മീ ടൂ: അലൻസിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് VIDEO
text_fieldsതിരുവനന്തപുരം: നടൻ അലൻസിയർ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാരോപിച്ച് നടി ദിവ്യ ഗോപിനാഥ് പരസ്യമായി രംഗത്ത്. ‘മീ ടൂ’ കാമ്പയിെൻറ ഭാഗമായി പേര് വെളിപ്പെടുത്താതെ ദിവ്യ ആരോപണം ഉന്നയിച്ചിരുന്നു. ചൊവ്വാഴ്ച ഫേസ്ബുക്ക് ലൈവിലാണ് നടെൻറ പേര് വെളിപ്പെടുത്തിയത്.
‘ആഭാസം’ സിനിമയുടെ ചിത്രീകരണത്തിനിടെ ഏഴുതവണ അലൻസിയറിൽനിന്ന് ദുരനുഭവമുണ്ടായി. മുറിയിലേക്ക് അനുവാദമില്ലാതെ കയറി കിടക്കയിൽ കിടക്കാൻ ശ്രമിച്ചു. ബഹളം െവച്ചതോടെ തമാശയാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. ഷൂട്ടിങ്ങിനിടെ പലതവണ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അസ്വസ്ഥതയുണ്ടാക്കുംവിധം പെരുമാറുകയും ചെയ്തു. മറ്റൊരു സെറ്റിൽ ‘ആഭാസ’ത്തിൽ അഭിനയിച്ച പെൺകുട്ടികളെക്കുറിച്ച് മോശമായി സംസാരിച്ചതായി അറിഞ്ഞു. ഇതറിഞ്ഞ് അയാളെ ഫോണിൽ വിളിച്ച് ചീത്ത പറഞ്ഞു. അന്ന് തന്നോട് മാപ്പ് പറഞ്ഞു. അറിയാതെ സംഭവിച്ചതാണെന്നും ആവര്‍ത്തിക്കില്ലെന്നും പൊട്ടിക്കരഞ്ഞ് പറഞ്ഞപ്പോള്‍ അയാളുടെ പ്രായത്തെ ബഹുമാനിച്ചാണ് കൂടുതല്‍ നടപടികളിലേക്ക് കടക്കാതിരുന്നത്.
എന്നാല്‍, മറ്റുപല സെറ്റുകളിലും അലന്‍സിയര്‍ പെണ്‍കുട്ടികളോട് ഇങ്ങനെതന്നെ പെരുമാറുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ദിവ്യ പറഞ്ഞു. തെൻറ ലൈംഗിക വൈകൃതം മറച്ചുപിടിക്കുന്നതിനുള്ള മുഖംമൂടിയാണ് അലൻസിയറുടെ പുരോഗമനചിന്തയെന്ന് മനസ്സിലായതായി ദിവ്യ പറഞ്ഞു. താൻ അംഗമല്ലാത്ത താരസംഘടനയായ ‘അമ്മ’ക്ക് പരാതി നല്കിയാല് സംഘടന തെൻറയൊപ്പം നില്‍ക്കുമെന്ന് ഉറപ്പില്ലായിരുന്നു. അവരുടെ അംഗമായ ഒരു കുട്ടിക്ക് നേരിട്ട പ്രശ്നത്തില്‍ ‘അമ്മ’യുടെ നിലപാട് അറിയുന്ന ഒരാളാണ് താൻ. അതുകൊണ്ടാണ് തുറന്നെഴുതിയത്.
ചിലത് സത്യം, മറ്റു ചിലത് അസത്യം –അലൻസിയർ
തിരുവനന്തപുരം: ദിവ്യ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങളിൽ ചിലത് സത്യവും മറ്റു ചിലത് അസത്യവുമാണെന്ന് നടൻ അലൻസിയർ. താരത്തെ ലൈംഗികമായി ഉപദ്രവിക്കാനോ കതക് ചവിട്ടിത്തുറന്ന് മുറിക്കുള്ളിൽ കടക്കാനോ ശ്രമിച്ചിട്ടില്ല. ബംഗളൂരുവിൽ താരങ്ങൾ ഒരു ഹോട്ടലിലായിരുന്നു താമസം. സൗഹാർദാന്തരീക്ഷത്തിൽ അശ്ലീലമോ ദ്വയാർഥപരമോ ആയ കഥകൾ പറഞ്ഞിട്ടുണ്ടാകാം. ആണും പെണ്ണും അടങ്ങിയ കൂട്ടായ്മയുടെ ഭാഗമായ നേരമ്പോക്കുകളിലായിരുന്നു അത്തരം സംഭാഷണം.
ഷൂട്ടിങ് ഇടവേളകളിൽ തെൻറ മുറിയിൽ ആൺകുട്ടികളും പെൺകുട്ടികളും വന്നിരുന്ന് സംസാരിക്കാറുണ്ട്. അതുപോലെ മാത്രമേ ദിവ്യയുടെയും സഹപ്രവർത്തകയുടെയും മുറിയിൽ താനും പോയിട്ടുള്ളൂ. പിന്നീട്, താൻ പറഞ്ഞ ചില കാര്യങ്ങളിൽ അവർക്ക് സങ്കടമായെന്ന് അറിഞ്ഞപ്പോൾ മാപ്പ് പറഞ്ഞു. അതിനുശേഷം സൗഹൃദത്തിലായിരുന്നു. ഒരു കൂട്ടായ്മയുടെ ഭാഗമായി പറയുന്ന തമാശകളെ ലൈംഗികാതിക്രമങ്ങളായി ചിത്രീകരിക്കുമ്പോൾ അയാളുടെ കുടുംബത്തെ എങ്ങനെ ബാധിക്കുമെന്നുകൂടി ചിന്തിക്കണമെന്നും അലൻസിയർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.