സിനിമ പരസ്യങ്ങളിൽ സെൻസർ കാറ്റഗറി അച്ചടിക്കണം -വനിത കമീഷൻ
text_fieldsതിരുവനന്തപുരം: സിനിമ പോസ്റ്ററുകളിൽ സെൻസർഷിപ് സർട്ടിഫിക്കറ്റ് കാറ്റഗറി നിർബന്ധമായും അച്ചടിക്കണമെന്ന് കേരള വനിത കമീഷൻ നിർദേശിച്ചു. നിർദിഷ്ട കാറ്റഗറി വ്യക്തമാക്കാതിരുന്നാൽ കുട്ടികളുമൊത്ത് സിനിമക്കെത്തുന്നവർക്ക് മനോവിഷമം ഉണ്ടാക്കുന്ന തരത്തിലുള്ള രംഗങ്ങൾ കാണേണ്ടിവരുന്ന സാഹചര്യം ബോധ്യപ്പെട്ടതിനെ തുടർന്നാണ് കമീഷെൻറ നടപടി. നിലവിലെ സെൻസർ ചട്ടങ്ങളനുസരിച്ച് സിനിമയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററുകളിലും ബോർഡുകളിലും മാധ്യമ പരസ്യങ്ങളിലും സെൻസർ കാറ്റഗറി വ്യക്തമാക്കണം. എന്നാൽ, ഇത് നിർമാതാക്കളും വിതരണക്കാരും ലംഘിക്കുന്നു. ഇത് അനുവദിക്കാനാവില്ലെന്ന് കമീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ വ്യക്തമാക്കി.
സിനിമക്ക് നൽകിയ സെൻസർ കാറ്റഗറിയിൽ ഉൾപ്പെടാത്തവരുടെ മുമ്പാകെ സിനിമ പ്രദർശിപ്പിക്കാൻ പാടില്ല. തിയറ്ററുകളും ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണം. പത്തനംതിട്ട വാഴമുട്ടം കിഴക്ക് സ്വദേശി വി.പി. സന്തോഷ്കുമാർ കമീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സെൻസർ ചട്ടങ്ങൾ സിനിമ സംവിധായകരും നിർമാതാക്കളും വിതരണക്കാരും കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കമീഷൻ ചെയർപേഴ്സൺ സെൻസർ ബോർഡിനോടും തിരുവനന്തപുരത്തെ മേഖല ഓഫിസിനോടും ആവശ്യപ്പെട്ടു.
പരസ്യങ്ങൾ അച്ചടിക്കുമ്പോൾ മാധ്യമസ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. സിനിമ പോസ്റ്ററുകളും ബോർഡുകളും പതിപ്പിക്കുന്നതിന് അനുമതി നൽകുന്നതിന് മുമ്പ് സെൻസർ കാറ്റഗറി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് തദ്ദേശസ്ഥാപന മേധാവികൾക്കും വനിത കമീഷൻ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.