Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമമ്മൂട്ടിയും മോഹൻലാലും...

മമ്മൂട്ടിയും മോഹൻലാലും മൗനം വെടിയണം -ഭാഗ്യലക്ഷ്മി

text_fields
bookmark_border
മമ്മൂട്ടിയും മോഹൻലാലും മൗനം വെടിയണം -ഭാഗ്യലക്ഷ്മി
cancel

നടി അക്രമിക്കപ്പെട്ട കേസിൽ മമ്മൂട്ടിയും മോഹൻലാലും മൗനം വെടിഞ്ഞ് പൊതു സമൂഹത്തോട് സംസാരിക്കാൻ തയാറാകണമെന്ന് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഭാഗ്യ ലക്ഷ്മി ഇക്കാര്യം പറയുന്നത്. മലയാള സിനിമാലോകം ഇപ്പോൾ പ്രതിക്കൂട്ടിലാണ്. ഈ രംഗത്ത് തെറ്റുചെയ്യുന്നവരുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടേ. നമ്മളെല്ലാം ഉണ്ണുന്ന ചോറാണിത്. ആ ചോറിൽ മണ്ണ് വാരിയിടാൻ വഴിവെച്ച് കൊടുക്കരുതെന്നും ഭാഗ്യലക്ഷ്മി സിനിമാ പ്രവർത്തകരോട് പറഞ്ഞു. 

നടി അക്രമിക്കപ്പെട്ട കേസിൽ ഒരു നടൻ പോയിട്ട് ഒരു നടി പോലും ഇവർക്കെതിരെ പ്രതിഷേധമുയർത്തുന്നില്ല. ഇതിനൊന്നും മറുപടി പറയേണ്ട കാര്യമില്ല എന്ന രീതിയിൽ മലയാള സിനിമയിലെ മറ്റു സംഘടനകൾ മൗനം പാലിക്കുന്നു. വ്യക്തിപരമായി പോലും ആരും അഭിപ്രായം പറയുന്നില്ല. നില നിൽപാണ് പലരേയും ഭയപ്പെടുത്തുന്നത് എങ്കിൽ,ഇതാർക്കും സംഭവിക്കാമെന്നത് പലരും വിസ്മരിക്കുന്നു.  നടിയുടെ വിഷയം എന്നതിലുപരി ഇതൊരു സ്ത്രീയുടെ വിഷയമാണ്. സമൂഹത്തേയും സിനിമാലോകത്തേയും ഒരുപോലെ ബാധിക്കുന്ന വിഷയമാണ്. സിനിമാക്കാരെല്ലാം ഒന്നിച്ച് നിന്ന് ആരുടേയും പക്ഷം പിടിക്കാതെ പെൺകുട്ടിക്ക് വേണ്ടി സംസാരിക്കുകയാണ് വേണ്ടതെന്നും കുറിപ്പിലുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

നടിയുടെ വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് കേരളം മുഴുവൻ ഉറ്റുനോക്കുന്നത് മലയാള സിനിമയിലേക്കാണ്. പ്രതികൾ ആര് എന്ന ഭയാനകമായ ഒരു അന്തരീക്ഷം സിനിമാലോകത്തുണ്ട് എന്നത് യാഥാർത്ഥ്യമാണ്. 

അത് പോലീസും കോടതിയും തെളിയിക്കും എന്ന് നമുക്ക് വിശ്വസിക്കാം. പ്രതീക്ഷയോടെ കാത്തിരിക്കാം..എനിക്ക് പറയാനുളളത് മറ്റൊന്നാണ്. ഈ സംഭവം നടന്നതിന് ശേഷം പൊതു സമൂഹവും മാധ്യമങ്ങളും മുഴുവൻ കരുതുന്നത് മലയാള സിനിമാ ലോകത്ത് പെൺ വാണിഭത്തിന്റേയും,മയക്കുമരുന്നിന്റേയും,ഗുണ്ടകളുടേയും അഴിഞ്ഞാട്ടമാണ് നടക്കുന്നത് എന്നാണ്.

നാല്പത് വർഷമായി ഞാനീ രംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയിട്ട്...ബാല്യവും കൌമാരവും യൗവ്വനവും കഴിഞ്ഞ് ഇതാ മധ്യ വയസ്സിലെത്തി നിൽക്കുമ്പോഴും ഇത്തരത്തിലുളള ഒരു കാഴ്ചയും അനുഭവവും എനിക്ക് വ്യക്തിപരമായി നേരിടേണ്ടി വന്നിട്ടില്ല...ഈ രാജ്യത്തെ ഏത് തൊഴിൽ മേഘലയിലും നടക്കുന്നതുപോലെ ചെറിയ ചെറിയ ചില ഒറ്റപ്പെട്ട സംഭവങ്ങൾ നടന്നിട്ടുണ്ടാവാം..

സിനിമയായതുകൊണ്ട് മാത്രം സമൂഹം അതിന് അമിത പ്രാധാന്യം നൽകുന്നു..ഒരു നടനോ നടിയോ വിവാഹ മോചിതരായാൽ പോലും സിനിമയിലുളള സകലരെയും ജനം പരിഹസിക്കുന്നു..

കുടുംബ കോടതിയിൽ പോയി നോക്കിയാലറിയാം സിനിമാക്കാരാണോ അല്ലാത്തവരാണോ ഏറ്റവുമധികം വിവാഹ മോചനം നേടുന്നതെന്ന്. ഇപ്പോൾ നടിയുടെ വിഷയം വന്നപ്പോൾ എല്ലാ അതിർ വരമ്പുകളും ഭേദിച്ച് വളരേ മോശമായ ഭാഷയിൽ സിനിമാ ലോകത്തെക്കുറിച്ച് വിമർശിക്കുന്നു. ഇതിന് കാരണക്കാർ സിനിമാക്കാർ തന്നെയാണ്. 

ഈയിടെ ഒരു ടിവി ചർച്ചയിൽ അഡ്വ ജയശങ്കർ പറയുന്നത് കേട്ടു,"യാതൊരു ഉളുപ്പുമില്ലാത്തവരാണ് സിനിമാക്കാരെന്ന്"..അത് കേട്ട് ഒന്നും പ്രതികരിക്കാതിരിക്കുന്നു അതേ ചർച്ചയിൽ പങ്കെടുത്ത ഒരു സിനിമാ പ്രവർത്തകൻ..ഒരു നിർമ്മാതാവ് പറയുന്നു പെൺകുട്ടിയെ രണ്ട് മണിക്കൂറല്ലേ പീഡിപ്പിച്ചുളളൂ എന്ന്. തന്റെ സഹപ്രർത്തക എന്ന് പോലും ചിന്തിക്കാതെ ഒരു നടൻ പറയുന്നു. നടിയെ നുണപരിശോധനക്ക് വിധേയയയാക്കണമെന്ന്,മറ്റൊരു നടൻ പറയുന്നു നടിയുടെ സൗഹൃദമാണ് ഇതിനെല്ലാം കാരണമെന്ന്.ഇതെല്ലാം കേട്ടിട്ടും നടികൂടി അംഗമായുളള സംഘടന തന്റെ മക്കളെ ശാസിക്കുന്നില്ല...ഇത്രയേറെവേദനയും അപമാനവും സഹിച്ചതും പോരാഞ്ഞിട്ടാണോ ഈ വാക്കുകളിലൂടെ വീണ്ടും വീണ്ടും അവളെ പീഡിപ്പിക്കുന്നത്? പറയാൻ പാടില്ലാത്തത് പറഞ്ഞിട്ട് മാപ്പ് പറഞ്ഞാൽ തീരുമോ അവൾ നേരിടുന്ന വേദന.

ഇപ്പോൾ ആ പെൺകുട്ടിക്ക് വേണ്ടത് ആശ്വാസ വാക്കുകളാണ്.ഞങ്ങളുണ്ട് നിന്നൊടൊപ്പം എന്ന അണച്ച് നിർത്തലാണ്.. 
ഒരു നടൻ പോയിട്ട് ഒരു നടി പോലും ഇവർക്കെതിരെ പ്രതിഷേധമുയർത്തുന്നില്ല. ഇതിനൊന്നും ഞങ്ങൾ മറുപടി പറയേണ്ട കാര്യമില്ല എന്ന രീതിയിൽ മലയാള സിനിമയിലെ മറ്റു സംഘടനകൾ മൗനം പാലിക്കുന്നു. 

വ്യക്തിപരമായി പോലും ആരും അഭിപ്രായം പറയുന്നില്ല.നില നില്പാണ് പലരേയും ഭയപ്പെടുത്തുന്നത് എങ്കിൽ,ഇതാർക്കും സംഭവിക്കാമെന്നത് പലരും വിസ്മരിക്കുന്നു.  നടിയുടെ വിഷയം എന്നതിലുപരി ഇതൊരു സ്ത്രീയുടെ വിഷയമാണ്, സമൂഹത്തേയും സിനിമാലോകത്തേയും ഒരുപോലെ ബാധിക്കുന്ന വിഷയമാണ്..സിനിമാക്കാരെല്ലാം ഒന്നിച്ച് നിന്ന് ആരുടേയും പക്ഷം പിടിക്കാതെ പെൺകുട്ടിക്ക് വേണ്ടി സംസാരിക്കുകയല്ലേ വേണ്ടത്.?

നഷ്ടം പെൺകുട്ടിക്ക് മാത്രമല്ല. ഈ രംഗത്ത് പ്രവർത്തിക്കുന്ന ഓരോരുത്തർക്കുമാണ്. ഈ കലയെ വെറും കച്ചവടമാക്കിയ ഓരോരുത്തരും ഈയവസ്ഥക്ക് ഉത്തരവാദികളാണ്. സിനിമയിൽ നിന്ന് പണവും പ്രശസ്തിയും ഉണ്ടാക്കുമ്പോൾ ആ സിനിമാ ലോകത്തോട് ചലചിത്ര പ്രവർത്തകർക്ക് പ്രതിബദ്ധതകൂടി വേണ്ടേ.?..കുറച്ച് നാളുകളായി പല പല വിഷയങ്ങളുമായി ബന്ധപ്പെട്ട് മലയാള സിനിമാലോകം പ്രതിക്കൂട്ടിലാണ്. പോണവനും വരുന്നവനുമൊക്കെ ചെളി വാരിയെറിയുന്നു.
ഈ രംഗത്ത് തെറ്റുചെയ്യുന്നവരുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടേ.

ഇനിയെങ്കിലും ഈ മൗനം വെടിഞ്ഞ് മലയാളസിനിമയുടെ നെടുംതൂണായി നിൽക്കുന്ന മമ്മൂട്ടിയും മോഹൻലാലും പുതിയ തലമുറയും പൊതു സമൂഹത്തോട്  സംസാരിക്കണം. ഈ പ്രതിസന്ധിയിൽ നിന്ന് മലയാള സിനിമയെ രക്ഷിക്കണം. നമ്മളെല്ലാം ഉണ്ണുന്ന ചോറാണിത്. ആ ചോറിൽ മണ്ണ് വാരിയിടാൻ നാം തന്നെ വഴിവെച്ച് കൊടുക്കരുത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalactressbhagyalakshmiactress attackactress attack case
News Summary - Mammooty and Mohanlal will says open about actress attack case bhagyalakshmi
Next Story