കള്ള ഒപ്പിട്ടവർക്കെതിരെ കേസെടുക്കണം; പരിഹാസവുമായി എം.എ. നിഷാദ്
text_fieldsസംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ നിന്ന് ‘അമ്മ’ പ്രസിഡൻറും നടനുമായ മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തകർ നൽകിയ നിവേദനത്തിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന നടൻ പ്രകാശ് രാജിന്‍റെ പ്രതികരണത്തെ പരിഹസിച്ച് സംവിധായകൻ എം.എ നിഷാദ്. വ്യാജരേഖ ചമച്ചവർക്കെതിരെയും കള്ള ഒപ്പിട്ടവർക്കെതിരെയും കേസെടുക്കണമെന്ന് എം.എ നിഷാദ് ഫേസ്ബുക്കിൽ കുറിച്ചു. വിഷയത്തിൽ മലക്കം മറിഞ്ഞവർക്ക് നല്ല നമസ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ മോഹൻലാലിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം നിഷാദ് രംഗത്തെത്തിയിരുന്നു. കുറ്റവാളിയോ തീവ്രവാദിയോ അല്ലാത്ത മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ തെറ്റെന്താണെന്നും സര്‍ക്കാറിന്‍റെ പരിപാടിയില്‍ മോഹന്‍ലാലിനെ ക്ഷണിച്ചാല്‍ ആരുടെ ധാര്‍മികതയാണ് ചോര്‍ന്ന് പോകുന്നതെന്നും നിഷാദ് ചോദിച്ചിരുന്നു.
ഇതൊരുതരം വരട്ടുവാദമാണ്. മോഹന്‍ലാലിന്‍റെ പ്രസ്താവനയില്‍ അപാകതകളുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുകയോ ആശയപരമായി ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നതിന് പകരം ലാല്‍ എന്ന നടനെ പൊതുസമൂഹത്തില്‍ നിന്നങ്ങ് തുടച്ച് നീക്കാം എന്നാരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അക്കൂട്ടരോട് സഹതാപം മാത്രമാണുള്ളത്. മോഹന്‍ലാലിനെ ചടങ്ങിന്‍റെ കാര്യം ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അങ്ങനെ ഒരു ആലോചന വന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. തീരുമാനമാകാത്ത കാര്യത്തിനാണ് ഈ പടപ്പുറപ്പാട്. എന്തായാലും, ഒരു പുരസ്‌കാര ജേതാവ് എന്ന നിലക്ക് ഞാന്‍ പുരസ്കാരം ഏറ്റുവാങ്ങും -എം.എ നിഷാദ് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.