Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'അമ്മ'യുടേത്...

'അമ്മ'യുടേത് പുരുഷാധിപത്യ വാഴ്ചയുടെ അശ്ലീല ഭാവം -മന്ത്രി തോമസ് ഐസക് 

text_fields
bookmark_border
thomas-issac
cancel

കോഴിക്കോട്: മലയാള സിനിമയിലെ പുരുഷാധിപത്യവാഴ്ച ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക്. വളരെ പ്രസക്തമായ ചോദ്യങ്ങളാണ് താര സംഘടനയോട് വനിതാ കൂട്ടായ്മ ഉന്നയിച്ചിട്ടുള്ളത്. ഇവരുടെ ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള ബാധ്യത താരസംഘടനയെ നയിക്കുന്നവർക്കുണ്ടെന്നും ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

നടനെതിരെയുള്ളത് ഗുരുതര കുറ്റമാണ്. സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകിയെന്ന ഗുരുതരമായ കുറ്റാരോപണം നേരിടുന്ന നടനെ പിന്തുണക്കുന്നു. അതിക്രമത്തെ അതിജീവിച്ച നടിയെ തുടർച്ചയായി അവഹേളിക്കുകയും ചെയ്യുന്നു. ഇത് ഈ സമൂഹം കണ്ടു കൊണ്ടിരിക്കുകയാണെന്നും തോമസ് ഐസക് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 
മലയാള സിനിമയിലെ പുരുഷാധിപത്യവാഴ്ച ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിക്കുകയാണ്. വളരെ പ്രസക്തമായ ചോദ്യങ്ങളാണ് താരസംഘടനയോട് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ ഉന്നയിച്ചത്. ആ ചോദ്യങ്ങളോടു പ്രതികരിക്കാനുള്ള ബാധ്യത താരസംഘടനയെ നയിക്കുന്നവർക്കുണ്ട്. നിർഭാഗ്യവശാൽ ആ ചോദ്യങ്ങൾക്കൊന്നും യുക്തിസഹമായ മറുപടി ലഭിച്ചിട്ടില്ല.

അതിക്രമത്തിന് ഇരയായ നടിയ്ക്ക് താരസംഘടനയിൽ നിന്ന് രാജിവെയ്ക്കേണ്ടി വന്നിരിക്കുകയാണ്. ഈ സാഹചര്യം എങ്ങനെയുണ്ടായി എന്ന് സംഘടന ആത്മപരിശോധന നടത്തണം. ഹീനമായ അതിക്രമത്തിനിരയായിട്ടും താനടങ്ങുന്ന സംഘടനയിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും യാതൊരു പിന്തുണയും ലഭിച്ചില്ലെന്നാണ് അവർ സമൂഹത്തോടു തുറന്നു പറയുന്നത്. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്, താരങ്ങളുടെ കൂട്ടായ്മയുടെ ഉദ്ദേശശുദ്ധി തന്നെയാണ്.

സ്ത്രീവിവേചനത്തിനെതിരെയും തുല്യനീതിയ്ക്കു വേണ്ടിയും വലിയ പോരാട്ടങ്ങൾ നടക്കുന്ന കാലമാണിത്. ആ ഘട്ടത്തിലാണ്, സമൂഹത്തെ ഏറ്റവും സ്വാധീനിക്കുന്ന കലാരൂപമായ സിനിമയുടെ തലപ്പത്തിരിക്കുന്നവർ ക്രൂരമായ സ്ത്രീവിരുദ്ധതയ്ക്ക് കുട പിടിക്കുന്നവരാണെന്ന ആരോപണമുയരുന്നത്. സിനിമാസ്വാദകരും താരങ്ങളുടെ ആരാധകരുമായ വലിയൊരു സമൂഹത്തിനു തെറ്റായ സന്ദേശമാണ് അവർ നൽകുന്നത്.

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകിയെന്ന ഗുരുതരമായ കുറ്റാരോപണം നേരിടുന്ന നടനെ പിന്തുണയ്ക്കുകയും അതിക്രമത്തെ അതിജീവിച്ച നടിയെ തുടർച്ചയായി അവഹേളിക്കുകയും ചെയ്യുന്നത് ഈ സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. ആ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെ മുന്നോട്ടു പോകുന്നത് ഒട്ടേറെ പോരാട്ടങ്ങളിലൂടെ വളർന്നുവന്ന നവോത്ഥാനസമൂഹം പൊറുക്കുകയില്ല.

താരസംഘടന ഒരു ഷോയിൽ അവതരിപ്പിച്ച സ്കിറ്റിനെതിരെയും ഉയർന്ന നിശിത വിമർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സ്ത്രീ ശാക്തീകരണത്തെ പരിഹസിക്കുന്ന ഇത്തരം പേക്കൂത്തുകൾ എങ്ങനെയാണ് ഒരു സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ കഴിയുക? ചിന്താശേഷിയുള്ളവരും ഇതൊക്കെ കാണുന്നുണ്ടെന്ന വിചാരം ഇതിന്റെ സംഘാടകർക്ക് ഇല്ലാതെ പോകുന്നത് കഷ്ടമാണ്.

ഇവിടെ ഞാനാരെയും കുറ്റവിചാരണ നടത്താൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ കോടതിയിൽ ഒരു കുറ്റവിചാരണ നടക്കുന്നുണ്ട്. വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. അക്കാര്യത്തിൽ വിധി പറയേണ്ടത് കോടതിയാണ്. അതാണ് നമ്മുടെ നിയമവ്യവസ്ഥ. ആ വിധിയ്ക്കു മുമ്പ്, താരസംഘടന എങ്ങനെയാണ് നിരപരാധിയെന്ന മുൻവിധിയോടു കൂടി പ്രസ്തുത നടന് അനുകൂലമായ നിലപാടെടുക്കുന്നത്? അതിക്രമത്തെ അതിജീവിച്ച സഹപ്രവർത്തകയിൽ ഈ പ്രവൃത്തിയുണ്ടാക്കുന്ന മാനസികാഘാതം എന്തുകൊണ്ടാണ് താരസംഘടനയെ നയിക്കുന്നവരുടെ പരിഗണനാവിഷയമാകാത്തത്?

ഗുരുതരമായ കുറ്റാരോപണത്തിന് വിധേയനായി നിയമവ്യവസ്ഥയുടെ പ്രതിക്കൂട്ടിൽ നിൽക്കുന്ന ആളിന് താരസംഘടനയിൽ നിന്നു ലഭിക്കുന്ന പിന്തുണയെ സമൂഹത്തിലെ മൂല്യങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാനാവൂ. താരസംഘടനയുടെ നേതാക്കൾക്ക് സമൂഹം നൽകുന്ന സ്ഥാനത്തിന് അതു ഭൂഷണമല്ല. അതുകൊണ്ട് താരസംഘടനയും നേതാക്കളും ആത്മപരിശോധന നടത്തണമെന്നാണ് എന്റെ അഭ്യർത്ഥന.

സാമൂഹികമൂല്യങ്ങളെ വെല്ലുവിളിക്കുന്ന നടപടികൾക്കെതിരെ താരസംഘടനയിൽനിന്നുള്ള രാജിയിലൂടെ പ്രതികരിച്ച ഭാവന, രമ്യാ നമ്പീശൻ, റീമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവർക്ക് ജനാധിപത്യ കേരളത്തിന്റെ പിന്തുണയുണ്ടാകും. തുല്യനീതിയ്ക്കും അവസരസമത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ഏറ്റവും അനിവാര്യമാണ് ഇത്തരം പ്രതികരണങ്ങൾ. ജനാധിപത്യ കേരളത്തിന്റെ എല്ലാ പിന്തുണയും അവർക്കുണ്ടാകണം. ഉണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ammaThomas Issacmalayalam newsmovies newsActress Resignation
News Summary - Minister Thomas Issac React to Actress Resignation in AMMA -Movies News
Next Story