കോഴിക്കോടിന്റെ സ്വന്തം സംവിധായകൻ
text_fieldsകോഴിക്കോട്: മലയാള സിനിമയിൽ സാധാരണക്കാരനും കൂലിത്തൊഴിലാളികൾക്കും ഇടംനൽകിയ ചിത്രമെന്ന നിലയിൽ ശ്രദ്ധേയമായ അങ്ങാടി എന്ന സിനിമ മുതൽ സ്വന്തം നാടിനെ കേന്ദ്രീകരിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ നിരവധിയാണ്. വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളികളെ മുഖ്യകഥാപാത്രങ്ങളാക്കി ചെയ്ത അങ്ങാടി (1980) അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു.
വലിയങ്ങാടി കൂടാതെ കോഴിക്കോട് നഗരവും കടപ്പുറവും കല്ലായിപ്പുഴയോരവുമെല്ലാം അദ്ദേഹത്തിെൻറ വിവിധ സിനിമകളുടെ പശ്ചാത്തലമായി. മലയാള സിനിമയുടെ ഈറ്റില്ലങ്ങളായി കോടമ്പാക്കവും തിരുവനന്തപുരവും വിളങ്ങിനിൽക്കുന്ന കാലത്താണ് കോഴിക്കോടിനെയും മലയാളസിനിമക്കായി ഉപയോഗിക്കാം എന്ന് അദ്ദേഹം തെളിയിച്ചത്. സ്വന്തം നാടിനോടുള്ള ഇഷ്ടത്തിനൊപ്പം പ്രിയസുഹൃത്തുക്കളായ ടി. ദാമോദരൻ, പി.വി. ഗംഗാധരൻ, കെ.ടി.സി. അബ്ദുല്ല തുടങ്ങിയവരോടുള്ള ബന്ധം കൂടിയാണ് കോഴിക്കോട്ട് കൂടുതൽ സിനിമകളെടുക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്.
സ്വന്തം നാടിെനയെന്നപോലെ സ്വന്തം വീടിനെയും അദ്ദേഹം തെൻറ സിനിമകളിൽ മനോഹരമായി ഉപയോഗിച്ചു. കോഴിക്കോട്ടുനിന്ന് ചിത്രീകരിച്ച എല്ലാ സിനിമകളിലെയും ഒരു രംഗമെങ്കിലും തെൻറ വീട്ടിൽ നിന്നായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. സിനിമയുടെ ഭാഗ്യരംഗം പോലെയാണ് ഐ.വി. ശശി ഇതിനെ പരിഗണിച്ചിരുന്നതെന്ന് സഹോദരൻ ഐ.വി. ശശാങ്കൻ പറയുന്നു.
സിനിമക്കായി ഈ നാട്ടിലെത്തുമ്പോഴെല്ലാം ഹോട്ടൽ കൽപകയിലോ മഹാറാണിയിലോ ആണ് താമസിച്ചിരുന്നത്. കോഴിക്കോടിനെ ഇത്രമേൽ സ്നേഹിച്ച കലാകാരന് ജീവിച്ചിരിക്കുമ്പോൾ തന്നെ ആദരം തിരിച്ചുനൽകിയാണ് കോഴിക്കോട്ടുകാർ അദ്ദേഹത്തോടുള്ള സ്നേഹം തെളിയിച്ചത്.
കോഴിക്കോടെന്ന കൊച്ചുപട്ടണത്തെ ലോകത്തിന് കാണിച്ചുകൊടുത്തയാളാണ് ഐ.വി. ശശിയെന്ന് 2013ൽ സ്വപ്നനഗരിയിൽ സംവിധായകനെ ആദരിക്കുന്നതിനായി നടത്തിയ ചടങ്ങിൽ നടൻ മോഹൻലാൽ പറഞ്ഞ വാക്കുകൾ മതി അദ്ദേഹത്തിന് ഈ നാടിനോടുള്ള സ്നേഹബന്ധം തിരിച്ചറിയാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.