ജന്മദിനം ഇന്ന്; ഉലകനായകന്റെ ‘വിശ്വരൂപം’ കാത്ത് തമിഴകം
text_fieldsചെന്നൈ: ഉലകനായകൻ കമൽഹാസെൻറ ജന്മദിനമാണ് ഇന്ന്. ഇൗ നവംബർ ഏഴിന് അറുപത്തിമൂന്നിലേക്ക് കടക്കുന്നു. പ്രത്യേക വിഷയം ഗഹനമായി പഠിച്ച് പ്രായോഗിക തലത്തിൽ നടപ്പാക്കാൻ സഹായിക്കുന്ന ‘കിടിലൻ പ്രസംഗ’മാണ് എല്ലാ ജന്മദിനത്തിലും ആരാധകർക്കുള്ള കമൽ സ്പെഷൽ. രാഷ്്ട്രീയ പ്രവേശനം സ്ഥിരീകരിച്ച സാഹചര്യത്തിൽ കമൽ ഇന്ന് എന്തായിരിക്കും പറയുക എന്ന് കാതോർക്കുകയാണ് തമിഴകം.
രാഷ്ട്രീയഗോദയിൽ പടവാൾ അണിഞ്ഞ് ‘വിശ്വരൂപം’ ഇറങ്ങുമോയെന്നാണ് അവർ ഉറ്റുനോക്കുന്നത്. സമൂഹമാധ്യമങ്ങളിലും തമിഴ്വാരികയായ ആനന്ദ വികടനിലും വിവിധ വിഷയങ്ങളിൽ അഭിപ്രായം രേഖെപ്പടുത്തി രാഷ്ട്രീയ മുഖ്യധാരയിൽ നിറഞ്ഞുനിൽക്കുകയാണ് അദ്ദേഹം. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെയും അന്ധവിശ്വാസങ്ങൾക്കെതിരെ ദ്രാവിഡ പോരാട്ടത്തിന് തുടക്കം കുറിച്ച പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെയും കേരളത്തിെൻറ ആരാധ്യനായ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ.എം.എസിെൻറയും സ്വപ്നങ്ങളാണ് തേൻറതെന്ന് കമൽ വ്യക്തമാക്കുന്നു. ആൽവാർപേട്ടിെല സ്വവസതിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ കമൽ തെൻറ നിലപാടുകൾ വിശദീകരിച്ചു.
ജനങ്ങളെ സേവിക്കാൻ പുതുതായി ഒരു രാഷ്ട്രീയപാർട്ടി രൂപവത്കരിക്കാനുള്ള കാരണം?
നിരവധി കാലം കൊണ്ടെടുത്ത വലിയൊരു തീരുമാനമാണിത്. ആത്മരോഷമാണ് രാഷ്ട്രീയത്തിൽ ഇറങ്ങി ജനങ്ങളെ സേവിക്കാൻ കരുത്താകുന്നത്.
ഇടതുപക്ഷക്കാരനായിരിക്കുമോ?
അങ്ങനെ ആയിക്കൊള്ളണമെന്നില്ല.
സിനിമ ഉപേക്ഷിക്കുമോ?
മുഴുസമയ പൊതുപ്രവർത്തകനായാൽ അഭിനയം ഉപേക്ഷിക്കേണ്ടി വരും. അത് വേദനജനകമാണ്.
ബി.ജെ.പിയെക്കുറിച്ച കാഴ്ച്ചപ്പാട് എന്താണ്? അവരുമായി സഖ്യ സാധ്യത തള്ളിക്കളയാനാകുമോ?
നിലവിൽ അവർ കൂടുതൽ വലതുപക്ഷ സമീപനമാണ് സ്വീകരിക്കുന്നത്. സർക്കാറിെൻറ ചില നീക്കങ്ങളോട് ശക്തമായ എതിർപ്പുണ്ട്. ഞാൻ ബീഫ് കഴിക്കുമായിരുന്നു. ഇപ്പോഴില്ല. എന്നാൽ, മറ്റുള്ളവർ ബീഫ് കഴിക്കാൻ പാടില്ലെന്ന തീരുമാനങ്ങൾ അടിച്ചേൽപിക്കാൻ പാടില്ല. എെൻറ ആശയങ്ങൾക്കും സ്വപ്നങ്ങൾക്കും വിഘാതമായില്ലെങ്കിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിന് തടസ്സമൊന്നുമില്ല. അച്ഛേ ദിൻ ഇതുവരെയും വന്നിട്ടില്ലല്ലോ. സ്വച്ഛ് ഭാരത് എെൻറ മനസ്സിലുള്ള പദ്ധതിയായിരുന്നു. നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും പ്രശംസനീയമാണ്.
ഹിന്ദു തീവ്രവാദം യാഥാർഥ്യമാണെന്ന അഭിപ്രായം വിശദീകരിക്കാമോ?
തീവ്രവാദവും ഭീകരവാദവും വ്യത്യസ്തമാണ്. തീവ്രവാദി എന്നാണ് ഉപയോഗിച്ചത്. ഹിന്ദു ആചാരങ്ങൾ 99 ശതമാനം തീവ്രമായി പുലർത്തുന്ന കുടുംബത്തിൽനിന്നാണ് ഞാൻ വരുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ചില പ്രദേശങ്ങളിൽ മുസ്ലിംകൾ അക്രമാസക്തമായി പെരുമാറിയിട്ടുണ്ട്. അവരുമായി തുടർച്ചയായ ചർച്ചകൾ ആവശ്യമാണ്. ചില ഹിന്ദുക്കളും ഇത് അനുകരിക്കാൻ തുടങ്ങി. ഇത് അടുത്ത കാലത്ത് സംഭവിച്ചതല്ല. ഭീവണ്ടി കലാപം മുതൽ വർഷാവർഷം തിരക്കഥപോെല കലാപങ്ങൾ ആവർത്തിക്കുന്നു. കലാപങ്ങളുടെ ഗുണഭോക്താക്കളെ ഞാൻ വെറുക്കുന്നു.
ഇെതാരു തന്ത്രമാണോ? അതോ ഒത്തുതീർപ്പിനുള്ള നീക്കമാണോ?
രണ്ടും നല്ല അളവിൽ ഉപയോഗിക്കണം. അഴിമതി അംഗീകരിക്കാനാണ് അനുരഞ്ജനമെങ്കിൽ എെൻറ നിലപാട് വിട്ടുവീഴ്ചയില്ലാത്തതായിരിക്കും. ഭക്ഷണപാത്രത്തിൽ മാലിന്യം നിറച്ചതുപോലെയിരിക്കും.
രാഷ്ട്രീയത്തിൽ സുഹൃത്തായ രജനീകാന്തിനെ ഉൾപ്പെടെ വിമർശിക്കേണ്ടി വരുമല്ലോ?
വിമർശനം അവഹേളനമല്ലല്ലോ. വിമർശനം സൃഷ്ടിപരമായി കണ്ടാൽ മതി. ഒപ്പം രാഷ്ട്രീയ പ്രവർത്തനം നടത്താൻ അദ്ദേഹത്തെയും ക്ഷണിച്ചിരുന്നു. രാഷ്ട്രീയത്തിൽ പരസ്പരം പഴിചാരില്ലെന്ന് രജനിയും സമ്മതിച്ചിട്ടുണ്ട്. ഞങ്ങൾക്ക് വ്യത്യസ്ത വഴികളാണ്. ഞങ്ങൾ ചെയ്യുന്ന സിനിമകൾപോലും വ്യത്യസ്തമാണല്ലോ.
തമിഴ്നാടിെൻറ മുഖ്യമന്ത്രിപദവി സ്വപ്നം കാണുന്നുണ്ടോ?
ഇല്ല. മുഖ്യമന്ത്രിയാകാനാണ് ശ്രമമെന്ന മാധ്യമങ്ങളുടെ വിലയിരുത്തൽ അപക്വമാണ്. തെരഞ്ഞെടുപ്പിൽ ഗ്രാമപ്രദേശ മണ്ഡലം െതരഞ്ഞെടുക്കാനാണ് താൽപര്യം. താനൊരു ഗ്രാമത്തിലാണ് താമസിക്കുന്നത്, എന്ന് ജനങ്ങൾ അഭിമാനത്തോടെ പറയുന്ന ഒരു സമയം വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.