കന്നട ചലച്ചിത്രമേളക്ക് തുടക്കമായി
text_fieldsതിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കർണാടക ചലചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കന്നട ചലച്ചിത്രമേളക്ക് അനന്തപുരിയിൽ തുടക്കമായി. വൈകുന്നേരം ദേവിപ്രിയ തീയറ്ററിൽ നടക്കുന്ന മേള സംസ്ഥാന ചലച്ചിത്രവികസന കോർപറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചലച്ചിത്രമേഖല വ്യാവസായികവത്കരിക്കപ്പെട്ടതിെൻറ ഫലമായി നഷ്ടപ്പെട്ട നല്ല സിനിമകളുടെ സംസ്കാരം കർണാടകത്തിൽ തിരികെ വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് ഇന്ത്യൻ സിനിമയെന്നാൽ കേരളവും ബംഗാളും കർണാടകയുമായിരുന്നു. പിൽക്കാലത്ത് കേരളമടക്കം പിന്നാക്കം പോവുകയും മറ്റ് സംസ്ഥാനങ്ങൾ മുൻനിരയിലേക്ക് എത്തുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ കുറേവർഷങ്ങളായി കർണാടക സിനിമ തിരിച്ചുവരവിെൻറ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീനാപോൾ അധ്യക്ഷതവഹിച്ചു.
കർണാടക ചലനചിത്ര അക്കാദമി ചെയർമാൻ എസ്.വി. രാജേന്ദ്രസിങ് ബാബു മുഖ്യാതിഥിയായിരുന്നു. പ്രമുഖ കന്നട സംവിധായകൻ പി. ശേഷാദ്രി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, കർണാടക ചലച്ചിത്ര അക്കാദമി രജിസ്ട്രാർ എച്ച് .ബി. ദിനേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് രാം റെഡ്ഡി സംവിധാനം ചെയ്ത ‘തിഥി’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. അനൂപ് ഭണ്ഡാരി സംവിധാനം ചെയ്ത രംഗി തരംഗ, ബി.എസ്. ലിംഗദേവരു സംവിധാനം ചെയ്ത നാൻ അവനല്ല അവളു എന്നിവയാണ് ആദ്യദിനം പ്രദർശിപ്പിച്ച ചിത്രങ്ങൾ.
മേളയുടെ രണ്ടാം ദിനമായ ഇന്ന് പി. ശേഷാദ്രി സംവിധാനം ചെയ്ത വിദായ, രാജ് ബി. ഷെട്ടി സംവിധാനം ചെയ്ത ഒണ്ടു മൊട്ടേയ കഥൈ, കെ. ശിവരുദ്രയ്യ സംവിധാനം ചെയ്ത മാരികൊണ്ടവരൂ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. മേള 28ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.