മീ ടൂ വെളിപ്പെടുത്തൽ; നടൻ അർജുൻ ചോദ്യം ചെയ്യലിനെത്തിയത് ബി.ജെ.പി എം.എൽ.സിക്കൊപ്പം
text_fieldsബംഗളൂരു: ലൈംഗികാതിക്രമ കേസിൽ നടൻ അർജുനെ ചോദ്യം ചെയ്യലിനായി കബൺ പാർക്ക് പൊലീസ് സ്റ്റേഷനിലെത്തി. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് അർജുൻ മൊഴി നൽകി. രാവിലെയാണ് അർജുൻ സ്റ്റേഷനിലെത്തിയത്. മൊഴി രേഖപ്പെടുത്തുന്നതിനായി സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് പൊലീസ് നോട്ടീസ് അയച്ചത്. ബി.ജെ.പി എം.എൽ.സി തേജസ്വിനി രമേശിനൊപ്പമാണ് അർജുൻ പൊലീസിന് മുന്നിലെത്തിയത്
നടി ശ്രുതി ഹരിഹരെൻറ മീടു വെളിപ്പെടുത്തലിനെതുടർന്ന് അവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കബൺ പാർക്ക് പൊലീസ് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ശ്രുതിയുടെ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ വിശദമായി അർജുനോട് ചോദിച്ചുവെന്നും പൊലീസ് അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ അണ്ണയ്യ റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു രണ്ടുമണിക്കൂർ നീണ്ട ചോദ്യംചെയ്യൽ. ഉണ്ട്, ഇല്ല എന്നതരത്തിലുള്ള മറുപടി നൽകുന്നതിന് 50 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയാണ് അർജുന് നൽകിയത്. എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അർജുൻ നൽകിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്.
കേസ് പരിഗണിക്കുന്ന നവംബർ 14വരെ അർജുനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് അന്വേഷണത്തിെൻറ ഭാഗമായാണ് അർജുനെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ശ്രുതിയുടെ പിന്നിലുള്ളവരെല്ലാം കമ്യൂണിസ്റ്റ് ബന്ധമുള്ളവരാണെന്നും ഇക്കാര്യം പൊലീസ് കണക്കിലെടുക്കണമെന്നും അർജുനൊപ്പമെത്തിയ ബി.ജെ.പി എം.എൽ.സി തേജസ്വിനി രമേശ് പറഞ്ഞു. പ്രകാശ് രാജ്, കവിത ലങ്കേഷ് തുടങ്ങി മോദിയെ എതിർക്കുന്നവരാണ് ശ്രുതിയുടെ പിന്നിലുള്ളതെന്നും ഇവരുടെ ഗൂഢാലോചനയാണ് ഇതെന്നും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.