പത്മാവതിനെതിരായ സമരത്തിൽ നിന്ന് കർണി സേന പിൻമാറുന്നു
text_fieldsന്യൂഡൽഹി: സജ്ഞയ് ലീല ഭൻസാലി ചിത്രം പത്മാവതിനെതിരെ കർണി സേന ഒരു വർഷമായി തുടരുന്ന സമരത്തിൽ നിന്ന് പിൻമാറുന്നു. ചിത്രം രാജ്പുത്രരെ മോശമാക്കി ചിത്രീകരിക്കുന്നില്ലെന്ന് അറിഞ്ഞതോടെയാണ് സമരത്തിൽ നിന്ന് പിൻമാറാൻ കർണി സേന തയാറായത്. ഇതോടെ 2016 ജനുവരിയിൽ ആരംഭിച്ച കോലാഹലങ്ങൾക്കാണ് അവസാനമാകുന്നത്.
രാജ്പുത് കർണിസേനയുടെ നേതാക്കൾ മുംബൈയിലെ തിയേറ്ററിൽ നിന്ന് ചിത്രം കണ്ടതോടെയാണ് ചിത്രത്തിന് ക്ലീൻ സർട്ടിഫിക്കറ്റ് നൽകിയത്. ചിത്രത്തിൽ രജ്പുത്രരെ മഹത്തായ രീതിയിലാണ് ചിത്രീകരിച്ചത്. എല്ലാ രാജ്പുത്രരും ഈ ചിത്രം കണ്ട് കഴിഞ്ഞാൽ അഭിമാനിക്കുമെന്നും ചിത്രം കണ്ട സേന നേതാക്കൾ പ്രതികരിച്ചു.
ദീപിക പദുകോൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതും രജ്പുത് സമൂഹത്തെ അവഹേളിക്കുന്നതുമാണെന്ന് ആരോപിച്ച് രജ്പുത് കർണിസേനയാണ് സിനിമക്കെതിെര രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പത്മാവതിരെ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് സിനിമ കണ്ട് തീരുമാനമെടുക്കാൻ ചരിത്രകാരൻമാരെ ഉൾപ്പെടുത്തി ഒരു പാനൽ രൂപീകരിക്കുകയും അവർ തിരുത്തലുകൾ നിർദേശിക്കുകയും ചെയ്തു. തുടർന്ന് 26 രംഗങ്ങൾ വെട്ടിമാറ്റിയും പേര് പത്മാവത് എന്ന് മാറ്റിയുമാണ് ചിത്രം റിലീസ് ചെയ്തത്. എങ്കിലും ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ചിത്രം റിലീസ് ചെയ്ത തിയറ്ററുകൾക്ക് നേരെ വ്യാപക അക്രമമുണ്ടായി.
ദീപിക പദുകോണും രൺവീർ സിങ്ങും പ്രധാന വേഷത്തിലെത്തിയ ചിത്രം 150 കോടി ചെലവിലാണ് നിർമിച്ചത്. 16ാം നൂറ്റാണ്ടിൽ മാലിക് മുഹമ്മദ് ജയസി എഴുതിയ ‘പത്മാവത്’ എന്ന പ്രശസ്ത കവിതയെ ആസ്പദമാക്കിയുള്ളതാണ് സിനിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.