തിയേറ്ററിൽ ദേശീയഗാനം: വിമർശനവുമായി നിയമവിദഗ്ധർ
text_fieldsന്യൂഡൽഹി: തിയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം കാണിക്കണമെന്ന സുപ്രീംകോടതി വിധിയെ വിമർശിച്ച് നിയമവിദഗ്ധർ. ഭരണഘടന നിർദേശങ്ങളുടെ പരിധിക്കപ്പുറമാണ് വിധിയെന്ന് മുൻ അറ്റോണി ജനറൽ സോളി സോറാബ്ജി പ്രതികരിച്ചു. വിധി തെറ്റാണെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജോയ് ഇമ്മാനുവൽ കേസിൽ വിഷയത്തിൽ വിധി പറഞ്ഞതാണ്. ദേശീയ ഗാനം കാണിക്കണമെന്ന് സുപ്രീംകോടതിക്ക് എങ്ങിനെ നിർബന്ധിക്കാനാവും. ദേശീയ ഗാനം കാണിക്കുമ്പോൾ ആദരപൂർവം ഏഴുന്നേറ്റ് നിൽക്കാത്തവരെ തിയേറ്ററുടകൾ പുറത്താക്കുമോയെന്നും അദ്ദേഹം ചോദിച്ചു. നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവാത്ത വിധിയാണിത്. ഒരാൾക്ക് ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കുന്ന മൗലിക അവകാശത്തിനെതിരാണെന്നും സോളി സോറാബ്ജി പറഞ്ഞു.
വിധി അതിരുകടന്ന് പോയെന്നാണ് നിയമവിദഗ്ധൻ കൂടിയായ രാജീവ് ധവാൻ അഭിപ്രായപ്പെട്ടത്. ഇത് ബി.ജെ.പിയുടെ നയമാണ്. ഇതിൽ സുപ്രീംകോടതി അതിരുകടന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ തരം വിശ്വാസികളുണ്ട്. ദേശീയ ഗാനത്തോട് ആദരവ് പുലർത്തുമ്പോൾ തന്നെ അത് കേൾക്കുമ്പോൾ തലകുനിക്കാൻ വിശ്വാസപരമായ വിലക്കുള്ളവരുണ്ടാകുമെന്നും രാജീവ് ധവാൻ പറഞ്ഞു.
ദേശീയ ഗാനം തിയേറ്ററിൽ കാണിക്കുന്നത് നല്ല ആശയമാണ്. രാജ്യസ്നേഹം ഉണർത്താൻ ഇത് സഹായകമാകുകയും ചെയ്യും. എന്നാൽ ആദരവ് പ്രകടിപ്പിക്കാത്തവരെ തിയേറ്ററുടമകൾക്ക് എന്ത് ചെയ്യാനാവുമെന്ന് മുതിർന്ന അഭിഭാഷകനും മുൻ സോളിസിറ്റർ ജനറൽ കൂടിയായ കെ. കെ വേണുഗോപാൽ പ്രതികരിച്ചു. ഇത് ശിപാർശയായി കേന്ദ്ര സർക്കാറിന് സമർപ്പിക്കാമായിരുന്നുവെന്നും സിനിമാ നിയമത്തിൽ ഭേദഗതി വരുത്താമായിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.