്ടി വന്നതിൽ ഒരു അഭിനേതാവ് എന്ന നിലയിൽ ലജ്ജിക്കുന്നു. അഭിനേതാക്കളെ താരങ്ങളാക്കി മാറ്റുന്ന മാധ്യമങ്ങളും അവരെ അമാനുഷികരായി ആരാധിക്കുന്ന ആരാധകരും ഇനിയെങ്കിലും കൂറ്റൻ ഫ്ലക്സുകളിൽ പാലഭിഷേകവും പുഷ്പാർച്ചനയും നടത്താൻ വലിഞ്ഞു കയറാതെ യാഥാർത്യത്തിന്റെ മണ്ണിലേക്കിറങ്ങി വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
'നിരപരാധിയെ രക്ഷിക്കാൻ' എന്ന ആപ്തവാക്യത്തിന്റെ ചുവട് പിടിച്ച് കേസ് വാദിക്കാൻ ശവക്കുഴിയിൽ നിന്നുവരെ വക്കീലന്മാർ വരും എന്ന് കേസ് ഏറ്റെടുക്കുന്ന അഭിഭാഷകരുടെ ഭൂതകാലം നമുക്ക് കാണിച്ചു തരുന്നുണ്ട്. നോട്ടുകെട്ടിന്റെ നാറ്റമല്ലാതെ മനുഷ്യത്വത്തിന്റെ സുഗന്ധമല്ല ഇവരെ ശവക്കുഴിയിൽ നിന്നും വീണ്ടും തങ്ങളുടെ കറപിടിച്ച കോട്ട് ധാരികളാക്കുന്നത് എന്ന് ആർക്കാണറിയാത്തതെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ഗൂഡാലോചന നടത്തിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട നടനോടൊപ്പം ചില സിനിമകളിലെങ്കിലും അഭിനയിക്കേണ്ടി
വന്നതിൽ ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ ലജ്ജിക്കുന്നു. അഭിനേതാക്കളെ താരങ്ങളാക്കി മാറ്റുന്ന മാധ്യമങ്ങളും അവരെ അമാനുഷികരായി ആരാധിക്കുന്ന ആരാധകരും ഇനിയെങ്കിലും കൂറ്റൻ ഫ്ലക്സുകളിൽ പാലഭിഷേകവും പുഷ്പാർച്ചനയും നടത്താൻ വലിഞ്ഞു കയറാതെ യാഥാർത്യത്തിന്റെ മണ്ണിലേക്കിറങ്ങി വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഈ കേസിൽ ഗൂഡാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ആദ്യം ജനം അത് വിശ്വസിച്ചെങ്കിലും മാധ്യമങ്ങളുടെ കണ്ണിമയ്ക്കാതുള്ള കാവൽ കേരളാ പോലീസിനെ ഗൂഡാലോചനയുടെ ചുരുളഴിക്കാൻ നിർബന്ധിതരാക്കി- മറിച്ച് പൾസർ സുനിയിൽ തന്നെ ഈ കേസ് ചുരുട്ടികെട്ടിയിരുന്നെങ്കിൽ
സി ബി ഐ പോലൊരു കേന്ദ്ര ഏജൻസി കേസ് ഏറ്റെടുക്കുകയും ഇതിനേക്കാൾ വലിയ രീതിയിൽ കാര്യങ്ങൾ മാറുമെന്നും മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല
ഒരു ക്രിമിനൽ കേസിനെക്കുറിച്ചും അന്വേഷണം അവസാനിക്കുന്നതിനു മുബ് എടുത്തുചാടി ഒരു നിഗമനത്തിലും എത്തരുത് എന്ന ഗുണപാഠം എല്ലാവർക്കും ഇതോടെ ഇനിയെങ്കിലും ബോദ്ധ്യപ്പെട്ടിരിക്കും
ഇനി പോലീസ് ജയിലിൽ അടച്ചാലും "നിരപരാധിയെ രക്ഷിക്കാൻ "എന്ന ആപ്തവാക്യത്തിന്റെ ചുവട് പിടിച്ച് കേസ് വാദിക്കാൻ ശവക്കുഴിയിൽ നിന്നുവരെ വക്കീലന്മാർ വരും എന്ന് കേസ് ഏറ്റെടുക്കുന്ന അഭിഭാഷകരുടെ ഭൂതകാലം നമുക്ക് കാണിച്ചു തരുന്നുണ്ട് -നോട്ടുകെട്ടിന്റെ നാറ്റമല്ലാതെ മനുഷ്യത്വത്തിന്റെ സുഗന്ധമല്ല ഇവരെ ശവക്കുഴിയിൽ നിന്നും വീണ്ടും തങ്ങളുടെ കറപിടിച്ച കോട്ട് ധാരികളാക്കുന്നത് എന്ന് ആർക്കാണറിയാത്തത്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.