Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബാഹുബലി സുനാമിയിൽ...

ബാഹുബലി സുനാമിയിൽ മലയാള സിനിമ ഒലിച്ചുപോയി -ജോയ് മാത്യു

text_fields
bookmark_border
ബാഹുബലി സുനാമിയിൽ മലയാള സിനിമ ഒലിച്ചുപോയി -ജോയ് മാത്യു
cancel

കോഴിക്കോട്: ബ്രഹ്മാണ്ഡ സിനിമ ബാഹുബലിയുണ്ടാക്കിയ സുനാമിയിൽ പല നല്ല മലയാള സിനിമകളും ഒലിച്ചു പോയെന്ന് നടൻ ജോയ് മാത്യു. ബാഹുബലി ഷോപ്പിങ് മാളാണെങ്കിൽ മലയാള സിനിമ പെട്ടിക്കടകളാണ്. മാളുകളിൽ എല്ലാം ലഭിക്കും അതു കൊണ്ടുതന്നെ സ്വാഭാവികമായും ജനം അവിടേക്ക് പോയിരിക്കും അതിൽ തെറ്റുമില്ല. അതേസമയം, പെട്ടിക്കടകളെ നമുക്ക് വിസ്മരിക്കാമോ എന്നും ജോയ് മാത്യു ചോദിക്കുന്നു. നമ്മുടെ മണ്ണിന്‍റെ, ബന്ധങ്ങളുടെ, സാമൂഹ്യ ജീവിതത്തിന്‍റെ, നന്മയുടെ പെട്ടിക്കടകളാണ് മലയാളത്തിലെ കൊച്ചു സിനിമകളെന്നും ജോയ് മാത്യു ഫോസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ബാഹുബലിക്ക് മുറുക്കാൻ കടകളെ ഇല്ലാതാക്കാൻ കഴിയുമോ ?

ബീഡി, സിഗരറ്റ്, മുറുക്കാൻ, സോഡാ, സർബത്ത്. പഴം, ബ്രഡ്, മുട്ട, മിട്ടായി, ബിസ്കറ്റ്, സോപ്പ്, ചീപ്പ്, മൊട്ടുസൂചി, പേസ്റ്റ്. ബ്രഷ്, പത്രം തുടങ്ങി നിത്യജീവിതത്തിനു അവശ്യമായിട്ടുള്ള വസ്തുവഹകൾ ലഭിക്കുന്ന ഒരിടം മാത്രമല്ല പെട്ടിക്കടകൾ, ഒരു വഴിപോക്കന് വഴി പറഞ്ഞു കൊടുക്കാൻ, വിലാസം തെറ്റിവന്നയാൾക്ക് വിലാസം പറഞ്ഞു കൊടുക്കാൻ, കൈയ്യിൽ കാശില്ലെങ്കിലും അത്യാവശ്യക്കാരന് കടം പറയാവുന്ന, നാട്ടുവിശേഷങ്ങൾ മാത്രമല്ല ലോകവിവരം കൂടി പങ്കുവെക്കാവുന്ന ഒരിടമാണ് ഓരോ പ്രദേശത്തിന്‍റെയും സ്വന്തമായ മുറുക്കാൻ കടകൾ (വടക്കൻ കേരളത്തിൽ പെട്ടിക്കട). കാലം മാറിയപ്പോൾ മുറുക്കാൻ കടകളെയും പലചരക്ക് കടകളെയും വിഴുങ്ങി സൂപ്പർ മാർക്കറ്റുകൾ വന്നു. പിന്നീട് സൂപ്പർമാർക്കറ്റുകളെ വിഴുങ്ങി ഷോപ്പിങ് മാളുകൾ വന്നു. അതും കഴിഞ്ഞു ഇപ്പോൾ ഹൈപ്പർ മാളുകളായി.

സംഗതി നല്ലതാണ്. ഒരു ചന്തയിലെന്ന പോലെ എല്ലാ സാധനങ്ങളും അതും ലോകോത്തരം എന്ന പറയപ്പെടുന്നവ ഒരിടത്ത് ലഭിക്കുക എന്നാൽ അത് വളരെയേറെ സൗകര്യങ്ങൾ ആധുനിക ജീവിതത്തിനു പ്രദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും കച്ചവടത്തിന്‍റേതായ -ലാഭ നഷ്ടങ്ങളുടേതായ -ഒരു ബന്ധമേ അവിടെ വാങ്ങുന്നവനും വിൽക്കുന്നവനും തമ്മിലുള്ളൂ. അതു കൊണ്ടാണ് ഞാൻ പറഞ്ഞത് ബാഹുബലി ഷോപ്പിങ് മാളാണെങ്കിൽ മലയാള സിനിമ പെട്ടിക്കടകളാണ്. മാളുകളിൽ എല്ലാം ലഭിക്കും അതുകൊണ്ടു തന്നെ സ്വാഭാവികമായും ജനം അവിടേക്ക് പോയിരിക്കും അതിൽ തെറ്റുമില്ല. അതേസമയം, പെട്ടിക്കടകളെ നമുക്ക് വിസ്മരിക്കാമോ എന്നതാണ് എന്‍റെ ചോദ്യം. ബാഹുബലിയുണ്ടാക്കിയ സുനാമിയിൽ പല നല്ല മലയാള സിനിമകളും ഒലിച്ചുപോയി. രക്ഷാധികാരി ബൈജുവും ഫാസ്റ് ട്രാക്കും തുടങ്ങി പ്രേക്ഷകർക്കിടയിൽ നല്ല അഭിപ്രായമുണ്ടാക്കിയ സിനിമകളും റിലീസിങ്ങിനായി ഒരുങ്ങിയിരിക്കുന്ന സലീം കുമാറിന്‍റെ "കറുത്ത ജൂതനും" പ്രമോദിന്‍റെ "ഗോൾഡ്‌ കോയിനും" നമ്മുടെ മണ്ണിന്‍റെ, ബന്ധങ്ങളുടെ, സാമൂഹ്യ ജീവിതത്തിന്‍റെ, നന്മയുടെ പെട്ടിക്കടകളാണ്; നമ്മുടെ കൊച്ചു സിനിമകൾ.

അവ നമുക്ക് നിലനിർത്തേണ്ടതുണ്ട്. ബ്രഹ്മാണ്ഡ സിനിമകൾ ഇനിയും വൻ തിരമാലകൾ പോലെ വരും, അതിനെ തടയേണ്ടതില്ല തള്ളേണ്ടതുമില്ല. ഉള്ളതു പറയണമല്ലോ കൊച്ചു സിനിമയെടുക്കുന്നവന്‍റെയും മോഹം ഒരു ആയിരം കോടി ക്ലബ്ബിൽ കയറുക തന്നെയാണ് (പുറമെ കാണിക്കില്ലെങ്കിലും). എന്നിരിക്കിലും മലയാളത്തിലിറങ്ങുന്ന നല്ല സിനിമകൾ ബാഹുബലി സുനാമിയിൽ ഒലിച്ചു പോകുന്നത് കാണുമ്പോൾ വേദന തോന്നിപ്പോകും. ഇനി ആ സിനിമകൾ വിജയിപ്പിക്കണമെന്ന് നമ്മൾ വിചാരിച്ചാലും പ്രദർശന ശാലകൾ അതിനു തയ്യാറാകുന്നില്ല. അവരുടെയും പ്രശ്നവും ലാഭം തന്നെയാണ്. വിതരണ സംവിധാനത്തിലെ ആധുനികത മുതലാളിത്തത്തിന് നൽകിയ വലിയ സംഭാവനയാണ് ഒരേ സമയത്ത് ചുരുങ്ങിയ ചിലവിൽ ലോകമെമ്പാടും സിനിമ പ്രദർശിപ്പിക്കാൻ സാധിക്കുക എന്നത്. അതുകൊണ്ടാണ് വൻതോതിൽ മുതൽമുടക്കാനും ബ്രഹ്മാണ്ഡ സിനിമകൾ നിർമ്മിച്ച് ഒറ്റയടിക്ക് വൻ ലാഭമുണ്ടാക്കാനും ആധുനിക മുതലാളിത്തത്തിന് കഴിയുന്നത്. ഇതിനെ ഉപരോധിക്കാൻ നമുക്കാവില്ല പക്ഷെ പ്രതിരോധിക്കാനാകും.

എങ്ങനെയെന്നാൽ ഗവർമെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള പ്രദർശനശാലകൾ മലയാള സിനിമ പ്രദർശിപ്പിക്കുന്നതിനു മുൻഗണന നൽകുക. ഗ്രാമീണമേഖലയിൽ സഹകരണാടിസ്ഥാനത്തിൽ മിനി തിയറ്ററുകൾ സ്ഥാപിക്കാൻ കെ.എസ്.എഫ്.ഡി.സി സഹായം ചെയുക. രണ്ടാമത്തെ കാര്യമാണ് പ്രധാനം, അന്യഭാഷാ ചിത്രങ്ങൾക്ക് പ്രദർശന നികുതി വർധിപ്പിക്കണം -ഇത് സംസ്ഥാന ഖജനാവിന് നേട്ടമുണ്ടാക്കും. നിലവിലിപ്പോൾ 30%മാണ് വിനോദ നികുതി എന്ന പേരിൽ സിനിമകളിൽ നിന്നും ഗവർമെന്‍റ് പിഴിഞ്ഞെടുക്കുന്നത്. ഇത് മലയാള സിനിമക്ക് 20% ആക്കികുറക്കുകയും അന്യഭാഷാ ചിത്രങ്ങൾക്ക് ഇപ്പോഴുള്ള 30% എന്നുള്ളതിൽ നിന്നും 40% ആക്കി വർധിപ്പിക്കുകയും വേണം. അപ്പോൾ മലയാള സിനിമ നിർമ്മിക്കുന്നവർക്ക് പത്ത് ശതമാനം കുറവും ഖജനാവിന് 15 % വർധനയും ലഭിക്കും. മലയാള സിനിമ മറ്റു സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് അധിക നികുതിയാണ് അവിടത്തെ ഗവർമ്മെന്‍റുകൾ ഈടാക്കുന്നത്. പിന്നെന്തു കൊണ്ട് നമുക്കും അങ്ങിനെ ആയിക്കൂടാ? സഞ്ചരിക്കുന്ന കപ്പലിൽ വെള്ളം കയറി മുങ്ങുന്നതറിയാതെ ടൈറ്റാനിക് മുങ്ങുന്നത് കണ്ടു രസം പിടിച്ചിരിക്കുന്ന നമ്മുടെ സിനിമ സംഘടനാ നേതാക്കൾ ഇനിയെങ്കിലും ഇതൊക്കെ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.

ബാഹുബലികൾ, മഹാഭാരതങ്ങൾ...... അങ്ങിനെ ബ്രഹ്മാണ്ഡ സുനാമികൾ പലതും വരും അതൊക്കെ നമ്മൾ ഭയമേതുമില്ലാതെ സ്വീകരിക്കും എന്തെന്നാൽ നമുക്ക് നമ്മുടെ നാട്ടിൻപുറ നന്മ പ്രസരിപ്പിക്കുന്ന മുറുക്കാൻ കടകൾ പോലുള്ള നമ്മുടെ സ്വന്തം സിനിമകൾ നമ്മൾ നിലനിർത്തും എന്ന തീരുമാനത്തിൽ...
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film actorbahubalijoy mathewmalayalam films
News Summary - malayalam film actor joy mathew ract to box office hit of bahubali and down of malayalam films
Next Story